സ്വർണവും രൂപയുമായി ബാങ്കിൽ നിന്നും ഇറങ്ങിയ മോഹനൻ പോയതെങ്ങോട്ട് ? ആ തിരോധാനത്തിന് 25 ദിവസം; സേനയിലെ വിദഗ്ധരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യ

50 പവനും 50,000 രൂപയുമായി ബാങ്കിൽ നിന്നിറങ്ങിയ ആളെ സ്കൂട്ടറുമായി റോഡിൽ നിന്ന് കാണാതായിട്ട് ഇപ്പോൾ 25 ദിവസം പിന്നിട്ടു. കുളപ്പട സുവർണ നഗർ ഏഥൻസിൽ കെ.മോഹനനെയാണ് ഇരുപത്തഞ്ചു ദിവസമായി പോലീസും കുടുംബവും തിരയുന്നത്. മോഹനന്റെ തിരോധാനത്തിൽ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ് ഇപ്പോൾ .അതോടെ ഭർത്താവിനെ കണ്ടെത്താൻ സേനയിലെ വിദഗ്ധരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യ എൽ.സുധ കുമാരി മുഖ്യമന്ത്രിക്കു പരാതി നൽകിയിരിക്കുകയാണ് .
കഴിഞ്ഞ 8 ന് രാവിലെ 7.50 ന് പതിവു പോലെ മോഹനൻ വീട്ടിൽ നിന്നു പുറപ്പെട്ടു. ഭാര്യാ സഹോദരൻ നടത്തുന്ന ഫിനാൻസ് സ്ഥാപനത്തിലെ സ്വർണം പേരൂർക്കട സർവീസ് സഹകരണ ബാങ്കിൽ പണയം വച്ചു. തുടർന്ന് ബാങ്കിൽ നിന്ന് പഴയ പണയം തിരികെ എടുത്ത് കെഎൽ 21 പി 2105 സ്കൂട്ടറിൽ തിരികെ ഫിനാൻസ് സ്ഥാപനത്തിലേക്ക്. 11.09 ന് കരകുളം പഞ്ചായത്ത് ഓഫിസിന് എതിർ വശത്തെ കടയുടെ സിസിടിവി ദൃശ്യങ്ങളിൽ വരെ യാത്ര വ്യക്തം. അതിന് ശേഷം എങ്ങോട്ട് പോയി എന്നതിൽ അജ്ഞാതം.
രണ്ട് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ 5 ടീം ആയി തിരിഞ്ഞായിരുന്നു പൊലീസ് അന്വേഷണം. അഴീക്കോട്, കരകുളം ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ടവർ, ഫോൺ കോളുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി . മൂന്നാം ദിവസം കരകുളത്തു നിന്ന് സിസിടിവി ദൃശ്യം കിട്ടിയെങ്കിലും പിനീടുള്ള അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ലോക് ഡൗൺ സഞ്ചാര നിയന്ത്രണമുള്ള സമയത്താണ് മോഹനനെ കാണാതാകുന്നത് .
കാണാതായ ദിവസം രാവിലെ 11 മണിയോടെ അഴിക്കോട്, കരകുളം ഭാഗങ്ങളിൽ ഒരു മണിക്കൂറോളം വൈദ്യുതി ഇല്ലാതായത് അന്വേഷണത്തിന് തിരിച്ചടിയായതെന്ന് പൊലീസ് പറയുന്നു . ഇല്ലെങ്കിൽ സമീപത്തെ കടകളുടെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു മോഹനന്റെ യാത്രയുടെ ദിശ മനസ്സിലാക്കാൻ സാധിക്കുമായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം
കവർച്ചയുടെ സാധ്യതയാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. ഇതിനായി മോഹനൻ ബാങ്കിൽ നിന്ന് ഇറങ്ങിയതിനു ശേഷം ഒപ്പം സഞ്ചരിച്ച വാഹനങ്ങളുടെ വിവരങ്ങളെല്ലാം ശേഖരിച്ചാണ് അന്വേഷണം നടത്തുന്നത് . ഇതിൽ പലരെയും വിളിച്ചു വരുത്തി വിവരങ്ങൾ ചോദിച്ചു. കൂടാതെ മോഹനന്റെ പതിവ് യാത്രയിൽ ഏതെങ്കിലും വാഹനം പിൻതുടർന്നിട്ടുണ്ടോ എന്ന് പൊലീസ് വിശദമായി തിരയുകയാണ്. 13 വർഷമായി തുടരുന്ന യാത്രയിൽ മോഹനന്റെ കയ്യിൽ പണവും സ്വർണവും ഉണ്ടാകുമെന്ന് ചിലർക്കെങ്കിലും അറിയാമെന്നാണ് പൊലീസ് കരുതുന്നു. അതേ സമയം ഏറെ തിരക്കുള്ള തെങ്കാശി പാതയിൽ ഒരാളെ രാവിലെ തട്ടിക്കൊണ്ടു പോകാൻ കഴിയില്ലെന്നും പൊലീസ് പറയുന്നുണ്ട് . മോഹനൻ ഒളിവിൽ പോയിട്ടുണ്ടെങ്കിൽ കുടുംബം, ഉറ്റ സുഹൃത്തുക്കൾ എന്നിവരിൽ ആരോടെങ്കിലും ഇതിനിടയിൽ ബന്ധപ്പെടേണ്ട സമയം കഴിഞ്ഞെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടൽ.
https://www.facebook.com/Malayalivartha



























