മണര്‍കാട് കവലയ്ക്കു സമീപം ചൂതാട്ട കേന്ദ്രം: ഉടമയ്ക്ക് എതിരെ കേസെടുക്കുമെന്നു പൊലീസ്, ദിവസം 40 ലക്ഷം രൂപയുടെ ചൂതാട്ടം, കാവലിന് ആയുധധാരികളായ ഗുണ്ടകള്‍...

കോട്ടയം മണര്‍കാട് കവലയ്ക്കു സമീപത്തെ ചൂതാട്ട കേന്ദ്രത്തില്‍ ശനിയാഴ്ച രാത്രി നടത്തിയ പൊലീസ് റെയ്ഡില്‍ 17.83 ലക്ഷം രൂപയുമായി 43 പേരെ പിടികൂടി. കേന്ദ്രത്തിന്റെ ഉടമയ്ക്ക് എതിരെ കേസെടുക്കുമെന്നു പൊലീസ്. തുടര്‍ നടപടി ഇന്നുണ്ടായേക്കും. ഇയാള്‍ ഒളിവിലാണ്.
പിടികൂടിയവരെ കോവിഡ് മാനദണ്ഡം പാലിക്കാത്തതിനും പണംവച്ചു ചീട്ടുകളിച്ചതിനും കേസെടുത്തശേഷം ജാമ്യത്തില്‍ വിട്ടു. എന്നാല്‍ പൊലീസിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ ചൂതാട്ട കേന്ദ്രത്തിലെ സ്ഥിരം സന്ദര്‍ശകരായിരുന്നെന്നും അതിനാലാണു കെട്ടിട ഉടമ കൂടിയായ ബ്ലേഡ് പലിശ സംഘത്തലവനെതിരെ കേസെടുക്കാന്‍ മടിക്കുന്നതെന്നും പരിസരവാസികള്‍ ആരോപിച്ചു.
ചൂതാട്ട കേന്ദ്രത്തിന്റെ ഓരോ കോണിലും അത്യാധുനിക സിസിടിവി ക്യാമറകള്‍. കാവലിന് ആയുധധാരികളായ ഗുണ്ടകള്‍. മണര്‍കാട് കവലയിലെ ക്ലബ്ബിലും നാലുമണിക്കാറ്റിനു സമീപത്തെ വീട്ടിലുമായി നടന്നുവന്നതു ദിവസം 40 ലക്ഷം രൂപയുടെ ചൂതാട്ടമെന്നു പൊലീസ്. കോട്ടയം- കുമളി റോഡിനു സമീപമുള്ള മണര്‍കാട്ടെ 2 നില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണു ക്ലബ്. പാതയോരങ്ങളിലും മറ്റും വാഹനം പാര്‍ക്ക് ചെയ്തശേഷമാണ് ഇടപാടുകാര്‍ ക്ലബ്ബിലേക്ക് എത്തുന്നത്.
ചൂതാട്ടം പലപ്പോഴും മണിക്കൂറുകള്‍ നീളുമെന്നതിനാല്‍ ഭക്ഷണവും മദ്യവും ഇവിടെ എത്തിക്കും. ആഡംബര വാഹനങ്ങള്‍ സമീപത്തെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യും. ക്ലബ്ബിലേക്കു പ്രവേശനം വിഐപികള്‍ക്കും പതിവുകാര്‍ക്കും മാത്രം. കോവിഡ് നിയന്ത്രണ സമയത്തു 150 പേര് വരെ ഇവിടെയെത്തി. സംഘത്തലവന്റെ, നാലുമണിക്കാറ്റിനു സമീപത്തെ ഹോംസ്റ്റേയിലും അടുത്തിടെ വരെ ചൂതാട്ടം സജീവം.
ദിവസവും ലഭിക്കുന്ന ലക്ഷക്കണക്കിനു രൂപ വച്ചാണു സംഘത്തലവന്റെ ബാക്കി കളി. വലിയ ഹാളിലെ മേശകളാണ് 'കളം'. കളിക്കാനെത്തുന്നവര്ക്കു പണം പലിശയ്ക്കു നല്‍കും,1000 മുതല്‍ ലക്ഷക്കണക്കിനു രൂപ വരെ. പണം തീരുമ്പോള്‍ വാഹനത്തിന്റെ ആര്‍സി ബുക്ക് പണയപ്പെടുത്തി ചൂതാട്ടം നടത്താം. കളി തോറ്റ് ആഡംബര വാഹനങ്ങള്‍ നഷ്ടമായവരുണ്ട്.
ലോക്ഡൗണ്‍ സമയത്ത് പൊലീസിലെയും ജില്ലാ ഭരണകൂടത്തിലെയും ഉന്നതര്‍ക്കു ബ്ലേഡ് സംഘത്തലവന്റെ നേതൃത്വത്തില്‍ മാസ്കും ശുദ്ധജലവും എത്തിച്ചു നന്ദി അറിയിച്ചു. ജില്ലയുടെ പല ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഇയാളുടെ ബ്ലേഡ് ശൃംഖല. ടൗണുകളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് പണം പലിശയ്ക്കു നല്കുന്ന ഇവര്‍ക്കെതിരെ പരാതി നല്കാന് മിക്കവര്‍ക്കും ഭയമാണ്.
https://www.facebook.com/Malayalivartha
























