മകളുടെ വിളി കൊണ്ടെത്തിച്ചത്... കീഴടങ്ങാന്‍ പദ്ധതിയിട്ടിരുന്ന സ്വപ്ന സുരേഷിനെ പിന്തിരിപ്പിച്ചത് സന്ദീപ് നായര്‍; സ്വപ്നയും കുടുംബവും സഞ്ചരിച്ച വാഹനത്തെ ചിലര്‍ പിന്തുടര്ന്നു; കൊച്ചി വിടും മുമ്പ് തൃപ്പൂണിത്തുറയില്‍ വച്ച് സ്വപ്നയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് നല്കിയതും ഈ അജ്ഞാത വാഹനത്തിന്

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായതോടെ പലപല ഉള്ളുകഥകളാണ് പുറത്ത് വരുന്നത്. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ബെംഗളൂരു വരെ അജ്ഞാത വാഹനം പിന്തുടര്‍ന്നതായാണ് കണ്ടെത്തല്‍. അതേസമയം ഈ അജ്ഞാത വാഹനം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. കോടതിയില്‍ കീഴടങ്ങാന്‍ പദ്ധതിയിട്ടു കൊച്ചിയിലേക്കു പുറപ്പെട്ട സ്വപ്നയെ പിന്തിരിപ്പിക്കാന് കൂടെയുണ്ടായിരുന്ന സന്ദീപ് ശ്രമിച്ചിരുന്നുവെന്നും സൂചനയുണ്ട്. ഇക്കാര്യം സന്ദീപ് സ്വര്‍ണക്കടത്തു റാക്കറ്റിനെ അറിയിച്ച ശേഷമാണു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനും കീഴടങ്ങല്‍ വൈകിപ്പിക്കാനും ആലോചനയുണ്ടായത്.
ഇതിനിടയിലാണ് സ്വപ്നയും കുടുംബവും സഞ്ചരിച്ച വാഹനത്തെ ചിലര്‍ പിന്തുടരാന് തുടങ്ങിയത്. മട്ടാഞ്ചേരി രജിസ്ട്രേഷന് നമ്പരായിരുന്നു വാഹനത്തിന്. എന്നാല്‍ നമ്പര്‍ വ്യാജമാണെന്നു സംശയമുണ്ട്. കേരളത്തില്‍ റോഡ് മാര്‍ഗമുള്ള കുഴല്‍പ്പണക്കടത്തിന് അകമ്പടി പോകുന്ന കൊച്ചിയിലെ ഗുണ്ടാ സംഘമാണു വാഹനത്തിലുണ്ടായിരുന്നത് എന്നാണു സൂചന. കൊച്ചി വിടും മുമ്പ് തൃപ്പൂണിത്തുറയില്‍ വച്ച് മൊബൈല്‍ ഫോണില്‍ സ്വപ്നയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് അജ്ഞാത വാഹനത്തിലുള്ളവര്‍ക്കു കൈമാറിയത് സന്ദീപാണെന്നും പറയുന്നു.
ജീവന് അപകടത്തിലാണെന്നു തിരുവനന്തപുരത്തെ അടുത്ത സുഹൃത്തിനെ സ്വപ്നയുടെ മകള്‍ വിളിച്ചറിയിച്ചതായി കണ്ടെത്തി. ഈ സമയം മകളുടെ സുഹൃത്ത് ഐബി ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിരുന്നു. മകള്‍ സാറ്റലൈറ്റ് ഫോണില്‍ വിളിച്ചതിനാല്‍ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താന്‍ സൈബര്‍ സെല്ലിനു കഴിഞ്ഞില്ല. മകളുടെ കൈവശമുള്ള സിംകാര്‍ഡ് ഉപയോഗിക്കുന്ന ഫോണ്‍ ഓണ്‍ ചെയ്തു വയ്ക്കാന്‍ ഐബി ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം സുഹൃത്ത് അറിയിച്ചു. തുടര്‍ന്നാണ് ബംഗളൂരുവിലെ ഇവരുടെ ലൊക്കേഷന്‍ എന്‍ഐഎ കണ്ടെത്തിയത്.
അതേസമയം സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും കോവിഡ് ഫലം നെഗറ്റീവായി. ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎയുടെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎയുടെ ആവശ്യം. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് കേസ് പരിഗണിക്കുക.
10 ദിവസം കസ്റ്റഡി അപേക്ഷ അംഗീകരിക്കാന്‍ തന്നെയാണ് സാധ്യത. ഇരുവരുടേയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവായ സാഹചര്യത്തില്‍ ഇവരെ കസ്റ്റഡിയില്‍ വിട്ട് കൊടുക്കുന്നതിന് മറ്റ് തടസങ്ങളില്ല.
നിലവില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സരിത്തിനെ വിട്ടുകിട്ടുന്നതിനായി എന്‍.ഐ.എ വൈകാതെ കോടതിയെ സമീപിക്കും. ഒപ്പം എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ള ഇരുവരേയും ചോദ്യം ചെയ്യാനായി കസ്റ്റംസും കോടതിയെ സമീപിക്കും.
രാവിലെ തൃശ്ശൂരിലെ കോവിഡ് കെയര്‍ സെന്ററില്‍ നിന്ന് സ്വപ്നയെ കൊച്ചിയിലേക്ക് കൊണ്ടുപോകും എന്നാണ് വിവരം. കൊച്ചിയില്‍ നിന്ന് പോലീസ് എത്തിയാണ് ഇവരെ കൊച്ചിയിലേക്ക് കൊണ്ടുപോകുക.
സ്വപ്നയെ എത്തിച്ച സാഹചര്യത്തില്‍ തൃശ്ശൂരിലെ കോവിഡ് കെയര്‍ സെന്ററില്‍ ശക്തമായ നീരീക്ഷണ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. നാല് വനിത പോലീസുകാരുള്‍പ്പെടെ നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തിയിരുന്നു. അമ്പിളിക്കല ഹോസ്റ്റലിന്റെ പരിസരത്ത് ഓരോ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും പോലീസ് നീരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. കൊച്ചിയിലെക്ക് വീണ്ടും കൊണ്ടു വരുന്നതോടെ വീണ്ടും വാര്‍ത്തകളില്‍ സ്വപ്ന നിറയും.
"
https://www.facebook.com/Malayalivartha
























