ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജീകരിക്കാന്‍ ഫണ്ട് ഇല്ലാതെ തദ്ദേശ സ്ഥാപനങ്ങള്‍ ഞെരുങ്ങുന്നു, പദ്ധതി വിഹിതത്തിന്റെ മൂന്നാം ഗഡു ഈ മാസം വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത് അനുവദിച്ചില്ല

സിഎഫ്എല്‍ടിസികള്‍ സജ്ജീകരിക്കാന്‍ ഫണ്ട് കണ്ടെത്താനാവാതെ പ്രയാസപ്പെടുകയാണ് തദ്ദേശ സ്ഥാപനങ്ങള്‍. ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ സിഎഫ്എല്‍ടിസി സജ്ജീകരിക്കാന്‍ അനുവദിക്കുമെന്ന് അറിയിച്ചിരുന്ന ഫണ്ട് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഇനിയും നല്‍കിയില്ല. പദ്ധതി വിഹിതത്തിന്റെ മൂന്നാം ഗഡു ഈ മാസം വിതരണം ചെയ്യുമെന്നു പ്രഖ്യാപിച്ചതും അനുവദിച്ചില്ല.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സംഭാവനകളും സംസ്ഥാന/ജില്ല ദുരന്തനിവാരണ ഫണ്ടും സ്വീകരിക്കുന്നതിന് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പേരില്‍ ട്രഷറികളില്‍ പലിശരഹിത സേവിങ്‌സ് അക്കൗണ്ട് തുടങ്ങാനുള്ള നിര്‍ദേശം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കു ധനകാര്യ വകുപ്പില്‍ നിന്ന് ഏതാനും ദിവസം മുന്‍പ് ലഭിച്ചിരുന്നു. എന്നാല്‍, അക്കൗണ്ടിലേക്കു പണം കൈമാറിയില്ല.
സാധാരണ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നല്‍കുന്ന പദ്ധതി വിഹിതത്തിന്റെ മൂന്നാം ഗഡു ഇത്തവണ നേരത്തെ അനുവദിക്കുമെന്ന് ഈ മാസം ആദ്യവാരമാണു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തദ്ദേശ ഭരണ മന്ത്രിയും പിന്നീട് ഇക്കാര്യം ആവര്‍ത്തിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റികളില്‍ നിന്ന് 25 മുതല്‍ 60 ലക്ഷം രൂപ വരെ സിഎഫ്എല്‍ടിസികള്‍ സജ്ജീകരിക്കാന്‍ അനുവദിക്കുമെന്നാണു തദ്ദേശ വകുപ്പ് അറിയിച്ചിരുന്നത്. 100 കിടക്കകള്‍ വരെയുള്ള സെന്ററുകള്‍ ആരംഭിക്കാന്‍ 25 ലക്ഷം, 100 മുതല്‍ 200 വരെ കിടക്കകളുള്ളവയ്ക്ക് 40 ലക്ഷം, 200 കിടക്കകളില്‍ കൂടുതലുള്ളവയ്ക്ക് 60 ലക്ഷം എന്നിങ്ങനെയാണ് അനുവദിക്കുക.
പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പറേഷനുകള്‍ എന്നിവയ്ക്കാണ് സിഎഫ്എല്‍ടിസികള്‍ ആരംഭിക്കാനുള്ള പ്രഥമ ഉത്തരവാദിത്തമെന്നും പഞ്ചായത്ത്, നഗരകാര്യ ഡയറക്ടര്‍മാരെയും ഗ്രാമവികസന കമ്മിഷണറെയും തദ്ദേശ ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. അതേസമയം, ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ ആവശ്യപ്പെടാതെ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ സിഎഫ്എല്‍ടിസികള്‍ ആരംഭിക്കേണ്ടതില്ലെന്ന് തദ്ദേശ ഭരണ വകുപ്പ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha