പാമ്പിനെ ഉപയോഗിച്ച് കൊല നടത്തുന്നത് സൂരജ് കണ്ടു പഠിച്ചത് യുട്യൂബില്‍ നിന്നും...!
പാമ്പ് പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ യുട്യൂബില്‍ കണ്ടാണ് ഭാര്യ അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര(25)യെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചുകൊല്ലാനുള്ള പദ്ധതി സൂരജ് തയാറാക്കിയതെന്നു പൊലീസ്. ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ സൂരജ് കുറ്റം പുര്‍ണമായും നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തോടെ സൂരജ് സംശയനിഴലില്‍ ആയി.
കൊലയ്ക്ക് ആസൂത്രണം തുടങ്ങിയതോടെ ആദ്യം ആശ്രയിച്ചത് യുട്യൂബിനെ. പാമ്പിനെ പരിശീലിപ്പിക്കുന്നതും പാമ്പിനെ കൊണ്ട് കൊത്തിക്കുന്നതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ പലതവണ കണ്ടു. അങ്ങനെയാണ് ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാം എന്ന വിചിത്ര പദ്ധതി നിശ്ചയിക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്യുന്നതിന് മുന്‍പ് തന്നെ പാമ്പിനെ ഇഷ്ടപ്പെടുന്നയാളായിരുന്നു സൂരജ്.
കസ്റ്റഡിയിലെടുത്തതിനു പിന്നാലെ സൂരജിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതോടെ പാമ്പ് പരിശീലന ദൃശ്യങ്ങള്‍ കണ്ടതായി വ്യക്തമായി. ഇത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരമില്ലാതായതോടെ സൂരജിനെതിരായ ആദ്യ തെളിവായി. രണ്ട് മാസത്തിനിടെ പാമ്പ് പിടുത്തക്കാരന് സുരേഷിനെ മുപ്പതിലേറെ തവണ ഫോണ്‍ വിളിച്ചെന്ന സൈബര്‍ സെല്‍ കണ്ടെത്തലും മറ്റൊരു തെളിവായി.
അങ്ങനെയാണ് പാമ്പ് പിടുത്തക്കാരന് സുരേഷിനെ പോലീസ് ചോദ്യം ചെയ്തത്. ആദ്യ ചോദ്യം ചെയ്യലില്‍ തന്നെ സുരേഷ് കുറ്റം സമ്മതിച്ചു. രണ്ട് തവണ സൂരജിന് പാമ്പിനെ നല്‍കിയെന്ന് പറഞ്ഞതോടെ കള്ളമൊഴികളെല്ലാം പൊളിഞ്ഞു. ഒടുവില്‍ കൊല്ലം റൂറല്‍ ജില്ലാ ക്രൈ ബ്രാഞ്ച് ഡിവൈ. എസ്. പി അശോകന്റെ നേതൃത്വത്തില്‍ തെളിവ് നിരത്തി ചോദിച്ചതോടെ ഭാര്യയെ കൊന്ന കഥ സൂരജ് ഏറ്റു പറഞ്ഞു.
ഒടുവില്‍ വനം വകുപ്പ് നിയമ പ്രകാരവും കേസ് എടുത്ത് കുരുക്കു മുറുക്കി. തെളിവുകള്‍ ഇനി കോടതിയില്‍ തെളിയിക്കുന്നതാണ് വെല്ലുവിളി.
https://www.facebook.com/Malayalivartha