പത്തേ പത്ത് ദിവസം കൊണ്ട്... സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുറച്ച് എന്‍ഐഎ; സ്വപനയെക്കൊണ്ട് തത്തപറയും പോലെ എല്ലാം പറയിപ്പിക്കും; അങ്കലാപ്പിലായി സ്വപ്നയുമായി ബന്ധപ്പെട്ട ഉന്നതര്‍; ചാനല്‍ ചര്‍ച്ചകളെ ചൂടുപിടിപ്പിക്കാനായി മറ്റൊരു ദിനം കൂടി

ഒരു പോറലു പോലും ഏല്ക്കാതെ ചാനലുകാരുടെ എസ്കോര്‍ട്ടുമായി സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനേയിനേയും സന്ദീപ് നായരേയും കേരളത്തിലെത്തിച്ചു. ഏറെ ആശങ്കയുണ്ടായിരുന്ന ഇരുവരുടേയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി. ഇതോടെ 10 ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചോദ്യം ചെയ്യാനാണ് എന്‍ഐഎ ഉദ്ദേശിക്കുന്നത്. ഈ പത്ത് ദിവസം കൊണ്ട് പതിനായിരം കാര്യം പറയിപ്പിക്കാനാണ് എന്‍ഐഎയുടെ തീരുമാനം. ഉന്നത ബന്ധങ്ങളും തീവ്രവാദത്തിന്റെയും രാജ്യദ്രോഹത്തിന്റെയും മാനങ്ങളുമുള്ള നയതന്ത്ര ചാനലിലെ സ്വര്‍ണക്കടത്തിന്റെ നിഗൂഢതകള്‍ ഇതോടെ പുറത്താകും. അതേസമയം സ്വപ്നയുമായി ബന്ധപ്പെട്ട ഉന്നതരെല്ലാം അങ്കലാപ്പിലാണ്. സ്വപ്ന ആരുടെയൊക്കെ പേര് പറഞ്ഞാലും പ്രതിപക്ഷം ആഘോഷിക്കും. അവരുടെ ഭാവിയെ കൂടി ബാധിക്കുന്നതായിരിക്കും സ്വപ്നയുടെ മൊഴി.
ബംഗളുരുവില്‍ നിന്നെത്തിച്ച സ്വപ്ന സുരേഷും സന്ദീപ് നായരും കോവിഡ് കെയര്‍ സെന്ററുകളിലാണ് താമസിക്കുന്നത്. തൃശൂരിലെ ഫാത്തിമ നഗറിലെ അമ്പിളികല ഹോസ്റ്റലിലാണ് സ്വപ്നയുടെ താമസം. കോവിഡ് പരിശോധന കണക്കിലെടുത്ത് സ്വപ്നയെയും സന്ദീപിനെയും എന്‍.ഐ.എ കോടതി മൂന്നു ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കോവിഡ് ഫലം വന്നതോടെ പത്തു ദിവസത്തേക്ക് ചോദ്യം ചെയ്യാനുള്ള എന്‍.ഐ.എയുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഇരുവരെയും ഇന്നലെ വൈകിട്ട് നാലരയോടെയാണ് എന്‍.ഐ.ഐ കോടതിയിലെത്തിച്ചത്. ഞായറാഴ്ചയായിട്ടും കോടതി തുറക്കാന്‍ എന്‍.ഐ.എ പ്രത്യേക ജഡ്ജി പി. കൃഷ്ണകുമാര്‍ ഉത്തരവിട്ടതും അത്യപൂര്‍വ സംഭവമായി.
ഇന്ന് പ്രതികളെ കോടതിയില്‍ നേരിട്ട് ഹാജരാക്കും. ഹൈക്കോടതിയില്‍ സ്വപ്നയ്ക്കു വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയ അഭിഭാഷകന് ഇന്നലെ ഹാജരായില്ല. തുടര്‍ന്ന് പ്രതികള്‍ക്ക് വേണ്ടി കേരള ലീഗല്‍ സെല്‍ അതോറിറ്റി അഥവ കെല്‍സ നിര്‍ദ്ദേശിച്ച അഭിഭാഷകയാണ് ഹാജരായത്.
ഞായറാഴ്ച ചാനലുകാര് ആഘോഷിച്ച ദിനമായിരുന്നു. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ ഉടനീളം മുഖം ഒളിപ്പിക്കാനായിരുന്നു സ്വപ്നയുടെ ശ്രമം. സന്ദീപ് നായര്‍ക്ക് ഒരു കൂസലുമില്ലായിരുന്നു. വാളയാര്‍ മുതല്‍ പ്രതിഷേധങ്ങള്‍ക്ക് നടുവിലൂടെയാണ് പ്രതികളെ കൊച്ചി എന്‍.ഐ.എ ആസ്ഥാനത്തെത്തിച്ചത്. രാവിലെ 11.35 ന് വാഹനവ്യൂഹം വാളയാറില്‍ എത്തിയപ്പോഴേ യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി വീശി. പിന്നീട് കേരള പൊലീസിന്റെ സുരക്ഷയിലായി യാത്ര. വടക്കഞ്ചേരി പന്നിയങ്കരയില്‍ സ്വപ്ന സഞ്ചരിച്ച സ്കോര്‍പ്പിയോയുടെ പിന്നിലെ ടയര്‍ പൊട്ടി. അതോടെ സ്വപ്നയെയും സന്ദീപുള്ള വാഹനത്തില്‍ കയറ്റി. ദേശീയപാതയിലുടനീളം യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി പ്രതിഷേധിച്ചു.ആലുവ ജനറല്‍ ആശുപ്രതിയില്‍ ആരോഗ്യ പരിശോധനയും കൊവിഡ് ടെസ്റ്റിനുള്ള സ്രവവുമെടുത്തു. രണ്ടരയോടെയാണ് എറണാകുളം കടവന്ത്ര ഗിരിനഗറിലുള്ള എന്‍.ഐ.എ ആസ്ഥാനത്ത് എത്തിച്ചത്. സ്വപ്നയെ എന്‍.ഐ.എ ഓഫീസിലേക്ക് കയറ്റിയതിന് തൊട്ടു പിന്നാലെ സ്വപ്നയുടെ ഭര്‍ത്താവും രണ്ടും മക്കളുമെത്തി. അവര്‍ക്ക് ഏതാനും മിനിട്ട് സംസാരിക്കാന്‍ അനുവദിച്ചു.
അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും സ്വപ്നയ്ക്കറിയാമെന്ന് ഒന്നാം പ്രതി സരിത്ത് വെളിപ്പെടുത്തി. സ്വര്‍ണം അയയ്ക്കുന്നവരെയും ഏറ്റുവാങ്ങുന്നവരെയും സ്വപ്നയ്ക്ക് പരിചയമുണ്ട്. കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറും എന്‍.ഐ.എ അഡിഷണല്‍ എസ്.പി ഷൗക്കത്തലിയും ചോദ്യം ചെയ്തതോടെ കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. സ്വപ്നയും സന്ദീപും അറസ്റ്റിലായ വിവരം കസ്റ്റംസ് ഉദ്യോഗസ്ഥരാണ് സരിത്തിനെ അറിയിച്ചത്.
പത്തിലധികം തവണ സ്വര്‍ണം കടത്തിയത് അറിയാം. എല്ലാ തവണയും ഫാസിലല്ല ബാഗേജ് അയച്ചത്. സ്വപ്നയ്ക്ക് എല്ലാമറിയാം. സന്ദീപാണ് സ്വപ്നയെ പരിചയപ്പെടുത്തിയത്. സ്വര്‍ണം കടത്തിയതിന് കൃത്യമായ കമ്മിഷന് സ്വപ്ന നല്കി. ഫാസില്‍ ഫരീദുമായി ദുബായില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഫോണില്‍ ബന്ധപ്പെട്ടിട്ടില്ല. എയര്‍പോര്‍ട്ടില്‍നിന്ന് സ്വര്‍ണം പുറത്തെത്തിക്കുന്നതാണ് തന്റെ ദൗത്യം. മറ്റ് കാര്യങ്ങള്‍ ചെയ്തിരുന്നത് സ്വപ്നയും സന്ദീപുമാണ്. സെക്രട്ടറിയായിരുന്ന ശിവശങ്കറുമായി നല്ല സൗഹൃദമാണ്. സ്വപ്നയാണ് പരിചയപ്പെടുത്തിയത്. സ്വര്‍ണക്കടത്തില്‍ എന്തെങ്കിലും പങ്കുള്ളതായി അറിയില്ലെന്നും സരിത് വ്യക്തമാക്കി. ഇനിയുള്ള ദിനങ്ങള്‍ സ്വപ്നയുടേതാണ്. സ്വപ്ന പറയുന്നതാണ് കേരളത്തിന്റെ ഭാവി.
"
https://www.facebook.com/Malayalivartha
























