കൊവിഡ് 19 വ്യാപനത്തിന്റെ തീവ്രത ദിനം തോറും കേരളത്തിലും വര്ദ്ധിച്ചു വരുന്നു... പാലക്കാട് ഇന്ന് മുതല് നിരോധനാജ്ഞ; പരീക്ഷകള് മുന്നിശ്ചയിച്ച പ്രകാരം നടക്കുമെങ്കിലും ലോക്ക് ഡൗണ് ഇളവുകളുടെ മറവില് ആളുകള് സംഘം ചേരുന്നതിന് വിലക്കുണ്ട്, നിയന്ത്രണങ്ങള് ഇങ്ങനെ...

കൊവിഡ് 19 വ്യാപനത്തിന്റെ തീവ്രത ദിനം തോറും കേരളത്തിലും വര്ദ്ധിച്ചുവരികയാണ്. പ്രവാസികള് നാട്ടിലെത്തി തുടങ്ങിയപ്പോള് അസാധാരണമായ രീതിയിലാണ് കേസുകള് വര്ദ്ധിക്കുന്നുണ്ട്, ഈ സ്ഥിതി കണക്കിലെടുത്ത് പാലക്കാട് ഇന്ന് മുതല് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പരീക്ഷകള് മുന്നിശ്ചയിച്ച പ്രകാരം നടക്കുമെങ്കിലും ലോക്ക് ഡൗണ് ഇളവുകളുടെ മറവില് ആളുകള് സംഘം ചേരുന്നതിന് വിലക്കുണ്ട്. കഴിഞ്ഞദിവസം ഉത്തരവിറങ്ങിയെങ്കിലും ഇന്ന് മുതലാണ് നിയന്ത്രണങ്ങള് പ്രാബല്യത്തില് വരിക.
കൊവിഡ് മുക്തമായതിന് ദിവസങ്ങള്ക്ക് ശേഷം വീണ്ടും പാലക്കാട് രോഗവ്യാപനം തീവ്രമാവുകയാണ്. മുന്കരുതലിന്റെ ഭാഗമായാണ് ലോക്ക് ഡൗണ് നിര്ദ്ദേശങ്ങള് ശക്തമാക്കുന്നതു നിരോധനാജ്ഞ പ്രഖ്യാപിച്ചതും. മുന്കൂട്ടി നിശ്ചയിച്ച പ്രകാരം പത്താംക്ലാസ്, പ്ലസ് ടു പരീക്ഷകള് നടക്കും. ഇതിനാവശ്യമായ സജ്ജീകരണങ്ങളെല്ലാം ജില്ലാഭരണകൂടം ഒരുക്കും. നാലാളുകളില് കൂടുതല് പൊതുസ്ഥലത്ത് സംഘം ചേരരുത്. ലോക്ക് ഡൗണ് ഇളവില് തുറന്നു പ്രവര്ത്തിച്ച കടകള്ക്കും സ്ഥാപനങ്ങള്ക്കും അത് തുടരാം. പക്ഷേ, ആളുകളുടെ എണ്ണം കൂടരുത്. സാമൂഹിക അകലം പാലിക്കണം. വ്യാപാര സ്ഥാപനങ്ങളില് കൂടുതല് പരിശോധന സംവിധാനങ്ങള് ഒരുക്കും. നിര്ദേശങ്ങള് പാലിക്കാത്തവര്ക്കെതിരെ കട അടച്ചുപൂട്ടുന്നതുള്പ്പടെയുള്ള നടപടികള് സ്വീകരിക്കാനാണ് തീരുമാനം. എട്ട് ഹോട് സ്പോട്ടുകളാണ് നിലവില് ജില്ലയിലുളളത്.
കരുതല് മേഖലയിലേക്കുളള ഗതാഗതം അവശ്യസേവനങ്ങള്ക്ക് മാത്രം. വാളയാര് അതിര്ത്തി വഴി റെഡ്സോണ് മേഖലയില് നിന്നുള്പ്പെടെ ദിവസവും ശരാശരി രണ്ടായിരത്തിനോടടുത്ത് ആളുകളാണ് കടന്നുവരുന്നത്. നിലവില് സായുധ പൊലീസിന്റെയും ആരോഗ്യപ്രവര്ത്തകരുടെയും കനത്ത ജാഗ്രത അതിര്ത്തിയിലുണ്ട്. ആവശ്യമെങ്കില് ഇത് കൂട്ടാനും ആലോചനയുണ്ട്. ഈ മാസം 31വരെയാണ് ജില്ലയില് നിരോധനാജ്ഞ.
അതേസമയം വൈറസ് വ്യാപനം വര്ധിക്കുന്ന സാഹചര്യത്തില് കോവിഡ് ചികിത്സയ്ക്കായി കേരളത്തില് നിന്ന് ഡോക്ടര്മാരേയും നേഴ്സുമാരേയും ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്ക്കാര്. ഇക്കാര്യം ഉന്നയിച്ച് മഹാരാഷ്ട്ര മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടര് ടിപി ലഹാനെ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് കത്തയച്ചു. വിദഗ്ധരായ 50 ഡോക്ടര്മാരേയും 100 നഴ്സുമാരേയും അയക്കണമെന്നാണ് മഹാരാഷ്ട്രയുടെ ആവശ്യം. ഇത്രയും ആരോഗ്യപ്രവര്ത്തകരെ മുംബൈ, പുണെ എന്നിവിടങ്ങളിലേക്ക് അയക്കണമെന്നാണ് കത്തിലൂടെ മഹാരാഷ്ട്ര കേരളത്തോട് ആവശ്യപ്പെട്ടത്.
അതിനിടെ തനെയില് നിന്നും ഞായറാഴ്ച വൈകുന്നേരം പുറപ്പെടാനിരുന്ന ശ്രമിക് തീവണ്ടി കേരളത്തിന്റെ എതിര്പ്പിനെത്തുടര്ന്ന് അവസാന നിമിഷം റദ്ദാക്കി. യാത്രക്കാര്ക്ക് പലര്ക്കും ഇ പാസ് ഇല്ലെന്നും ക്വാറന്റീന് സൗകര്യം ഒരുക്കാന് കൂടുതല് സമയം വേണമെന്നും കേരളം ആവശ്യപ്പെട്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























