കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തില് ജനങ്ങള് പുലിയുടെ ആക്രമണ ഭീതിയില്

ചക്കിട്ടപാറ പഞ്ചായത്തില് കഴിഞ്ഞ രാത്രി പുലി ഇറങ്ങിയതായി അഭ്യൂഹം. 3-ാം വാര്ഡിലെ ചെമ്പനോട പുത്തരിപ്പാറയില് തേരകത്തിങ്കല് ജേക്കബ് ചെറിയാന്റെ വീട്ടില് തിങ്കളാഴ്ച പുലര്ച്ചെ ഒരു മണിയോടെ ശബ്ദം കേട്ട് കര്ഷകന് എത്തുമ്പോള് കൂട്ടില് കെട്ടിയിരുന്ന ആടുകളെ ചത്ത നിലയിലാണ് കണ്ടത്. 4 ആടുകളെയാണു വന്യജീവി ആക്രമിച്ചത്. 3 ആടുകള് ചത്തു. ഒന്നിന് ഗുരുതരമായ പരുക്കേറ്റ് ചോര വാര്ന്ന നിലയിലായിരുന്നു. ആടുകളുടെ കഴുത്തിനാണു പരുക്ക്.
പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് അധികൃതര് കൃഷിയിടത്തില് പുലിയുടേതെന്നു കരുതുന്ന കാല്പാടുകള് കണ്ടെത്തി. ആലമ്പാറ വനമേഖലയില് നിന്നാണ് ജനവാസ കേന്ദ്രത്തിലേക്ക് വന്യമൃഗങ്ങള് ഇറങ്ങുന്നത്. ഒരു വര്ഷം മുന്പ് ചെമ്പനോടയില് കടുവ ഇറങ്ങിയതായും സംശയം ഉയര്ന്നിരുന്നു. 6 മാസം മുന്പ് പുലി ഇറങ്ങിയെന്നും ഒരു പോത്തുകുട്ടിയെ കാണാതായതെന്നും ജനങ്ങള് പറയുന്നുണ്ട്.
ചെമ്പനോട പ്രദേശത്ത് കൃഷിയിടത്തില് ആന, പന്നി, മരപ്പട്ടി, കീരി എന്നിവയുടെ ശല്യം രൂക്ഷമാണ്. വന്യമൃഗങ്ങള് വ്യാപകമായി കൃഷി നശിപ്പിക്കുന്നതും പതിവാണ്. ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്നതിനാല് ജനങ്ങളുടെ ആശങ്കയകറ്റാന് അധികൃതര് നടപടിയെടുക്കണമെന്ന് സംയുക്ത കര്ഷക സമിതി നേതാക്കള് ആവശ്യപ്പെട്ടു.
പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസര് അഖില് നാരായണന്,ഡപ്യൂട്ടി റേഞ്ചര് കെ.ഷാജീവ്,എസ്എഫ്ഒ എം.കെ.പത്മനാഭന്,ബിഎഫ്ഒ എം.ദേവാനന്ദന് എന്നിവര് പരിശോധന നടത്തി. ചെമ്പനോട മേഖലയില് രാത്രികാല പട്രോളിങ് ഊര്ജിതമാക്കുമെന്നും നിരീക്ഷണം ശക്തമാക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര് അറിയിച്ചു.
കര്ഷകന് നഷ്ടപരിഹാരം അടിയന്തരമായി നല്കണമെന്നും, വന്യജീവി ഭീതി ഒഴിവാക്കാന് വനം വകുപ്പ് ഇടപെടണമെന്നും ചെമ്പനോട മേഖല കര്ഷക സംരക്ഷണ സമിതി ഓണ്ലൈന് യോഗം ആവശ്യപ്പെട്ടു. കെ.എ.ജോസുകുട്ടി അധ്യക്ഷത വഹിച്ചു.
https://www.facebook.com/Malayalivartha



























