ജനശതാബ്ദി ട്രെയിനിലെ യാത്രക്കാരന് കോവിഡ്; യാത്ര തിരിച്ചത് കോഴിക്കോട്ടുനിന്ന്... എറണാകുളത്ത് ഇറങ്ങി

കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്കു പുറപ്പെട്ട ജനശതാബ്ദി ട്രെയിനിലെ യാത്രക്കാരന് കോവിഡ്–19 സ്ഥിരീകരിച്ചു. കന്യാകുമാരി സ്വദേശിയായ 29കാരനാണു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് കുന്നമംഗലത്ത് കെഎസ്ഇബി ജീവനക്കാരനാണ്. ഇദ്ദേഹത്തിനു രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു. എന്നാൽ സമ്പർക്കം സംശയിച്ചാണു കഴിഞ്ഞ ദിവസം സ്രവം പരിശോധനയ്ക്കു നൽകിയതെന്നാണ് അറിയുന്നത്.
യാത്ര ചെയ്ത് ഇദ്ദേഹം തൃശൂർ എത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന വിവരം വിളിച്ചറിയിക്കുന്നത്. വിവരമറിഞ്ഞ ഉടനെ പൊലീസിനെയും ആര്‍പിഎഫിനെയും അറിയിച്ച യുവാവ് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഇറങ്ങി... തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽനിന്ന് ആംബുലൻസ് എത്തി ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
ട്രെയിനിൽ കാര്യമായി യാത്രക്കാരുണ്ടായിരുന്നില്ലെന്നും ഇദ്ദേഹം ഇരുന്ന സീറ്റിന് സമീപം യാത്രക്കാർ ഇല്ലായിരുന്നു എന്നുമാണ് അറിയിച്ചിട്ടുള്ളത്. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതോടെ ട്രെയിനിന്റെ ഈ കമ്പാർട്മെന്റ് അണുവിമുക്തമാക്കിയശേഷമാണ് യാത്ര തുടർന്നത്. ട്രെയിൻ എറണാകുളം വിട്ടിട്ടുണ്ട്. ഇദ്ദേഹം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ആംബുലൻസിനായി കാത്തിരുന്ന ഇരിപ്പിടവും റെയിൽവേ അണുവിമുക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha