കേരളത്തില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കനത്ത മഴയെന്ന് കാലാവസ്ഥ വകുപ്പ്. അതീവ ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനത്തില്‍ കേരളത്തിലെമ്ബാടും മഴ ലഭിക്കും. അതി തീവ്രമായ മഴക്കും സാധ്യതയുണ്ട്.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ജാഗ്രത വര്‍ധിപ്പിക്കും. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. പുഴയോരത്തും കടല്‍തീരത്തും താമസിക്കുന്നവരും ശ്രദ്ധചെലുത്തണം. മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ നാളെ മുതല്‍ കടലില്‍പോകരുത്. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാഭരണകൂടങ്ങളോട് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കി. കോവിഡ് മാനദണ്ഡം പാലിച്ച് ദുരിതാശ്വാസ ക്യാമ്ബുകള്‍ ഒരുക്കും. 3000 ക്യാമ്ബുകളാണ് തയ്യാറാക്കുക.
വെള്ളം കയറാനിടയുള്ള സ്ഥലങ്ങളില്‍ നിന്ന് പെട്ടെന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ സൗകര്യം ഉണ്ടാക്കും. കൂടാതെ 60 വയസ്സിന് മുകളിലുള്ളവര്‍ക്കും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്‍രറുകളിലുള്ളവര്‍ക്കും പ്രത്യേകം സൗകര്യമാണ് തയ്യാറാക്കുന്നത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് പ്രത്യേകം ക്യാമ്ബുകളും ഉണ്ടാകും. കോവിഡ് വ്യാപനമുള്ള തീരപ്രദേശങ്ങളില്‍ മഴ കൂടി മുന്നില്‍കണ്ട് അതിജാഗ്രതയാണ് പുലര്‍ത്തുന്നത്.
https://www.facebook.com/Malayalivartha