കോവിഡ് 19: വഞ്ചിവീട് വ്യവസായം പ്രതിസന്ധിയില്‍

കൊറോണ വ്യാപനം ടൂറിസം മേഖലയില്‍ ഉണ്ടാക്കിയ തളര്‍ച്ച വിനോദ സഞ്ചാര രംഗത്തെ ആശ്രയിച്ചു മുന്നേറിയ വഞ്ചി വീട് ഉടമകളെ വലിയ കഷ്ടത്തിലാക്കി. കോട്ടപ്പുറത്തു നിന്നു പുറപ്പെട്ട് വലിയപറമ്പ് ദ്വീപിന്റെ ചന്തവും കായല്‍ സൗന്ദര്യവും നുകര്‍ന്നു ഏഴിമലയുടെ താഴ്വാരം ചുറ്റി കടന്നു പോകുന്ന മുപ്പതോളം വഞ്ചി വീടുകള്‍ മാസങ്ങളായി കവ്വായി കായലില്‍ വിശ്രമിക്കുകയാണ്.
ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും അല്ലാതെയും ഭീമമായ തുക വായ്പയെടുത്തു വഞ്ചി വീടുകള്‍ നീറ്റിലിറക്കിയ ഉടമകള്‍ തിരിച്ചടവ് വഴി മുട്ടി കഷ്ടപ്പെടുന്നുണ്ട്. പലതും തുരുമ്പെടുത്തു തുടങ്ങിയിട്ടുണ്ട്. വീണ്ടും ഓട്ടം തുടങ്ങണമെങ്കില്‍ ലക്ഷങ്ങള്‍ ചെലവഴിക്കണം. സഞ്ചാരികള്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ പേരിനു പോലും ഓട്ടമില്ല. അര കോടിയില്‍ അധികം രൂപ ചെലവഴിച്ചാണ് ഒരു വഞ്ചി വീട് കായലില്‍ ഇറക്കുന്നത്. മെച്ചപ്പെട്ട അലങ്കാരങ്ങളോടെ വഞ്ചി വീട് കായലില്‍ ഇറക്കാന്‍ 80 ലക്ഷം രൂപയെങ്കിലും വേണം.
ഒറ്റയ്ക്കും കൂട്ടായും ഈ വ്യവസായം നടത്തുന്നുന്നവരുണ്ട്. മിക്കവരും വായ്പയെ ആശ്രയിച്ചു ഈ രംഗത്ത് എത്തിയവരാണ്. ഈ വ്യവസായത്തിനായി ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കാന്‍ മടിക്കുന്നതിനാല്‍ ഭൂമി പണയം വച്ചും മറ്റുമാണ് വായ്പ എടുത്തത്. സര്‍ക്കാരില്‍ നിന്നോ ടൂറിസം വകുപ്പില്‍ നിന്നോ വഞ്ചി വീട് വ്യവസായത്തിനു സഹായമില്ല. 10 മുതല്‍ 50 പേരെ വരെ ഉള്‍ക്കൊള്ളാവുന്ന വഞ്ചി വീടുകളാണ് ഇവിടെയുള്ളത്. ലോക്ഡൗണ്‍ കാലത്ത് ദുരിതം നേരിട്ടവരെ സര്‍ക്കാര്‍ സഹായിച്ചപ്പോള്‍ ആ പട്ടികയിലും ഉടമകളോ ഇതിനെ ആശ്രയിച്ചു കഴിയുന്ന തൊഴിലാളികളോ ഇടം പിടിച്ചില്ല.
ഈ രംഗത്ത് 150 ഓളം തൊഴിലാളികളുണ്ട്. ഇവരില്‍ പലരും ഇപ്പോള്‍ മീന്‍പിടിത്തം ഉള്‍പ്പെടെയുള്ള തൊഴിലുകള്‍ തേടി. സാമ്പത്തിക സഹായം ലഭിക്കാതെ തുടര്‍ന്നും ഈ വ്യവസായ മേഖല മുന്നോട്ടു കൊണ്ടു പോകാന്‍ ബുദ്ധിമുട്ടാണ്. ഉടമകളും തൊഴിലാളികളും സര്‍ക്കാരില്‍ നിന്നു സഹായം പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha