വലിയവേളി സ്വദേശിനി റോസയെ ദേശീയ പാത റോഡിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കായി പോസിക്യൂഷൻ സാക്ഷികളെ ഹാജരാക്കാൻ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു

കേസിലെ പ്രതിയായ ആറ്റിപ്ര വില്ലേജിൽ പൗണ്ട് കടവ് വാർഡിൽ വലിയ വേളി തൈവിളാകം വീട്ടിൽ എൽസി ജോസഫ് മകൾ മേബിൾ റെയ്മണ്ടി ( 49 ) ന് കോടതി കുറ്റപത്രം നൽകിയിരുന്നു. ജൂലൈ 8 ന് സാക്ഷികളെ ഹാജരാക്കാൻ സിറ്റി മെഡിക്കൽ കോളേജ് പോലീസ് സർക്കിൾ ഇൻസ്പെക്ടറോടാണ് കോടതി ഉത്തരവിട്ടത്.
2015 ഏപ്രിൽ 22 ന് വൈകിട്ട് 5.45 മണിയോടെ കേശവദാസപുരം മത്സ്യ മാർക്കറ്റിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മത്സ്യക്കച്ചവടക്കാരായ റോസയും മേബിളും പരസ്പരം വഴക്കുണ്ടാക്കുകയും തുടർന്ന് പിടിവലിയും ഉന്തും തള്ളും ഉണ്ടായി മേബിൾ റോസയെ കൈ കൊണ്ട് ബലം പ്രയോഗിച്ച് തറയിൽ തള്ളിയിട്ട് അർദ്ധ ബോധാവസ്ഥയിൽ ആക്കുന്നതിനിടയാക്കി. തറയിൽ മറിഞ്ഞു കിടന്ന റോസയെ അവിടെ ഉപേക്ഷിച്ചും അവർക്ക് തക്ക സമയത്ത് ചികിത്സ കൊടുക്കാതെയും പ്രവർത്തിക്കുകയും തുടർന്ന് മറ്റുള്ളവർ റോസയെ മെഡിക്കൽ കോളേജ് ആശുപത്രിയിലും അവിടെ നിന്ന് കോസ്മോ പൊളിറ്റൻ ആശുപത്രിയിലും എത്തിച്ച് ചികിത്സ നടത്തി വരവേ പിറ്റേന്ന് വൈകിട്ട് 5 . 25 മണിക്ക് റോസക്ക് മരണം സംഭവിക്കുന്നതിനിടയാക്കിയെന്നാണ് കേസ്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 ( എ) ( ഉപേക്ഷയാൽ മരണം സംഭവിപ്പിക്കൽ) ചുമത്തിയാണ് പ്രതിക്ക് കോടതി കുറ്റപത്രം നൽകിയത്.
https://www.facebook.com/Malayalivartha



























