'എവര്‍ ഗ്ലോബ്' ക്രൂ ചെയ്ഞ്ചിനായി വിഴിഞ്ഞം പുറം കടലില്‍ നങ്കൂരമിടാന്‍ ഒരുങ്ങുന്നു

വിഴിഞ്ഞം തുറമുഖത്തെ നിര്‍ദിഷ്ട ക്രൂ ചെയ്ഞ്ചിങ് ടെര്‍മിനല്‍ പദ്ധതി (ജീവനക്കാര്‍ മാറി കയറുന്നതിന്)-യുമായി ബന്ധപ്പെട്ട് ആദ്യ കപ്പലായ എവര്‍ ഗ്ലോബ് 15-ന് വിഴിഞ്ഞം പുറം കടലില്‍ നങ്കൂരമിടും. ആദ്യ സംരംഭം വിജയിക്കുന്ന മുറയ്ക്ക് കൂടുതല്‍ ചരക്കു കപ്പലുകള്‍ വിഴിഞ്ഞത്തേക്കു വരാന്‍ തയാറെടുക്കുന്നതായി സൂചന. തുടര്‍ന്ന് 25-നും അടുത്ത മാസം പകുതിയോടെയും മറ്റു രണ്ടു കപ്പലുകളും ഈ പദ്ധതിയോടനുബന്ധിച്ച് വിഴിഞ്ഞത്തെത്തുമെന്നാണ് വിവരം.
തെക്കന്‍ സമുദ്ര മേഖലയിലുള്‍പ്പെടെ കൊച്ചി പ്രമുഖ ക്രൂ ചെയ്ഞ്ചിങ് കേന്ദ്രമാണെങ്കിലും തിരക്കുണ്ട്. ഇതിനാലാണ് ഈ സൗകര്യത്തിനായി രാജ്യാന്തര കപ്പല്‍ പാതയോടടുപ്പമുള്ള വിഴിഞ്ഞത്തെ കപ്പലുകള്‍ ആശ്രയിക്കാനൊരുങ്ങുന്നത്. വിവിധ സഞ്ചാര പഥങ്ങളിലുള്ള ചരക്കു കപ്പലുകളില്‍ പതിനായിരക്കണക്കിനു പേരാണ് നിലവിലെ സാഹചര്യത്തില്‍ ക്രൂ ചെയ്ഞ്ചിങ് പ്രതീക്ഷിച്ചു കഴിയുന്നതെന്നു വിവരമുണ്ട്. ഈ മാസം 15-ാം തീയതി നടക്കുന്ന ക്രൂ ചെയ്ഞ്ചിനോടനുബന്ധിച്ച് മാറി കയറാനുള്ള ജീവനക്കാര്‍ എത്തിക്കഴിഞ്ഞു. 24 ജീവനക്കാരില്‍ 14 പേരാണ് മാറി കയറുന്നതെന്നാണ് പുതിയ വിവരം.
കൊച്ചി കേന്ദ്രമായുള്ള പോര്‍ട്ട് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ മുഖാന്തിരം ഇവരുടെ ആരോഗ്യപരിശോധനാ നടപടികള്‍ പുരോഗതിയിലാണെന്ന് തുറമുഖ വകുപ്പ് അധികൃതര്‍ അറിയിച്ചു. ക്രൂ ചെയ്ഞ്ചിങ് ടെര്‍മിനല്‍ സംരംഭത്തോടനുബന്ധിച്ച ബങ്കറിങ് സൗകര്യം, തുറമുഖ ബെയ്‌സിനിലേക്കുള്ള മൗത്തി(കവാടം)ലെ ആഴം കൂട്ടല്‍( ഡ്രജിങ്) എന്നിവ വൈകാതെ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരക്കു കപ്പലുകള്‍ക്കു വേണ്ട ഇന്ധനം, വെള്ളം എന്നിവ ലഭ്യമാക്കുന്നതാണ് ബങ്കറിങ് സംവിധാനം.
https://www.facebook.com/Malayalivartha
























