പശ്ചിമഘട്ട മലനിരകളില്‍ നീല വസന്തം! കാലംതെറ്റി നീലക്കുറിഞ്ഞി പൂത്തു, ദുഃസൂചനയെന്ന് മണ്ണിന്റെ മക്കള്‍ കേരളത്തില്‍ ഇനി?

മൂന്നാര്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ ഒരു കുളിരാണ്.'തെക്കിന്റെ കാശ്മീര്‍' എന്ന് വിളിപ്പേരുള്ള മൂന്നാര്‍, ഇടുക്കി ജില്ലയിലെ ഒരു ചെറിയ പട്ടണമാണ്. മഞ്ഞു മൂടിയ മലനിരകളാലും തേയില തോട്ടങ്ങളാലും ചുറ്റപ്പെട്ട ഒരു ചെറുപട്ടണം. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്ന് നദികളുടെ സംഗമസ്ഥാനമായതുകൊണ്ടാണ് ഈ ചെറിയ പട്ടണത്തിന് മൂന്നാര്‍ എന്ന വിളിപ്പേര് വന്നത്.പശ്ചിമഘട്ട മലനിരകളില്‍ 1500 മീറ്ററിന് മുകളില്‍ ചോലവനങ്ങള്‍ ഇടകലര്‍ന്ന പുല്‍മേടുകളില്‍ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി .സീസണില്‍ ഒരു പ്രദേശം മുഴുവന്‍ ഇവ പൂത്ത് നില്‍ക്കുന്നത് കണ്ടാല്‍ കണ്ണിനും മനസിനും കുളിരേകും. മഞ്ഞു കണങ്ങളില്‍ തട്ടി ഇളം കാറ്റേറ്റ് അവ നിരനിരയായി നില്‍ക്കുന്നത് കാണുമ്പോള്‍ ഇത് തന്നെയാണ് ഭൂമിയിലെ സ്വര്‍ഗമെന്ന് തോന്നിപ്പോകും.
മഹാപ്രളയകാലത്ത് നിറംമങ്ങിയ നീലക്കുറിഞ്ഞി വസന്തം കാലംതെറ്റി ഇടുക്കിയിലെ പശ്ചിമഘട്ട മലനിരകളില്‍ നിറഞ്ഞുപൂവിട്ടു. പുഷ്പക്കണ്ടം - അണക്കരമേട് മലനിരകളിലാണ് കുറിഞ്ഞികള്‍ നീല വസന്തം തീര്‍ത്തത്. കോവിഡ് കാലത്താണ് കുറിഞ്ഞി വിരുന്നെത്തിയതെങ്കിലും മേഖലയുടെ ടൂറിസം വികസനത്തിന് ഇത് സഹായകമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
സംസ്ഥാനത്തെ ടൂറിസം മേഖല ഉറ്റു നോക്കിയിരുന്ന 2018ലെ കുറിഞ്ഞി പൂക്കാലം പ്രളയത്തെ തുടര്‍ന്ന് സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കാതെ അസ്തമിയ്ക്കുകയായിരുന്നു. എന്നാലിപ്പോള്‍ പുഷ്പകണ്ടത്തും അതിര്‍ത്തി മേഖലകളിലും അണക്കരമേട്ടിലുമെല്ലാം നീലക്കുറിഞ്ഞിയാണ്. ഇങ്ങനെ കാലം തെറ്റി കുറിഞ്ഞികള്‍ പൂത്തത് ദു:സൂചനയായാണ് ആദിവാസികള്‍ ഉള്‍പ്പെടെ വിശ്വസിക്കുന്നത്.
കോവിഡ് കാലത്ത് ടൂറിസം മേഖല തകര്‍ന്നിരിക്കുകയാണെങ്കിലും പ്രതീക്ഷയ്ക്കാതെ എത്തി, വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന കുറിഞ്ഞികള്‍ പ്രദേശത്തെ വിനോദസഞ്ചാര മേഖലയുടെ പ്രതീക്ഷയാവുകയാണ്. നാട്ടുകാര്‍ കുറിഞ്ഞി പൂക്കളുടെ ഈ കാഴ്ചകള്‍ ആസ്വദിയ്ക്കുവാനെത്തുന്നുണ്ട്. ആദ്യമായാണ് ഇവിടെയെല്ലാം കുറിഞ്ഞി പൂവിട്ടത്.
മൂന്നാറില്‍ നീലക്കുറിഞ്ഞി മേഖല തിരിച്ച് പിടിക്കാനുള്ള വിവിധ പദ്ധതികള്‍ക്ക് വനംവകുപ്പിന്റെ നേതൃത്വത്തില്‍ തുടക്കമായിരുന്നു . ആനമുടി ഷോല ദേശീയോദ്യാനത്തിലെ 80 ഹെക്ടറില്‍ കുറിഞ്ഞി തൈകള്‍ നട്ടുപിടിപ്പിക്കും. 2030ല്‍ നീലക്കുറിഞ്ഞി പൂക്കുന്നത് വരെ തൈകള്‍ വനംവകുപ്പ് പരിപാലിക്കും.
2018ലാണ് മൂന്നാറില്‍ നീലക്കുറിഞ്ഞി അവസാനമായി പൂവിട്ടത്. തുടര്‍ന്നുണ്ടായ പ്രളയത്തിലും കാട്ടുതീയിലും നീലക്കുറിഞ്ഞി മേഖലയുടെ ഭൂഘടന അപ്പാടെ മാറി, പുല്‍മേടുകള്‍ കാടുകയറി. ഇതുനിമിത്തം 2030ല്‍ നീലക്കുറിഞ്ഞി വസന്തം വിസ്മൃതിയിലാകുമോ എന്ന ആശങ്ക ഒഴിവാക്കാനാണ് വനംവകുപ്പിന്റെ വേറിട്ട ശ്രമം.
2018ലെ സീസണില്‍ ശേഖരിച്ച വിത്തുകള്‍ ഒരുക്കിയെടുത്താണ് വനംവകുപ്പ് കുറിഞ്ഞി തൈകളുണ്ടാക്കിയത്. ഇവ അപ്പര്‍ ഗുണ്ടുമല, ആനമുടിച്ചോല എന്നിവിടങ്ങളിലെ 80 ഹെക്ടര്‍ പ്രദേശത്തെ മൊട്ടക്കുന്നുകളില്‍ നട്ടുപിടിപ്പിക്കും. പരിസ്ഥിതി പുനഃസ്ഥാപനത്തിനായി മൂന്നാര്‍ വന്യജീവി വിഭാഗവും ഷോല ദേശീയോദ്യാനവും ചേര്‍ന്ന് രൂപീകരിച്ച ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൈകള്‍ പരിപാലിക്കും.
ഇതോടൊപ്പം ആനമുടി ഉദ്യാനത്തിലെ വിവിധ ഇടങ്ങളില്‍ സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച ഗ്രാന്റിസ്, യൂക്കാലി എന്നീ മരങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കി തനത് സസ്യങ്ങളും പുല്ലും വച്ചുപിടിപ്പിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
12 വര്‍ഷത്തിലൊരിക്കല്‍ കൂട്ടത്തോടെ പൂക്കുന്ന ചെടിയാണു നീലക്കുറിഞ്ഞി. 250 വര്‍ഗത്തിലുള്ള കുറിഞ്ഞി സസ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 46 എണ്ണം ഇന്ത്യയിലുണ്ട്. എല്ലാ കൊല്ലവും പൂക്കുന്ന കുറിഞ്ഞികള്‍ മുതല്‍ 16 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന ഇനവും ഇക്കൂട്ടത്തിലുണ്ട്. 12 കൊല്ലത്തിലൊരിക്കല് വ്യാപകമായി പൂക്കുന്ന നീലക്കുറിഞ്ഞിയാണ് ഇടുക്കിയുടെ പ്രത്യേകത.
https://www.facebook.com/Malayalivartha
























