തുണി മാലിന്യത്തിനിടയില്‍ ഒളിപ്പിച്ചു കടത്തിയ 15 ലക്ഷത്തിന്റെ ലഹരി ഉല്പന്നങ്ങളുമായി തമിഴ്നാട് സ്വദേശി അറസ്റ്റില്‍
വാളയാറില്‍ 15 ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉല്പന്നങ്ങളുമായി തമിഴ്നാട് സ്വദേശി അറസ്റ്റില്‍. കോയമ്പത്തൂര്‍ ഉക്കടം പെരുമാള്‍കോവില്‍ സ്ട്രീറ്റില്‍ ജൈനുലാബുദ്ദീന്‍(58)നെയാണ് ലഹരി ഉല്പന്നങ്ങള് തുണി മാലിന്യത്തിനിടയില്‍ ഒളിപ്പിച്ചു കടത്തുന്നതിനിടെ അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള ജില്ല ലഹരി വിരുദ്ധ സ്ക്വാഡിന്റെയും വാളയാര്‍ പൊലീസിന്റെയും സംയുക്ത പരിശോധനയില്‍ പിടികൂടിയത്.
കോവിഡ് നിയന്ത്രണത്തില്‍ പരിശോധനയുണ്ടാകില്ലെന്ന കണക്കുകൂട്ടലില്‍ തമിഴ്നാട്ടില്‍ നിന്നുള്ള തുണി മാലിന്യം കയറ്റി വന്ന പിക്കപ്പ് വാനില്‍ 14 ചാക്കുകളിലായാണ് ലഹരി ഉല്പന്നങ്ങള് സൂക്ഷിച്ചിരുന്നത്. ഒരു ചാക്കില്‍ 7500 പാക്കറ്റെന്ന കണക്കില്‍ 1.5 ലക്ഷം പാക്കറ്റ് ലഹരി ഉല്പന്നമാണ് ഉണ്ടായിരുന്നത്.
അതിര്‍ത്തികളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട് ഡിവൈഎസ്പി പി.മനോജ്കുമാര്‍, നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി കൃഷ്ണന്, വാളയാര്‍ ഇന്‍സ്പെക്ടര്‍ പി.എം.ലിബി , സിപിഒ എസ്. ഷിബു, ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സി.വിജയാനന്ദ്, ആര്. കിഷോര്‍, സൂരജ് ബാബു, കെ. അഹമ്മദ് കബീര്‍, ആര്. രാജീദ്, ദിലീപ്, എസ്. ഷമീര്‍, ഡോഗ് സ്ക്വാഡ് അംഗങ്ങളായ രാജീവ്, മനാഫ്, ഡോഗ് ബെറ്റി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha