വി.ഐ.പി കോവിഡ് ചികില്‍സ; ആരോഗ്യ വകുപ്പിന്റെ ഉത്തരവ് വിവാദത്തില്‍; കോവിഡ് ആശുപത്രികളില്‍ വി.ഐ.പികള്‍ക്കായി പഞ്ചനക്ഷത്ര മുറികള്‍ ഒരുങ്ങുന്നു; നാട്ടുകാര്‍ക്ക് ചികില്‍സ വീടുകളില്‍; സര്‍ക്കാര്‍ വി.ഐ.പികള്‍ക്കൊപ്പം

കോവിഡ് വ്യാപനം ശക്തമാകുന്നനിടെ കോവിഡ് വി.ഐ.പികള്‍ക്ക് ചികില്‍സക്ക് പ്രത്യേക സൗകര്യം ഒരുക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഉത്തരവ് വിവാദമായി. സംസ്ഥാനത്തെ കൊവിഡ് ആശുപത്രികളില്‍ വിഐപി മുറികളൊരുക്കാനാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ഉത്തരവ് നല്‍കിയത്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയും ലക്ഷണമില്ലാത്തവര്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ തേടാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ചെയ്യുന്നതിനിടെയാണ് കൊവിഡ് കേന്ദ്രങ്ങളില്‍ വിഐപികള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാനുള്ള ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവ്. ഓരോ കൊവിഡ് ആശുപത്രികളിലും മൂന്ന് മുറികള്‍ വീതം വിഐപികള്‍ക്കായി തയ്യാറാക്കി വെക്കാനാണ് നിര്‍ദേശം. വിഐപി സൗകര്യമുള്ള മെഡിക്കല്‍ കോളേജുകളില്‍ മുറികള്‍ പഞ്ചനക്ഷത്ര സൗകര്യത്തിലേക്ക് മാറ്റാനും നിര്‍ദേശമുണ്ട്.
ഉത്തരവിനെത്തുടര്‍ന്ന് സംസ്ഥാനത്തെ 29 കൊവിഡ് ആശുപത്രികളിലും വിഐപി മുറികള്‍ ഒരുക്കാനുള്ള നടപടികള്‍ തുടങ്ങി. ഓരോ ജില്ലയിലെയും പ്രധാന സര്‍ക്കാര്‍ ആശുപത്രികളോ മെഡിക്കല്‍ കോളേജുകളോ ആണ് കൊവിഡ് ആശുപത്രിയായി മാറ്റിയത്. ഇവിടെയുള്ള ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും ഉള്‍പ്പടെ രോഗം സ്ഥിരീകരിക്കുകയും പല വിഭാഗങ്ങളിലും ചികിത്സ പ്രതിസന്ധിയിലാവുകയും ചെയ്ത പശ്ചാത്തലം നിലനില്‍ക്കെയാണ് വിഐപികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനുള്ള തീരുമാനം.
ഇതിനിടെ സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. കാരുണ്യ പദ്ധതിയില്‍ അംഗമല്ലാത്തവര്‍ ചികിത്സയ്ക്ക് പണം നല്‍കണം. ഇതോടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് പരിധിയില്‍ കവിഞ്ഞ നിരക്ക് ഈടാക്കാനാകും. സര്‍ക്കാര്‍ റഫര്‍ ചെയ്യുന്നവര്‍ക്ക് ചികിത്സ സൗജന്യമാണ്. കൊവിഡ് കവച് , കൊവിഡ് രക്ഷാ ഇന്‍ഷുറന്‍സ് എന്നിവ ഉള്ളവര്‍ക്ക് ബന്ധപ്പെട്ട ആശുപത്രികളില്‍ സൗജന്യം ലഭിക്കും. അതേസമയം സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിക്കരുതെന്നും സര്‍ക്കാര്‍ മാര്‍ഗരേഖയില്‍ പറയുന്നു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (കെ.എ.എസ്.പി)കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റഫര്‍ ചെയ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെയും കൊവിഡ് ചികിത്സാ നിരക്കുകള്‍ നിശ്ചയിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവും മാര്‍ഗ നിര്‍ദേശങ്ങളും നേരത്തെ പുറത്തിറങ്ങിയിരുന്നു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്.എച്ച്.എ.) പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരം കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളെ പദ്ധതിയില്‍ അംഗങ്ങളാക്കി വരുന്നതായും കൊവിഡ് ചികിത്സ ലഭ്യമാക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളിലും ഏകീകൃത ചികിത്സാ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്നും വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha