കൊവിഡില് പഠനം വഴിമുട്ടരുത്; സ്വന്തം വയനാട്ടിലെ ആദിവാസി കുട്ടികള്ക്ക് പഠനത്തിനായുള്ള എല്ലാ സൗകര്യങ്ങളും എത്തിച്ചുനല്കാന് വയനാട് എംപി രാഹുല് ഗാന്ധി; മുഖ്യമന്ത്രിക്കും കലക്ടര്ക്കും കത്തയച്ചു

മലപ്പുറത്ത് ഓണ്ലൈന് ക്ലാസ് നഷ്ടമായതില് ദേവിക എന്ന പത്താം ക്ലാസ്സുകാരി ആത്മഹത്യ ചെയ്തതിനെ തുടര്ന്ന് തന്റെ മണ്ഡലത്തിലെ ആദിവാസി വിദ്യാര്ത്ഥികള്ക്ക്, ആദിവാസി കുട്ടികള്ക്ക് ഓണ്ലൈന് പഠനത്തിനുവേണ്ട സഹായവും നല്കുമെന്നുള്ള വാഗ്ദാനവുമായി രാഹുല്ഗാന്ധി. ഇതിനുള്ള എല്ലാ ഡിജിറ്റല് സാമഗ്രികളും വിദ്യാര്ത്ഥിക്കു നല്കും. ഭൗതിക സാഹചര്യം ഒരുക്കും. വേണ്ട സാമഗ്രികളുടെ വിവരങ്ങള്ക്കായി മുഖ്യമന്ത്രിക്കും കലക്ടര്ക്കും കത്തയച്ചു.
വയനാട്ടില് ആദിവാസി വിഭാഗങ്ങളിലെ കുട്ടികള്ക്ക് ഓണ്ലൈന് വിദ്യാഭ്യാസം എത്തിക്കല് വലിയ വെല്ലുവിളിയായി സര്ക്കാരിനു മുന്നില് നില്ക്കുമ്പോഴാണ് രാഹുല് ഗാന്ധിയുടെ സഹായ വാഗാദാനം. ജില്ലയിലെ 700 കോളനികളില് വൈദ്യുതി ഉള്പ്പെടെയുള്ള ഭൗതിക സൗകര്യങ്ങളില്ലെന്ന് ട്രൈബല് വകുപ്പിന്റെ കണ്ടെത്തല്. ഒരാഴ്ചക്കുള്ളില് പരമാവധി സ്ഥലങ്ങളില് ബദല് സംവിധാനം ഒരുക്കാന് വിവിധ വകുപ്പുകള് ശ്രമം തുടങ്ങി.
മേപ്പാടി നെടുമ്പാലയില് ആദിവാസിവിഭാഗക്കാര് താമസിക്കുന്ന ഇടമാണിത്. പതിനഞ്ചു കുട്ടികളുണ്ട്. ആദ്യ ദിനത്തെ ക്ലാസിനെപ്പറ്റി ഇവര് അറിഞ്ഞിട്ടു പോലുമില്ല. ജില്ലയിലുള്ളത് 3000 ആദിവാസി കോളനികള്. ട്രൈബല് വകുപ്പ് സര്വേ പ്രകാരം 700 കോളനികളില് ഓണ്ലൈന് പഠനത്തിനുള്ള അടിസ്ഥാന സൗകര്യമില്ല. 600 ടിവികളും അനുബന്ധകാര്യങ്ങളും വേണം. വൈദ്യുതി ബന്ധവും ഇന്റര്നെറ്റ് സൗകര്യവും ഇല്ലാത്ത കോളനികളിലെ കുട്ടികള്ക്കാണ് കൂടുതല് ബുദ്ധിമുട്ട്. വിദ്യാര്ഥികള്ക്ക് യാത്രസൗകര്യം ഒരുക്കുന്ന ഗോത്രസാരഥി പദ്ധതി ഉപയോഗപ്പെടുത്താനാണ് ഒരു തീരുമാനം. ജില്ലയില് 241 മെന്റര്മാരും 360 പ്രൊമോട്ടര്മാരുമാണ് ഉള്ളത്. ഓണ്ലൈന് പഠനം എത്തിക്കേണ്ടത് 28000 കുട്ടികളിലേക്കും. മുന് വര്ഷങ്ങളില് കൊഴിഞ്ഞു പോക്കായിരുന്നു പ്രശ്നമെങ്കില് പുതിയ വെല്ലുവിളികളെയാണ് ഇക്കുറി തരണം ചെയ്യേണ്ടത്.
വളാഞ്ചേരി ഇരിമ്പിളിയത്ത് ആത്മഹത്യ ചെയ്ത പത്താം ക്ലാസ്സുകാരി ദേവിക ഓണ്ലൈന് ക്ലാസ്സില് പങ്കെടുക്കാന് സാധിക്കാത്തതിനെ തുടര്ന്ന് മനഃപ്രയാസത്തിലായിരുന്നുവെന്ന് വെളിപ്പെട്ടിരുന്നു. ഓണ്ലൈന് ക്ലാസ്സുകള് തുടങ്ങുന്നുണ്ടെന്ന വിവരം ദേവിക അറിഞ്ഞിരുന്നു. ഇക്കാര്യം അമ്മയോട് സംസാരിച്ചു. കേടായ ടി.വി നന്നാക്കാന് കഴിഞ്ഞിരുന്നില്ല. സ്മാര്ട്ട്ഫോണില്ലാത്തതും കുട്ടിയെ അസ്വസ്ഥയാക്കിയിരുന്നു. അടുത്ത ദിവസങ്ങളില് ടിവി ശരിയാക്കാം എന്നായിരുന്നു അമ്മയുടെ മറുപടി. എന്നാല് ആദ്യ ദിവസത്തെ ക്ലാസ്സ് മുടങ്ങിയ വിഷമം ദേവികയ്ക്ക് ഉണ്ടായിരുന്നു. രാവിലെ മുതല് ആരോടും സംസാരിക്കാതെയിരുന്നു. ഉച്ചയോടെ ദേവികയെ കാണാതായി.
ഉറങ്ങുകയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ വീടിനുള്ളില് കത്തിക്കരിഞ്ഞ നിലയില് ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. ദേവികയുടെ ആത്മഹത്യാ കുറിപ്പ് വീടിനുള്ളില്നിന്നു കണ്ടെത്തി. നോട്ട്ബുക്കില് 'ഞാന് പോകുന്നു' എന്നു മാത്രമാണ് കുട്ടി കുറിച്ചിരിക്കുന്നത്.
സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബമാണ് ദേവികയുടേതെന്ന് അധ്യാപകന് പറഞ്ഞു. ദളിത് കോളനിയിലാണ് താമസിക്കുന്നത്. ലോക്ക്ഡൗണ് കാലത്തു വളരെ ദുരിതം അനുഭവിച്ചിരുന്നു ഈ കുടുബം. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്ന്ന് പണിക്കു പോകാന് കഴിഞ്ഞിരുന്നില്ല.
https://www.facebook.com/Malayalivartha



























