ക്വാറന്റീനില് ഇരിക്കേണ്ടയാള് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്ക്കത്തെച്ചൊല്ലി പരാതി നല്കാനെത്തി, കയ്യോടെ പിടികൂടി ക്വാറന്റീനിലാക്കി!

തൃശൂര് കൊരട്ടി ചെറുവാളൂര് സ്വദേശിയായ നാല്പ്പത്തിയഞ്ചുകാരന് കോയമ്പത്തൂരില് പോയിവന്ന കാര്യം മറച്ചുവച്ച് പരാതിയുമായി റൂറല് പൊലീസ് മേധാവിയുടെ ഓഫിസിലെത്തി കുടുങ്ങി.
പരാതി സ്വീകരിച്ച ശേഷം റൂറല് പൊലീസ് മേധാവി ആര്. വിശ്വനാഥ് വിശദാംശങ്ങള് ചോദിച്ചറിയുന്നതിനിടെ തമിഴ്നാട് യാത്രയുടെ കാര്യം ഇയാള് അബദ്ധത്തില് വെളിപ്പെടുത്തുകയായിരുന്നു. 'നിങ്ങള് ക്വാറന്റീനില് ഇരിക്കേണ്ടതല്ലേ' എന്ന ചോദ്യത്തിനു മുന്നില് ചെറുവാളൂര് സ്വദേശി കുടുങ്ങി. ഇയാളെ ക്വാറന്റീനില് പ്രവേശിപ്പിക്കാന് ആരോഗ്യവകുപ്പിനു കൈമാറി. ക്വാറന്റീന് ലംഘനത്തിനു കേസെടുക്കാനും സാധ്യതയുണ്ട്. ഒരാഴ്ച മുന്പാണ് ഇയാള് ബൈക്കില് കോയമ്പത്തൂരിലേക്കു പോയത്. പ്രധാന പാതകള് ഒഴിവാക്കി ഊടുവഴിയിലൂടെയായിരുന്നു യാത്രയെന്നറിയുന്നു.
നാട്ടില് തിരിച്ചെത്തിയ ശേഷം ഒരു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്ക്കത്തെച്ചൊല്ലി പരാതി നല്കാനാണ് ഇയാള് റൂറല് പൊലീസ് മേധാവിയുടെ ഓഫിസിലെത്തിയത്. ഫ്രണ്ട് ഓഫിസിലെത്തിയ ശേഷം പൊലീസ് മേധാവിയെ നേരിട്ടു കാണാന് ഇയാള് അനുവാദം വാങ്ങി. തമിഴ്നാട് യാത്ര നടത്തിയിരുന്നു എന്ന വിവരം മറച്ചുവച്ചാണ് സന്ദര്ശനാനുമതി തരപ്പെടുത്തിയത്. ഇയാള് മാസ്ക് ധരിച്ചിരുന്നു. കൈകള് അണുവിമുക്തമാക്കിയെന്നുറപ്പാക്കിയ ശേഷമാണ് പൊലീസ് ഇയാളെ മേധാവിയുടെ ഓഫിസിലേക്കു കടത്തിവിട്ടത്.
പരാതിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള് പറയുന്നതിനിടെ ഒരാഴ്ച മുന്പു കോയമ്പത്തൂരില് പോയിരുന്നതായി ഇയാള് അബദ്ധത്തില് പറഞ്ഞുപോയി. ഉടന് ആരോഗ്യ വകുപ്പ് സംഘത്തെ വിളിച്ചു വരുത്തിയ ശേഷം റൂറല് പൊലീസ് മേധാവി തന്നെ ഇയാളെ കൈമാറി. ഓഫിസ് മുഴുവന് അണുവിമുക്തമാക്കി. ഇയാള്ക്കു കോവിഡ് ലക്ഷണങ്ങളില്ലെന്നാണ് പ്രാഥമിക വിവരം.
https://www.facebook.com/Malayalivartha



























