കാണാൻ പോകുന്നത് ഉഗ്രരൂപം ; വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന മഴയില്‍ തിരുവനന്തപുരം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി;അടുത്ത നാല് ദിവസം അഞ്ച് ജില്ലകളിലായി യെല്ലോ അലർട്ട്

സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന മഴയില്‍ തിരുവനന്തപുരം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് മഴക്കെടുതി കൂടുതല്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളെയാണ് മഴ കൂടുതല്‍ ബാധിച്ചത്. ഈ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശവുമുണ്ട്.
വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിലായി ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിന്‍റെ ഭാഗമായി അടുത്ത നാല് ദിവസം അഞ്ച് ജില്ലകളിലായി യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മെയ് 22 : പത്തനംതിട്ട ,ആലപ്പുഴ,ഇടുക്കി.
മെയ് 24 : ആലപ്പുഴ,മലപ്പുറം.
മെയ് 25 : മലപ്പുറം,വയനാട്.
മെയ് 26 : കോഴിക്കോട്,വയനാട്
എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനിൽക്കുക. ഒറ്റപ്പെട്ടയിടങ്ങളിൽ ദിവസം 64.5 എംഎം മുതൽ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. യെല്ലോ അലർട്ട് പ്രകാരം ജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സൗകര്യങ്ങളൊരുക്കി ജാഗ്രത പാലിക്കേണ്ടതാണ്.
കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. നാലു ഷട്ടറുകള്‍ 1.25 മീറ്റര്‍ വീതവും അഞ്ചാമത്തെ ഷട്ടര്‍ ഒരു മീറ്ററുമാണ് തുറന്നത്. ഷട്ടര്‍ തുറന്നതു മൂലം കരമനയാറ്റില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. ആനാട് പഞ്ചായത്തില്‍ വീടുകളിലും കടകളിലും വെള്ളം കയറി.
തിരുവനന്തപുരത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ചിറ്റാറും കിള്ളിയാറും കരകവിഞ്ഞൊഴുകുകയാണ്. നെടുമങ്ങാട്, കുറ്റിച്ചല്‍, കോട്ടൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പലയിടത്തും വെള്ളം കയറി. തലസ്ഥാന നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടുകളാണ്. അജന്ത തീയറ്റര്‍ റോഡ് വെള്ളത്തിനടിയിലായി.
കാരാപ്പുഴ ഡാമിലെ ഷട്ടറുകള്‍ ശനിയാഴ്ച തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം ശനിയാഴ്ച രാവിലെ 11ന് തുറന്ന് വിടാനാണ് തീരുമാനിച്ചിരിക്കുന്നത്. സമീപത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാരാപ്പുഴ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
സംസ്ഥാനദുരന്തനിവാരണ അതോറിറ്റി പ്രഖ്യാപിച്ച ഇടിമിന്നൽ ജാഗ്രതാ മുന്നറിയിപ്പ് ഇങ്ങനെ:
കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്;
- ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
പൊതു നിര്‍ദ്ദേശങ്ങള്‍;
- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
- മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
- ജനലും വാതിലും അടച്ചിടുക.
- ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
- ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
- ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
- കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
- വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
- വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
- ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
- പട്ടം പറത്തുവാൻ പാടില്ല.
- തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
- ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
- ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും ശ്രദ്ധിക്കണം. മഴമേഘം കണ്ടാൽ തുറസ്സായ സ്ഥലത്തേക്ക് പോകരുത്.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്.
https://www.facebook.com/Malayalivartha


























