ഭക്ഷ്യകിറ്റിനു കവര്‍: നിര്‍മാണം കുടുംബശ്രീയെ ഏല്‍പ്പിച്ചത് വിവാദമാകുന്നു

ഇ-ടെന്‍ഡര്‍ നടപടികള്‍ മുന്നോട്ടുപോകവെ അവ പരിശോധിക്കാന്‍ നില്‍ക്കാതെ സ്കൂള്‍ കുട്ടികള്‍ക്കു ഭക്ഷ്യകിറ്റ് എത്തിക്കാനുള്ള കവറിന്റെ നിര്‍മാണം കുടുംബശ്രീയെ ഏല്‍പ്പിച്ചതു വിവാദത്തിലേക്ക്. കുടുംബശ്രീയില്‍നിന്നു 14 രൂപയ്ക്കു കവറുകള്‍ വാങ്ങാനാണ് എം.ഡിയുടെ ഉത്തരവ്.
ഭക്ഷ്യകിറ്റ് വിതരണം ചെയ്യാന്‍ 26 ലക്ഷത്തിലേറെ കവറുകളാണ് സപ്ലൈകോ കുടുംബശ്രീയില്‍നിന്നു വാങ്ങുന്നത്. പ്രീപ്രൈമറി മുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കു മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ഭക്ഷ്യകിറ്റ് വിതരണം ചെയ്യാനുള്ളതാണ് കവര്‍. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്കാണ് അരിയും ഒന്‍പതിന പലവ്യഞ്ജനങ്ങളും നല്‍കുന്നത്.
കവറിനായി സപ്ലൈകോ ഇ- ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. 13 വരെയാണ് ടെന്‍ഡര്‍ നല്‍കാനുള്ള സമയം. എന്നാല്‍, ഒമ്പതിന് കുടുംബശ്രീയില്‍നിന്നു വാങ്ങാന്‍ ഉത്തരവിറങ്ങി. ടെന്‍ഡറില്‍ 14 രൂപയില്‍ താഴെ കവറുകള്‍ കിട്ടുമോയെന്നുപോലും നോക്കാതെ. ഇ.എം.ഡിയും സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയും കെട്ടിവച്ചു ടെന്‍ഡറില്‍ പങ്കെടുക്കുന്നവരെ കബിളിപ്പിക്കുന്നതാണ് ഈ നടപടിയെന്നാണ് ആരോപണം.
ഏപ്രില്‍, മേയ് മാസങ്ങളിലെ അവധി ദിവസങ്ങളും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ചില്‍ സ്കൂളുകള്‍ അടച്ചിടേണ്ടിവന്ന
15 ദിവസങ്ങളും ഒഴിവാക്കി 39 ദിവസത്തേക്കുളള ഭക്ഷ്യഭദ്രതാ അലവന്‍സാണിപ്പോള്‍ കിറ്റായി നല്‍കുന്നത്. രക്ഷിതാക്കള്‍ മുഖേനയാണ് ഇവ വീടുകളിലെത്തിക്കുക. കേന്ദ്ര വിഹിതമുള്‍പ്പെടെ 81.37 കോടി രൂപയാണു ചെലവ്.
https://www.facebook.com/Malayalivartha
























