എന്നേം കൊണ്ടേ പോകൂ... ശിവശങ്കറിന് കുടുക്കായി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിന്റെ മൊഴി; ഒരു കോടിയും ഒരു കിലോ സ്വര്‍ണവും അറബി സമ്മാനിച്ചതെന്ന സ്വപ്നയുടെ മൊഴി വിലപ്പോയില്ല; ശിവശങ്കറിന് കുരുക്കായി ബാങ്ക് ലോക്കര്‍ മാറുന്നു; എന്‍ഐഎയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ സ്വപ്നയും ശിവശങ്കറും ഊരാക്കുടിക്കിലേക്ക്

സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌നയുടെ ബാങ്ക് ലോക്കറില്‍ നിന്നും ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും കണ്ടെത്തിയതോടെ സകല മലയാളികളും ഞെട്ടിയതാണ്. എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ വളരെ കൂളായാണ് സ്വപ്ന അതിന് മറുപടി നല്‍കിയത്. വിവാഹ സമ്മാനമായി അറബികള്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയതാണ് ഇതിലേറെയുമെന്നാണ് സ്വപ്ന പറഞ്ഞത്. അതാരാണെന്ന് അന്വേഷണ സംഘം. അറുത്ത് കൈയ്ക്ക് ഉപ്പുതേയ്ക്കാത്തവര്‍ ഒരാള്‍ക്ക് ഒരു കോടിയും ഒരു കിലോ സ്വര്‍ണവും വിവാഹത്തിന് നല്‍കണമെങ്കില്‍ അത് വെറുതേയായിരിക്കില്ലല്ലോ. എന്തോ ഒരിത് കാണുമല്ലോ. അതോടെ ഉത്തരം നല്‍കാനാകാതെ സ്വപ്ന വിയര്‍ത്തു.
സ്വപ്നയുടെ പറച്ചിലിന് പിന്നാലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിന്റെ മൊഴി കൂടിയായപ്പോള്‍ ശിവശങ്കറിനുള്ള ഊരാക്കുടുക്കായി മാറി. സ്വപ്നയ്‌ക്കൊപ്പം ജോയിന്റ് അക്കൗണ്ടില്‍ ബാങ്ക് ലോക്കര്‍ എടുത്തത് മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്‍. ഐ. എക്ക് നല്‍കിയ മൊഴിയാണ് ശിവശങ്കറിന് കുരുക്കാകുന്നത്.
സെക്രട്ടേറിയറ്റിനടുത്ത് എസ്.ബി.ഐ സിറ്റി ബ്രാഞ്ചിലെ ലോക്കറില്‍ നിന്ന് 64 ലക്ഷം രൂപയും 982.5 ഗ്രാം സ്വര്‍ണവും ഫെഡറല്‍ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലെ ലോക്കറില്‍ നിന്ന് 36.5 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. സ്വപ്നയ്ക്ക് ലഭിച്ച സമ്മാനമല്ല മറിച്ച് സ്വര്‍ണക്കടത്തിന് സഹായിച്ചതിന് ലഭിച്ച പ്രതിഫലമാണിതെന്നാണ് എന്‍.ഐ.എയുടെ നിഗമനം. ഈ ലോക്കറുകളുമായി ശിവശങ്കറിനെ ബന്ധപ്പെടുത്തുന്നതാണ് തിരുവനന്തപുരത്തെ പ്രമുഖനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ വെളിപ്പെടുത്തല്‍. ശിവശങ്കറിന്റെയും സ്വപ്നയുടെയും ആദായനികുതി റിട്ടേണുകളടക്കം കൈകാര്യം ചെയ്തിരുന്ന ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത എന്‍. ഐ. എ, ഇയാളുടെ ഓഫീസില്‍ റെയ്ഡ് നടത്തി രേഖകളും പിടിച്ചെടുത്തിരുന്നു.
സ്വപ്നയെ തനിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും താന്‍ ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും പറഞ്ഞ് ഒഴിയുകയാണ് അക്കൗണ്ടന്റ്. ലോക്കറിലെ പണവും ആഭരണവും ശിവശങ്കറിന്റെ അറിവിലുള്ളതായിരുന്നെന്ന് സാരം. അതിനിടെ അറ്റാഷെയുടെ അറിവോടെ നടത്തിയ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുടെ പ്രതിഫലമാണ് ലോക്കറിലെ പണമെന്നും ആഭരണങ്ങള്‍ വിവാഹത്തിന് വീട്ടുകാര്‍ നല്‍കിയതെനനും സ്വപ്നയുടെ പിന്നീട് മൊഴി നല്‍കിയിട്ടുണ്ട്. ഇത് വിശ്വാസയോഗ്യമല്ലെന്ന് കസ്റ്റംസും എന്‍.ഐ.എയും പറയുന്നു. കാരണം, ലോക്കറിലുണ്ടായിരുന്നത് രണ്ടായിരത്തിന്റെ പുതിയ നോട്ടുകളാണ്. പണവും സ്വര്‍ണവും ലോക്കറില്‍ നിക്ഷേപിച്ചത് ശിവശങ്കറിന്റെ അറിവോടെയാണെന്ന് എന്‍.ഐ.എ കണ്ടെത്തിയാല്‍ സ്വര്‍ണക്കടത്തും അദ്ദേഹം അറിഞ്ഞിരുന്നു എന്നതിന് തെളിവാകും. ലോക്കര്‍ ആരൊക്കെ തുറന്നു എന്നതിന്റെ ബാങ്ക് രേഖ എന്‍.ഐ.എ പിടിച്ചെടുത്തിട്ടുണ്ട്. ലോക്കര്‍ തുറക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും നിര്‍ണായകമാവും.
ഇത് കസ്റ്റംസിനും പിടിവള്ളിയായിരിക്കുകയാണ്. സ്വര്‍ണക്കടത്തിലൂടെ കിട്ടിയ പണമാണ് ലോക്കറിലേതെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസിന് ശിവശങ്കറിനെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാം. ഐ.പി.സി, സി.ആര്‍.പി.സി ചട്ടങ്ങള്‍ കസ്റ്റംസിന് ബാധകമല്ല. കസ്റ്റംസ് ആക്ട് പ്രകാരം സാഹചര്യതെളിവുകളുണ്ടെങ്കിലും കുറ്റം ചുമത്താം. ഏഴു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്താം.
വളരെ മണിക്കൂറുകള്‍ മാരത്തോണ്‍ ചോദ്യം ചെയ്യല്‍ നടത്തിയിട്ടും ശിവശങ്കറിനെ പൂട്ടാന്‍ എന്‍ഐഎയ്ക്ക് മതിയായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. സ്വപ്നയുമായി സുഹൃത് ബന്ധം മാത്രമേയുള്ളൂവെന്നും മറ്റൊന്നും അറിയില്ലെന്നാണ് ശിവശങ്കര്‍ പറഞ്ഞത്. എത്രയൊക്കെ ചോദ്യം ചെയ്തിട്ടും ശിവശങ്കര്‍ ഇതില്‍ നിന്നും മാറിയതുമില്ല. സ്വപ്നയും ഇതില്‍ ഉറച്ച് തന്നെ നിന്നു. എന്നാല്‍ അതിന് പിന്നാലെ സ്വപ്നയുടെ ലോക്കര്‍ കഥയാണ് എല്ലാം പൊളിച്ചത്.
"
https://www.facebook.com/Malayalivartha