വൈദ്യുതോദ്പാദനം പതിനായിരം കോടി യൂണിറ്റ് പിന്നിട്ടു; ചരിത്രം രചിച്ച് ഇടുക്കി ജലവൈദ്യുത പദ്ധതി

ഇടുക്കി മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതോദ്പാദനം പതിനായിരം കോടി യൂണിറ്റ് പിന്നിട്ടു. 44 വര്‍ഷം കൊണ്ടാണ് ഈ ചരിത്ര നേട്ടം കൈവരിക്കാന്‍ ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് സാധിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു ജലവൈദ്യുതി നിലയത്തില്‍ നിന്ന് ഇത്രയും വൈദ്യുതോദ്പാദനം നടക്കുന്നത്.
1969 ലാണ് ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിന് ആയിരുന്നു കണ്‍സല്‍ട്ടന്റ. പദ്ധതി ചെലവ് 110 കോടി രൂപ. മണ്ണിടിച്ചില്‍ സാധ്യത ഒഴിവാക്കാന്‍ മൂലമറ്റത്ത് പാറ തുരന്നാണ് ഏഴ് നിലകളില്‍ പവര്‍ഹൗസ് സ്ഥാപിച്ചത്. ഇതില്‍ മൂന്ന് നിലകള്‍ ഭൂമിയ്ക്ക് താഴെയാണ്. ഒന്നാം നിലയിലാണ് ടര്‍ബൈന്‍. ജനറേറ്ററുകള്‍ നാലാം നിലയില്‍. ആറ് ജനറേറ്ററുകളും ഒന്നിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ 18 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. ഒരു യൂണിറ്റിന് ചെലവ് 23 പൈസ.
കൊലുമ്പന്‍ എന്ന ആദിവാസി നിര്‍ദ്ദേശിച്ച സ്ഥാനത്ത് നിര്‍മിച്ച ഇടുക്കി ഡാം ഇന്നും കേരളത്തെ പ്രകാശപൂരിതമാക്കുന്നു. 1976 ഫെബ്രുവരി 12നാണ് ഇടുക്കി ജലവൈദ്യുത പദ്ധതി പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധി കമ്മീഷന് ചെയ്തത്. 44 വര്‍ഷങ്ങള്‍ക്കിപ്പുറം ഇവിടെ നിന്നുള്ള വൈദ്യുതോദ്പാദനം ഒരു ലക്ഷം ദശലക്ഷം യൂണിറ്റ് പിന്നിട്ടിരിക്കുന്നു. ചരിത്ര നേട്ടം വിപുലമായി ആഘോഷിക്കാനായിരുന്നു കെഎസ്ഇബിയുടെ തീരുമാനം. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി. ഇടുക്കി ഡാമിലെ വെള്ളം ഉപയോഗിച്ച് രണ്ടാമത് വൈദ്യുതി നിലയം സ്ഥാപിക്കാനുള്ള പഠനം പുരോഗമിക്കുകയാണ് ഇപ്പോള്‍.
https://www.facebook.com/Malayalivartha

























