കട്ടപ്പനയില്‍ സാരിയില്‍ പൊതിഞ്ഞ് കുഴിച്ചിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം ;അടിമാലിയില്‍ യുവാവ് ഓടയില്‍ മരിച്ചനിലയിലും
കട്ടപ്പനയില്‍ സ്ത്രീയെ കുഴിച്ചിട്ടനിലയിലും അടിമാലിയില്‍ യുവാവിനെ ഓടയില്‍ മരിച്ചനിലയിലും കണ്ടെത്തി. അടിമാലി ആനച്ചാല്‍ ആമക്കണ്ടം ട്രൈബല്‍ സെറ്റില്‍മെന്റ് പുത്തന്‍പുരയ്ക്കല്‍ തങ്കച്ചന്റെ മകന് മോഹനന്റെ (30) മൃതദേഹമാണ് സെറ്റില്‍മെന്റ് റോഡരികിലെ ഓടയില്‍ കണ്ടെത്തിയത്.
കട്ടപ്പന കുരിശുപള്ളി കുന്തളംപാറ പ്രിയദര്‍ശിനി എസ്സി കോളനിയിലെ കുര്യാലില്‍ കാമാക്ഷിയുടെ വീട്ടുവളപ്പിലാണ് സ്ത്രീയുടെ മൃതദേഹം സാരിയില്‍ പൊതിഞ്ഞു കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. കാമാക്ഷിയുടെ ഭാര്യ അമ്മിണിയെ(65) ജൂണ്‍ 7 മുതല്‍ കാണാതായിരുന്നതിനാല്‍ അവരുടെ മൃതദേഹമാണെന്നാണു നിഗമനം.
മൃതദേഹം ജീര്‍ണിച്ചു തുടങ്ങിയതിനാല്‍ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ലോക്ഡൗണിനു മുന്‍പ് ഭര്‍ത്താവ് കാമാക്ഷി തമിഴ്നാട്ടിലേക്കു പോയതിനാല്‍ ഭാര്യ അമ്മിണി ഒറ്റയ്ക്കാണു വീട്ടില്‍ കഴിഞ്ഞിരുന്നത്.
ജൂണില്‍ അമ്മിണിയെ കാണാതായെങ്കിലും തമിഴ്നാട്ടിലേക്കു പോകുമെന്നു പറഞ്ഞിരുന്നതിനാല്‍ നാട്ടുകാരും സംശയിച്ചില്ല. എന്നാല്‍ മൊബൈല്‍ ഫോണിലും ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ, സഹോദരിയുടെ മകന് മൂലമറ്റത്തു നിന്നെത്തി ഈ മാസം 8ന് കട്ടപ്പന പൊലീസില്‍ പരാതി നല്കി.
പൊലീസ് അന്വേഷണത്തില്‍ പുരയിടത്തില്‍ മണ്ണ് ഇളകിക്കിടക്കുന്നതു ശ്രദ്ധയില്‍പെടുകയും ദുര്‍ഗന്ധം അനുഭവപ്പെടുകയും ചെയ്തു. ഇവിടെ കുഴിച്ചു നോക്കിയപ്പോഴാണ് ഒരടി മാത്രം താഴ്ചയില്‍ സാരിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്.
https://www.facebook.com/Malayalivartha