ഫോർട്ട് സിഐക്ക് കോടതിയുടെ മെമ്മോ; ശിവരഞ്ജിത്തിന്റെ കൂട്ടാളികൾക്കെതിരെയുള്ള ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് നടപ്പാപാക്കാത്തതിനെ തുടർന്നാണ് നടപടി

തിരുവനന്തപുരം സിറ്റി ഫോർട്ട് പോലീസ് സർക്കിൾ ഇൻസ്പെക്ടർക്ക് കോടതി മെമ്മോ. യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ കൂട്ടാളികളായ ആറു കൂട്ടു പ്രതികൾക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് നടപ്പാക്കാത്തതിനാണ് മെമ്മോ. മാരകായുധങ്ങൾ ഉപയോഗിച്ച് വസ്തു കൈയ്യേറി അസഭ്യം വിളിക്കുകയും ലഹളയുണ്ടാക്കുകയും വസ്തു വകകൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്തു എന്നാണ് കേസ്.
സിഐക്കെതിരെ കൃത്യവിലോപത്തിന് കേസെടുക്കാതിരിക്കാൻ കാരണം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി മെമ്മോ നൽകിയത്. ജൂൺ 17ന് ഹാജരായി വിശദീകരണം ബോധിപ്പിക്കാനാണുത്തരവ്. ശിവരഞ്ജിത്തിൻ്റെ കൂട്ടു പ്രതികളെ മെയ് 15 നകം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനും പ്രതികളുടെ ജാമ്യക്കാരെ ഹാജരാക്കാനും ഫോർട്ട് പൊലീസ് സർക്കിൾ ഇൻസ്പെക്ടറോടാണ് കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ ഫോർട്ട് സി ഐ പ്രതികളെ അറസ്റ്റ് ചെയ്യുകയോ വാറണ്ടുകൾ നടപ്പിലാക്കാത്ത കാരണം രേഖപ്പെടുത്തിയുള്ള റിപ്പോർട്ട് സഹിതം വാറണ്ടുകൾ തിര്യെ കോടതിയിൽ സമർപ്പിക്കുകയോ ചെയ്തില്ല. കൂടാതെ പ്രതികളുടെ ജാമ്യക്കാർക്കുള്ള നോട്ടീസും നടപ്പാക്കിയില്ല. സി ഐ യുടെ നിരുത്തരവാദിത്വത്തെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ജൂൺ 17നകം പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനും ജാമ്യക്കാരെ ഹാജരാക്കാനും മജിസ്ട്രേട്ട് വിവിജാ രവീന്ദ്രൻ ഫോർട്ട് സി ഐയോട് ഉത്തരവിട്ടു.
ആറു കൂട്ടു പ്രതികളിൽ രണ്ടാം പ്രതി അമൽ സി പി എം നെടുങ്കാട് വാർഡ് കൗൺസിലർ പുഷ്പലതയുടെ മകനാണ്. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സി പി എം പ്രവർത്തകരായ കോഴി ഉണ്ണി എന്ന ഉണ്ണി , സി പി എം നെടുങ്കാട് വാർഡ് കൗൺസിലർ പുഷ്പലതയുടെ മകൻ അമൽ , ഇജാസ് , ജിയാസ് , റിയാസ് , അനന്തു എന്നിവരാണ് ആക്രമണ കേസിൽ ശിവരഞ്ജിത്തിന്റെ കൂട്ടു പ്രതികൾ. കേസിൽ 2018 മെയ് 24 നാണ് ഫോർട്ട് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
https://www.facebook.com/Malayalivartha



























