ഇടമലക്കുടിയെ മാതൃകയാക്കണം കേരളം മുഴുവന്‍; കൊവിഡ് പ്രതിരോധിക്കാന്‍ സെല്‍ഫ് ക്വാറന്റീന്; ഈ ആദിവാസി ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരോട് പറയാനുള്ളത്

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ക്വാറന്റിനോടും കണ്ടന്റയിന്മെന്റ് സോണുകളോട് പ്രതിഷേധത്തോടെയാണ് പലരും സഹരിക്കുന്നത്. പലപ്പോഴും ഇതിന് തയ്യാറാകുന്നത് നിയമങ്ങളെ ഭയന്നിട്ടും. ഈ സാഹചര്യത്തില്‍ കേരളത്തിന് മാതൃകയാകുകയാണ് ഇടമലക്കുടിയെന്ന ആദിവാസി ഗ്രാമ പഞ്ചായത്ത്. കൊവിഡിനെ പ്രതിരോധിക്കാന്‍ സെല്‍ഫ് ക്വാറന്റീന് എന്ന നിലപാടാണ് ഇടമലക്കുടി ഗ്രാമപഞ്ചായത്തിനെ വ്യത്യസ്തമാക്കുന്നത്. കൊവിഡ് പ്രതിസന്ധി തീരും വരെ പുറത്ത് നിന്നുള്ളവരെ ഇടമലക്കുടിയിലേക്ക് പ്രവേശിപ്പിക്കേണ്ടെന്ന് ഊരുകൂട്ടം തീരുമാനിച്ചു. സാധനങ്ങള്‍ വാങ്ങാന്‍ കുടി വിട്ട് പുറത്ത് പോകുന്നവര്‍ രണ്ടാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ വീടുകളില്‍ പ്രവേശിക്കു.
കൊവിഡ് മഹാമാരിയെ തങ്ങളെക്കൊണ്ടാകും വിധം പ്രതിരോധിക്കുകയാണ് സംസ്ഥാനത്തെ ആദ്യ ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടി. മൂന്നാറിനെ ആശ്രയിച്ചാണ് ഇടമലക്കുടിക്കാരുടെ ജീവിതം. റേഷനടക്കം സാധനങ്ങള്‍ എല്ലാം വരുന്നത് മൂന്നാറില്‍ നിന്നാണ്. നാട്ടുകാര്‍ കൂട്ടമായി മൂന്നാറിലേക്ക് ജീപ്പ് വിളിച്ച് പോയി സാധനങ്ങള്‍ വാങ്ങി വരുന്നതാണ് ഇവരുടെ രീതി. കൊവിഡ് ആശങ്ക ഒഴിയും വരെ ഇനി ഈ പതിവ് വേണ്ടെന്ന് ഊരുകൂട്ടം തീരുമാനിച്ചു. പകരം ഒരാള്‍ പോയി ആവശ്യ സാധനങ്ങള്‍ വാങ്ങും. അതും മൂന്നാറിനോട് അടുത്ത് കിടക്കുന്ന പെട്ടിമുടി വരെ. തുടര്‍ന്ന് മറ്റുള്ള കുടികളിലേക്ക് സാധനങ്ങള്‍ തലച്ചുമടായി കൊണ്ടുപോകും. സാധനങ്ങള്‍ കൊണ്ടുവരുന്നവര്‍ രണ്ടാഴത്തെ നിരീക്ഷണത്തില്‍ പോകണം. വനംവകുപ്പിന്റെ അനുമതിയുണ്ടെങ്കിലേ പുറത്ത് നിന്നുള്ളവര്‍ക്ക് ഇടമലക്കുടിയില്‍ എത്താനാകു.
കൊവിഡ് പ്രതിസന്ധി തീരും വരെ പുറത്ത് നിന്നുള്ളവരെ ഇടമലക്കുടിലേക്ക് പ്രവേശിപ്പിക്കരുതെന്ന് കാട്ടി ഊരുകൂട്ടം വനം, പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പുകളെ സമീപിച്ചു. എണ്ണൂറോളം കുടുംബങ്ങളാണ് ഇടമലക്കുടിയില്‍ ഉള്ളത്. കൊവിഡ് മഹാമാരി ഒഴിയും വരെ കരുതല്‍ കര്‍ശനമായി തുടരാനാണ് ഊരുകൂട്ടത്തിന്റെ തീരുമാനം.
ജനസഖ്യകുറഞ്ഞ ഒരു പഞ്ചായത്തിന് ഇതു സാധിക്കും. എന്നാല്‍ ജനസഖ്യ കൂടുമ്പോള്‍ ഇത് സാധിക്കണമെന്നില്ല. പക്ഷേ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അവര്‍ കാട്ടിയ ആര്‍ജവം അത് മാതൃകയാക്കാന്‍ കേരളത്തിന് സാധിച്ചാല്‍ ഇന്ന് ഉയരുന്ന കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
https://www.facebook.com/Malayalivartha
























