അയല് ജില്ലകളിലേക്ക് ഉടന് ബസ് സര്വീസ് ആരംഭിക്കും, എല്ലാ സീറ്റിലും യാത്രക്കാര്, ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയതു പിന്വലിച്ചു

വിമാനത്തിലും ട്രെയിനിലും അകലവ്യവസ്ഥ നടപ്പാക്കാത്തതിനാല്, അയല് ജില്ലകളിലേക്ക് ഉടന് ബസ് സര്വീസ് ആരംഭിക്കാനും ബസില് എല്ലാ സീറ്റിലും ഇരുന്നു യാത്ര ചെയ്യാന് അനുവദിക്കാനും സംസ്ഥാന സര്ക്കാര് തീരുമാനിച്ചു. ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയതു പിന്വലിച്ചു. കണ്ടെയ്ന്മെന്റ് സോണുകളില് 24 മണിക്കൂറും കര്ഫ്യൂ ഏര്പ്പെടുത്താനും തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കാറില് ഡ്രൈവര്ക്കു പുറമേ 3 പേര്ക്കു യാത്ര ചെയ്യാം. ഓട്ടോറിക്ഷയില് 2 യാത്രക്കാരാകാം. ആരാധനാലയങ്ങള്, ഹോട്ടലുകള് തുടങ്ങിയവ സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിര്ദേശം കേന്ദ്രത്തെ അറിയിക്കും.
മറ്റു ക്ഷേത്രങ്ങളില് നേരത്തേ തന്നെ അനുമതിയുള്ളതുപോലെ ഗുരുവായൂര് ക്ഷേത്രത്തിലും 50 പേരെ പങ്കെടുപ്പിച്ച് വിവാഹച്ചടങ്ങ് നടത്താം. വളരെയേറെ വിവാഹങ്ങള് ഇല്ലെന്ന് ദേവസ്വം ഉറപ്പാക്കണം. കല്യാണമണ്ഡപങ്ങളിലും മറ്റു ഹാളുകളിലും 50 പേരെ പങ്കെടുപ്പിച്ച് വിവാഹമാകാം.
സുരക്ഷാ മാനദണ്ഡങ്ങള് സ്റ്റുഡിയോയ്ക്ക് അകത്തും ഇന്ഡോര് ലൊക്കേഷനുകളിലും പാലിച്ച് സിനിമാ ഷൂട്ടിങ് ആകാം. പുറത്തുപാടില്ല. 50 പേരിലേറെ പാടില്ല. ചാനലുകളുടെ ഇന്ഡോര് ഷൂട്ടിങ്ങില് പരമാവധി 25 പേര്.
സംസ്ഥാനത്തിനു പുറത്തുനിന്നു വരുന്നവര്ക്കു റജിസ്ട്രേഷനും യാത്രാ പാസും തുടരും. വിദ്യാലയങ്ങള് ജൂലൈയിലോ അതിനു ശേഷമോ തുറന്നാല് മതിയെന്ന അഭിപ്രായം കേന്ദ്രത്തെ അറിയിക്കും. മറ്റു സംസ്ഥാനങ്ങളില് നിന്നെത്തി യോഗങ്ങളിലും മറ്റും പങ്കെടുത്ത് ഒരാഴ്ചയ്ക്കകം മടങ്ങുന്ന വിമാന യാത്രക്കാര്ക്കു ക്വാറന്റീന് ഒഴിവാക്കാനുള്ള തീരുമാനം ട്രെയിനില് എത്തുന്നവര്ക്കും ബാധകമാക്കി. ഒരാഴ്ചയ്ക്കുള്ളിലുള്ള റിട്ടേണ് ടിക്കറ്റ് എടുത്തിരിക്കണം.
ഈ മാസം 30 വരെ കണ്ടെയ്ന്മെന്റ് സോണുകളില് 24 മണിക്കൂറും കര്ഫ്യൂവിനു സമാനമായ സമ്പൂര്ണ ലോക്ഡൗണ് ആയിരിക്കും. ചികിത്സാ ആവശ്യങ്ങള്ക്കും കുടുംബാംഗങ്ങളുടെ മരണവുമായി ബന്ധപ്പെട്ടും മാത്രമേ യാത്ര അനുവദിക്കൂ. ഇതിനായി അടുത്ത പൊലീസ് സ്റ്റേഷനില് നിന്നു പാസ് വാങ്ങണം.
https://www.facebook.com/Malayalivartha



























