ജയില്‍ സൂപ്രണ്ടുമാരുടെ സ്ഥലംമാറ്റ ഉത്തരവ് രണ്ടാഴ്ചയ്ക്കിടെ മൂന്നാം വട്ടവും തിരുത്തി

ആഭ്യന്തര വകുപ്പ്, ജയില്‍ മേധാവി ഡിജിപി ഋഷിരാജ് സിങ്ങിനു മുന്‍പില്‍ മുട്ടുമടക്കി. ജയില്‍ സൂപ്രണ്ടുമാരെ സ്ഥലം മാറ്റിയ ഉത്തരവ് സിങ്ങിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് രണ്ടാഴ്ചയ്ക്കിടെ മൂന്നാമതും തിരുത്തി.
ഋഷിരാജ് സിങിന് സ്ഥലംമാറ്റ പട്ടികയിലെ ചില പേരുകളില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. അതുമായി മുഖ്യമന്ത്രിയെ സമീപിച്ച അദ്ദേഹം കടുംപിടിത്തം തുടര്‍ന്നു.
ഒടുവില്‍ ഉത്തരവ് നടപ്പാക്കാതെയിരുന്ന ജയില്‍ ഡിജിപിക്ക് ആഭ്യന്തര വകുപ്പ് വഴങ്ങിയതോടെ, ഒരേ കസേരയില്‍ 3 വര്‍ഷത്തിലധികം ഒരേ ഉദ്യോഗസ്ഥന്‍ തുടരരുത് എന്ന നിര്‍ദേശവും ലംഘിക്കപ്പെട്ടു
ഒരേ സ്ഥലത്ത് 3 വര്‍ഷം പിന്നിട്ട സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെ 23 പേരെയാണ് കഴിഞ്ഞ 18-ന് ഇറക്കിയ ആദ്യ ഉത്തരവില്‍ ആഭ്യന്തര വകുപ്പ് സ്ഥലം മാറ്റിയത്. എന്നാല്‍ തന്റെ ശുപാര്‍ശയ്ക്കു വിരുദ്ധമായി ചില പേരുകള്‍ ഉള്‍പ്പെട്ടതില്‍ ജയില്‍ ഡിജിപി എതിര്‍പ്പ് അറിയിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു.
കോട്ടയം, ആലപ്പുഴ ജില്ലാ ജയില്‍ സൂപ്രണ്ടുമാരുടെ സ്ഥലം മാറ്റത്തില്‍ ഭേദഗതി വരുത്തി 23-ന് പുതിയ ഉത്തരവിറക്കി. ഇതിലും ഋഷിരാജ് സിങ് തൃപ്തനാകാതെ വന്നതോടെയാണ് കഴിഞ്ഞ ദിവസം മൂന്നാമത്തെ ഉത്തരവും ഇറക്കിയത്. പുതിയ വിവാദം വേണ്ടെന്ന ഉപദേശത്തെ തുടര്‍ന്നാണു സര്‍ക്കാര്‍ വഴങ്ങിയത്.
https://www.facebook.com/Malayalivartha