അപ്പോള്‍ അതിന് തീരുമാനമായി; കേന്ദ്രമന്ത്രിയും പറഞ്ഞു വാക്സിന് ആഗസ്റ്റ് 15 ന് ഇല്ല; അഭ്യൂഹങ്ങള്‍ക്ക് വിരാമം ഒപ്പം കാത്തിരിക്കാം പ്രതീക്ഷയോടെ
വരുന്ന സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യ കോവിഡിനെതിരെ വാക്സിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുമെന്ന ഐ.സി.എം.ആറിന്റെ പ്രചനത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി. കേന്ദ്ര സര്‍ക്കാര്‍ തന്നെ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമിട്ടു. വാക്സിന് പരീക്ഷണത്തിന് നിശ്ചിത സമയം പ്രവചിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്ധന് ഐസിഎംആറുമായി ചേര്‍ന്നു പരീക്ഷണം വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു വ്യക്തമാക്കി. കഴിവതും നേരത്തെ ഇതു ലഭ്യമാക്കാനാണ് ശ്രമം.
എന്നു കരുതി പരീക്ഷണത്തിന്റെ നടപടിക്രമങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാവില്ല. പരീക്ഷണം വേഗത്തിലാക്കുന്ന കാര്യം ലോകാരോഗ്യ സംഘടനയുമായി സംസാരിച്ചിരുന്നതായും പ്രതീക്ഷ നല്കുന്ന കമ്പനികളെ പരാമവധി സഹായിക്കാന്‍ അവര്‍ ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. ഇതിനിടെ, വാക്സിന് അടുത്ത വര്‍ഷം തുടക്കത്തില്‍ മാത്രമേ ലഭ്യമാവുവെന്ന് വിദഗ്ധ സംഘം പാര്‍ലമെന്ററി സമിതിയെ അറിയിച്ചു. കോണ്‍ഗ്രസ് എം.പി ജയറാം രമേശ് അധ്യക്ഷനായ സമിതി ഇക്കാര്യത്തില്‍ വിശദീകരണം തേടിയിരുന്നു.
ശാസ്ത്ര സാങ്കേതിക വകുപ്പിലെയും ബയോടെക്നോളജി വകുപ്പിലെയും സിഎസ്ഐആറിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ് എന്നിവരുള്‍പ്പെട്ട സംഘമാണ് സമിതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. ലോകത്താകെ ഇരുന്നൂറോളം വാക്സിന് ഗവേഷണങ്ങളാണു നടക്കുന്നത്. ഇന്ത്യയില്‍ രണ്ടെണ്ണത്തിനാണ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha