ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു; നിർണായക തെളിവുകൾ ഈ ഫോണിൽ ഉണ്ടെന്ന് സൂചന

മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി ചോദ്യം ചെയ്യലിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തത്. സ്വർണക്കടത്ത് പ്രതികളില്‍ ചിലരുമായി ശിവശങ്കര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഐടി സെക്രട്ടറിയായി ജോലി ചെയ്തിരുന്ന സമയത്തെ ഫോൺ ആണ് പിടിച്ചെടുത്തത്.
നിർണായക തെളിവുകൾ ഈ ഫോണിൽ ഉണ്ടെന്നാണ് സൂചന. ഫോൺ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. എം.ശിവശങ്കർക്കെതിരെ കസ്റ്റംസ് തെളിവ് ശേഖരണം ഊർജിതമാക്കി. ഗൂഢാലോചന നടന്നതായി സംശയിക്കുന്ന ശിവശങ്കറിന്റെ ഫ്ലാറ്റിൽ വീണ്ടും കസ്റ്റംസ് പരിശോധന നടത്തി.
എം ശിവശങ്കറിന്റെ സെക്രട്ടേറിയറ്റിന് അടുത്തുള്ള ഫ്ലാറ്റിലും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന ജോലി ചെയ്തിരുന്ന സ്പേസ് പാര്‍ക്കിന്റെ മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാര്‍ സ്ഥാപനം കേരളാ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലും കസ്റ്റംസ് പരിശോധന. നേരത്തേ എം ശിവശങ്കറിന്റെ ഫ്ലാറ്റിലെ സന്ദര്‍ശനരേഖകള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതനുസരിച്ച് സ്വപ്നയും സരിത്തും സന്ദീപും ഈ ഫ്ലാറ്റില്‍ നിത്യസന്ദര്‍ശകരായിരുന്നുവെന്ന് സൂചനകള്‍ ലഭിച്ചതായാണ് വിവരം. ഐടി വകുപ്പിന് കീഴിലെ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലാണ് എന്‍ഐഎ രണ്ട് മണിക്കൂറോളം പരിശോധന നടത്തിയത്. സെക്രട്ടേറിയറ്റിന് സമീപത്തെ ഫെലിസിറ്റി സ്ക്വയറിലെ ഏഴാം നിലയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനത്തിലെ പ്രോജക്ട് മാനേജരായാണ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിനെ മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ നിയമിച്ചത്. ഈ സ്ഥാപനത്തിന്റെ ചെയര്മാന് ശിവശങ്കറായിരുന്നു.
https://www.facebook.com/Malayalivartha

























