നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"

രാജ്യത്തിന്റെ സ്വർണഖനന മോഹങ്ങള്‍ക്ക് ശക്തിപകരുന്ന പ്രധാന കമ്പനികളില്‍ ഒന്നാണ് ഡെക്കാൻ ഗോൾഡ് മൈൻസ്. ആന്ധ്രാപ്രദേശിലെ ജോന്നാഗിരി ജില്ലയില്‍ കമ്പനിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ സ്വർണഖനി പ്രവർത്തനത്തിന് സജ്ജമായതായുള്ള റിപ്പോർട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഡെക്കാൻ ഗോൾഡ് മൈൻസ് തങ്ങളുടെ പ്രവർത്തനം രാജ്യത്തിന് പുറത്തേക്കും വലിയ തോതില്‍ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
കിർഗിസ്ഥാനിലെ തങ്ങളുടെ പ്രധാന സ്വർണ്ണ ഖനന പദ്ധതിയായ ആൾട്ടിൻ ടോർ ഗോൾഡ് പ്രോജക്ടിൽ വലിയ നിർമ്മാണ പുരോഗതി കൈവരിച്ചുവെന്നാണ് ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. 2025-ന്റെ രണ്ടാം പകുതിയിൽ ഈ പദ്ധതിയുടെ ക്രഷിംഗ്, മില്ലിംഗ് സർക്യൂട്ടുകൾ പ്രവർത്തനക്ഷമമാകും. കിർഗിസ്ഥാനിലെ സ്വർണ്ണ സമ്പന്നമായ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഈ പദ്ധതി, ഡെക്കാൻ ഗോൾഡിന് 60 ശതമാനം നിയന്ത്രണ പങ്കാളിത്തമുള്ള അവേലം പാർട്ണേഴ്സ് എൽ എൽ സിയാണ് പ്രവർത്തിപ്പിക്കുന്നത്.
ഖനിയിലെ പ്രവർത്തനം ആരംഭിക്കുന്നതോടെ, ഇത് മധ്യേഷ്യയിലെ ആദ്യ ഇന്ത്യൻ ഉടമസ്ഥതയിലുള്ള സ്വർണ്ണ ഉൽപ്പാദന കേന്ദ്രമായി മാറുമെന്നും ദ എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. "ബോൾ മിൽ ഫൗണ്ടേഷൻ സ്ഥാപിക്കുകയും പ്രധാന ഉപകരണങ്ങളുടെ നിർമ്മാണം ത്വരിതപ്പെടുത്തുകയും ചെയ്തതോടെ, ഞങ്ങൾ സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാന്‍ പോകുകയാണ്. ഉത്തരവാദിത്തപൂർണ്ണമായ ഖനനവും വേഗത്തിലുള്ള സ്വർണ പ്രോസസിങും ഒരുമിച്ച് പോകുമെന്നതിന്റെ തെളിവാണിത്," ഡെക്കാൻ ഗോൾഡിന്റെ മാനേജിംഗ് ഡയറക്ടർ ഹനുമ പ്രസാദ് മൊദാലി വ്യക്തമാക്കി.
പമ്പുകൾ, കംപ്രസ്സറുകൾ, കൺവെയറുകൾ എന്നിവ ഓർഡർ ചെയ്തിട്ടുണ്ട്, അവ നാലാഴ്ചയ്ക്കുള്ളിൽ സൈറ്റിലെത്തും. കിർഗിസ്ഥാന്റെ പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഒരു സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും ഓർഡർ ചെയ്തിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ ക്രഷിംഗ്, മില്ലിംഗ് സർക്യൂട്ടുകൾ പ്രവർത്തനക്ഷമമാക്കാനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുന്നു. "ഇത് വെറുമൊരു ഖനന പദ്ധതി മാത്രമല്ല, ഒരു സാമ്പത്തിക ഉത്തേജകം കൂടിയാണ്," മൊദാലി കൂട്ടിച്ചേർത്തു.
ഇന്ത്യയിലേയും കിർഗിസ്ഥാനിലേതും ഉള്‍പ്പെടെ നിരവധി തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതില്‍ കിർഗിസ്ഥാനില്‍ നിന്ന് മാത്രം 150 ലധികം പേരുണ്ട്. ഏകദേശം 5,000 മീറ്റർ ഡ്രില്ലിംഗ് പരിപാടിയിലൂടെ പദ്ധതി കൂടുതല്‍ വിപുലമാക്കാനുള്ള ശ്രമങ്ങളും കമ്പനി നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം നടത്തിയ പര്യവേക്ഷണത്തില്‍ നിലവിലെ പിറ്റ് ഡിസൈനിന്റെ പടിഞ്ഞാറും താഴെയുമായി ഉയർന്ന ഗുണനിലവാരമുള്ള സ്വർണ നിക്ഷേപത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
2003-ൽ സ്ഥാപിതമായ ഡെക്കാൻ ഗോൾഡ് മൈൻസ്, ഇന്ത്യയിലെ ആദ്യത്തെയും ഏക ബി എസ് ഇ-ലിസ്റ്റഡ് സ്വർണ്ണ പര്യവേഷണ കമ്പനിയാണ്. ഇന്ത്യക്ക് പുറെ മൊസാംബിക്ക്, കിർഗിസ്ഥാൻ, ഫിൻലൻഡ് എന്നിവിടങ്ങളിൽ കമ്പനിക്ക് ഖനികളുണ്ട്.
അതേസമയം, ജോന്നഗിരിയിലെ ഖനം പ്രവർത്തനം ആരംഭിച്ചാല്‍ വാർഷിക ഉത്പാദനം 1.2 ടൺ സ്വർണ്ണമായിരിക്കുമെന്നാണ് പ്രതീക്ഷ. 2023 ൽ തന്നെ ഖനിയിൽ നിന്ന് ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇവിടുത്തെ സ്വർണ ഖനന സംസ്കരണ പ്ലാന്റ്, ഖനനം ചെയ്യപ്പെടുന്ന അസംസ്കൃത സ്വർണം ശുദ്ധീകരിച്ച് വിപണന യോഗ്യമാക്കുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് നിർമ്മിക്കപ്പെടുന്നത്.
1990-കളുടെ തുടക്കത്തിലാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) ഈ മേഖലയിൽ ആദ്യമായി സർവേ നടത്തുന്നത്. വിശദമായ പരിശോധനയിൽ, പ്രദേശത്തെ ഒന്നിലധികം ബ്ലോക്കുകളിൽ സ്വർണം അടങ്ങിയ പാറയുള്ളതായി സ്ഥിരീകരിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ പ്രവർത്തനക്ഷമമായ സ്വർണഖനിയായി ഈ പദ്ധതി മാറുമെന്നും, ഇത് ലാഭകരമാകുമെന്നും ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡ് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലും വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha