കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി

കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നയാള്‍ക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും അതേ വ്യക്തിയെ തന്നെ വിവാഹം കഴിക്കണമെന്നുള്ള പെണ്‍കുട്ടിയുടെ സ്‌നേഹം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ 15 ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചത്.
തൃശൂര്‍ സ്വദേശിയായ പ്രശാന്തിന്റെയും പെണ്‍കുട്ടിയുടെയും വിവാഹം ഈ മാസം 13നാണ് നിശ്ചയിച്ചിരുന്നത്. അതിനിടെയാണ് കൊലക്കേസില്‍ പ്രശാന്ത് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടത്. പ്രശാന്തും സുഹൃത്തുക്കളും ചേര്‍ന്ന് ഒരാളെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ. എന്നാല്‍, പ്രശാന്തിനെ തന്നെ വിവാഹം കഴിക്കണമെന്നു പെണ്‍കുട്ടി തീരുമാനിച്ചു. വിവാഹത്തിന് അടിയന്തര പരോള്‍! ആവശ്യപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് പ്രശാന്ത് അപേക്ഷ നല്‍കിയെങ്കിലും നിരസിക്കപ്പെട്ടു. ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച് സ്വന്തം വിവാഹത്തിന് അടിയന്തര പരോള്‍ അനുവദിക്കാന്‍ കഴിയില്ല. തുടര്‍ന്നാണ് പ്രശാന്തിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.
ശിക്ഷിക്കപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടിയുടെ ഭാഗത്തു നിന്നാണ് താന്‍ ഈ കേസ് നോക്കിക്കാണുന്നതെന്ന് കോടതി വ്യക്തമാക്കി. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിട്ടും പെണ്‍കുട്ടിയുടെ സ്‌നേഹം തുടരുകയാണ്. അത്തരമൊരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച ആ പെണ്‍കുട്ടിയുടെ ധൈര്യത്തെ കണ്ടില്ല എന്നു നടിക്കാനാവില്ല. തന്റെ പങ്കാളി ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ ആണെന്ന് അറിഞ്ഞുകൊണ്ടാണ് അത്തരമൊരു തീരുമാനമെടുത്തത്. കോടതി ശിക്ഷിച്ചിട്ടും പെണ്‍കുട്ടിയുടെ നിലപാട് മാറിയില്ല. ഭരണഘടനാപരമായ വിശേഷാധികാരം ഉപയോഗിച്ചുകൊണ്ട് പ്രശാന്തിന് 15 ദിവസത്തെ പരോള്‍ അനുവദിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. പെണ്‍കുട്ടി സന്തോഷവതിയാകട്ടെ എന്നും എല്ലാ അനുഗ്രഹങ്ങളും നല്‍കുന്നുവെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ വിധിന്യായത്തില്‍ ആശംസിച്ചു.
ഈ മാസം 12 മുതല്‍ 15 ദിവസത്തേക്കാണ് പ്രശാന്തിന് പരോള്‍ അനുവദിച്ചിരിക്കുന്നത്. ജൂലൈ 26 ന് വൈകുന്നേരം നാല് മണിക്ക് മുന്‍പായി ജയിലില്‍ തിരിച്ചെത്തണമെന്നും കോടതി വ്യക്തമാക്കി. 'സ്‌നേഹത്തിന് അതിര്‍വരമ്പുകളില്ല. അത് പ്രതിബന്ധങ്ങളെ മറികടക്കുന്നു, മതിലുകളെ ഭേദിച്ച്, പ്രതീക്ഷയോടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നു'– അമേരിക്കന്‍ കവയിത്രി മായ ആഞ്ചലോയുടെ പ്രശസ്തമായ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha