സ്വപ്നമണം കൊണ്ടേ പോകൂ... ബാങ്ക് ലോക്കറില്‍ ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവുമുള്ള സ്വപ്ന സുരേഷ് ശിവശങ്കറില്‍ നിന്നും പലപ്പോഴും സാമ്പത്തിക സഹായം സ്വീകരിച്ചതെന്തിന്? പലപ്പോഴായി സ്വപ്ന ശിവശങ്കറില്‍ നിന്നും വലിയ തുക സ്വീകരിച്ചതിന്റെ പിന്നിലും അന്വേഷണം മുറുകുന്നു; ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ വീണ്ടും

സ്വപ്നയെ വര്‍ഷങ്ങളായി അടുത്തറിയാം, പക്ഷേ, സ്വര്‍ണക്കടത്ത് നടത്തുന്നുണ്ടെന്നറിയില്ലായിരുന്നു... എന്നാണ് സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം ശിവശങ്കര്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. താനറിയുന്ന സ്വപ്ന പാവമാണ്. സ്വപ്നയുടെ ഭര്‍ത്താവാണ് സ്വപ്നയെ തന്നെ പരിചയപ്പെടുത്തിയത്. അവരുമായുള്ള അടുത്ത ബന്ധം കൊണ്ടാണ് പലപ്പോഴായി പല സഹായങ്ങള്‍ ചെയ്ത് കൊടുത്തത്. അവരുടെ പാവം കണ്ടിട്ടാണ് കോണ്‍സലേറ്റില്‍ നിന്നും ജോലി നഷ്ടപ്പെട്ടപ്പോള്‍ ഒരു മീന്‍ കുഞ്ഞും അറിയാതെ ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ ജോലി തന്റെ മൂക്കിന്‍ തുമ്പത്ത് നല്‍കിയത്. എന്നാല്‍ ആ പാവം ശിവശങ്കറിനോട് വീണ്ടും വീണ്ടും കഷ്ടതകള്‍ പറഞ്ഞ് സ്വപ്ന സാമ്പത്തിക സഹായം സ്വീകരിച്ചു. ചിലപ്പോള്‍ വലിയ തുക നല്‍കിയെന്നാണ് പറയുന്നത്. ശിവശങ്കറിനെ സംബന്ധിച്ച് അതൊന്നും വലിയൊരു കാര്യമായി തോന്നിയില്ല. പാവം സ്വപ്ന. ഇനി സാമ്പത്തികമെങ്ങാനും കൊടുക്കാതിരുന്നാല്‍ അതില്‍ തട്ടി ഭര്‍ത്താവ് പരിചയപ്പെടുത്തിക്കൊടുത്ത ബന്ധം തകര്‍ക്കാന്‍ പാടുണ്ടോ. അങ്ങനെ ശിവശങ്കറിന്റെ പണവും ബന്ധങ്ങളും ഊറ്റിയൂറ്റിയൂറ്റി സ്വപ്ന തടിച്ച് കൊഴുത്തു. പക്ഷെ സാധാരണ പച്ചരി കഴിക്കുന്ന മനുഷ്യന്‍മാര്‍ക്ക് ഇപ്പോഴും ഒരു സംശയമാണ്. വിവാഹ സമ്മാനമായി ഒരു കോടി രൂപയും ഒരു കിലോ പണ്ടവും കിട്ടിയെന്നാണ് സ്വപ്ന പറയുന്നത്. ഇത്രയേറെ ലോക്കറില്‍ പൂഴ്ത്തി വച്ചിട്ടാണോ പാവം ശിവശങ്കര്‍ സാറിനെ ഊറ്റിയത്? ചോദ്യത്തിനുത്തരം ഉടന്‍ കിട്ടില്ല. കാരണം സ്വപ്ന അതുക്കും മേലെയാണ്.
ജോലിഭാരത്തെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ആശ്വാസം കണ്ടെത്താനുമാണ് താന്‍ സ്വപ്‌നയുടെ ഫ്‌ളാറ്റിലെ പാര്‍ട്ടികളില്‍ പങ്കെടുത്തതെന്നാണ് ശിവശങ്കര്‍ എന്‍.ഐ.എയ്ക്ക് മൊഴി നല്‍കിയത്. പലദിവസങ്ങളിലും ജോലി കഴിഞ്ഞ ഇറങ്ങുമ്പോള്‍ അര്‍ദ്ധരാത്രിയാകും. ഇതുകാരണമാണ് സെക്രട്ടേറിയറ്റിന് സമീപത്ത് ഫ്‌ളാറ്റ് എടുത്തതെന്നും ശിവശങ്കര്‍ പറഞ്ഞു. ഫ്‌ളാറ്റില്‍ മിക്കപ്പോഴും സ്വപ്‌നയുടെ ഭര്‍ത്താവും കുട്ടികളും അടുത്ത ബന്ധുക്കളും ഉണ്ടാകും. ബന്ധുവായതിനാലാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്‌ളാറ്റ് എടുത്തു നല്‍കാന്‍ സ്വപ്നയെ സഹായിച്ചത്. ഔദ്യോഗിക ജീവിതത്തില്‍ മറ്റു സഹായങ്ങള്‍ നല്‍കിയിട്ടില്ല. സ്വര്‍ണം പിടികൂടിയ സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കര്‍ എന്‍.ഐ.എയോട് പറഞ്ഞു.
അതേസമയം സഹായ മനസുള്ള സ്വപ്ന ആരേയും തള്ളാനോ സ്വയം കുറ്റം ഏല്‍ക്കാനോ ഒരിക്കല്‍ പോലും തയ്യാറായില്ല. സരിത്തിന് ഭീമമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്നും ഇത് മറികടക്കാനാണ് സ്വര്‍ണക്കടത്തിലേക്ക് തിരിഞ്ഞതെന്നും സ്വപ്‌ന കസ്റ്റംസിന് മൊഴി നല്‍കിയത്. എന്നാല്‍ സരിത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് എങ്ങനെയാണെന്ന് സ്വപ്‌ന വിശദീകരിച്ചില്ല.
ഇക്കാരണത്താല്‍ തന്നെ സ്വപ്‌നയുടെ മൊഴി അന്വേഷണ സംഘം പൂര്‍ണമായും വിശ്വസിച്ചില്ല. സരിത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകണമെങ്കില്‍ മറ്റ് തരത്തിലുള്ള ബന്ധങ്ങളോ ബിസിനസോ മറ്റോ ഉണ്ടായിരിക്കണമെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാല്‍ സരിത്തിന് മറ്റ് ബിസിനസുകളോ സാമ്പത്തിക ഇടപാടുകളോ ഉണ്ടായിരുന്നു എന്നതിന് ഇതുവരെ അന്വേഷണ സംഘത്തിന് തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടുമില്ല.
പാവം സ്വപ്ന ശിവശങ്കറിനെ ഊറ്റിയതിന് പിന്നാലെ അറബികളേയും ഊറ്റി എന്നതിനും തെളിവ് പുറത്തായി. നയതന്ത്രചാനലിലൂടെയുള്ള സ്വര്‍ണക്കടത്തില്‍ യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെ റാഷിദ് ഖാമിസിനെയും പറ്റിച്ചെന്ന് സ്വപ്‌നയും സന്ദീപ് നായരും കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തിയത്. അറ്റാഷെ കമ്മിഷന്‍ കൂടുതല്‍ ചോദിച്ചതോടെ കടത്തിയ സ്വര്‍ണത്തിന്റെ അളവ് കുറച്ചു പറഞ്ഞാണ് കബളിപ്പിച്ചത്.
ലോക്ക് ഡൗണിന് മുമ്പുവരെ 20 തവണ സ്വര്‍ണംകടത്തി. ഓരോ തവണയും അഞ്ചു മുതല്‍ ഏഴുകിലോ വരെയാണ് കൊണ്ടുവന്നിരുന്നത്. ഏറ്റവും കൂടുതലായി എത്തിയ 35 കിലോയാണ് പിടിക്കപ്പെട്ടത്. ലോക്ക് ഡൗണ്‍ സമയത്ത് കൂടുതല്‍ സ്വര്‍ണം കടത്തണമെന്ന റെമീസിന്റെ നിര്‍ദേശപ്രകാരമാണ് ദുബായില്‍നിന്ന് ഫൈസല്‍ ഫരീദ് 35 കിലോ അയച്ചത്. അറ്റാഷെയോട് മിക്കപ്പോഴും മൂന്നുകിലോ സ്വര്‍ണം കടത്തിയെന്നാണ് പറഞ്ഞിരുന്നത്. എങ്ങനെയുണ്ട് ഇതാണ് സ്വപ്ന.
"
https://www.facebook.com/Malayalivartha