സ്വപ്നഭൂമിയിലെ ഇടനിലക്കാരി... സ്വപ്നയെ എന്തിന് നമ്മുടെ വിവിഐപികളും അറബികളും ഒരുപോലെ ഇഷ്ടപ്പെടുന്നു എന്ന ചോദ്യത്തിന് ഉത്തരമാകുന്നു; കേരളത്തിനും യുഎഇക്കും ഇടയില്‍ ഇടനിലക്കാരി ആയെന്ന സ്വപ്ന സുരേഷിന്റെ മൊഴി പലരേയും വെട്ടിലാക്കുന്നത്; യുഎഇയിലെ ഒരു കാര്യം പെട്ടെന്ന് നടക്കണോ സ്വപ്ന കനിയണം

തോന്‍മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തില്‍ കുതിരവട്ടം പപ്പു പറയുന്ന മാസ് ഡയലോഗ് ഈയവസരത്തിലും ഓര്‍ത്ത് പോകുകയാണ്. കുതിരവട്ടം പപ്പുവിന്റെ 'ടാസ്‌കി വിളിയെടാ' എന്ന ഡയലോഗ് ഉറക്കത്തില്‍ പോലും നമ്മള്‍ ഓര്‍ത്ത് ഓര്‍ത്ത് ചിരിച്ചിട്ടുണ്ട്. ഒപ്പം ശോഭനയുടെ ആ അമ്മവനല്ല അമ്മാവാ ഈ അമ്മാവനെന്നും മോഹന്‍ലാലിന്റെ കൗണ്ടറും കൂടിയാകുമ്പോള്‍ എല്ലാം ഓകെ. അതുപോലെയാണ് കറുത്ത കുപ്പായമണിഞ്ഞ മാഡവും. കേരളത്തില്‍ നിന്നും ഈസിയായി ദുബായിലേക്ക് പോണമെങ്കില്‍ മാഡം ടാസ്‌കി വിളിക്കാന്‍ പറയണം. അത്രയ്ക്കാണ് സ്വപ്നയും വിവിഐപികളും അറബികളുമായുള്ള ബന്ധം. അതിനായി പലരും സ്വപ്നയെ വിളിച്ചിട്ടുണ്ട്. ചങ്ങാത്തം കൂടിയിട്ടുണ്ട്. അവരെല്ലാം തലയില്‍ മുണ്ടിടുന്ന അവസ്ഥയിലാണ്.
സ്വപ്ന തന്നെ നല്‍കിയ മൊഴിയിലൂടെയാണ് ഇക്കാര്യങ്ങള്‍ പകല്‍പോലെ വ്യക്തമാകുന്നത്. കേരളത്തിനും യു.എ.ഇ.യ്ക്കുമിടയില്‍ ഔദ്യോഗിക തലത്തിലും സ്വകാര്യ സംരംഭങ്ങളിലും ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചെന്നാണ് സ്വപ്നാ സുരേഷിന്റെ മൊഴി നല്‍കിയിരിക്കുന്നത്. കസ്റ്റംസ് ചോദ്യം ചെയ്യലിലാണ് സ്വപ്നയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. ഇതോടെ സമീപ വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കിടയില്‍ നടന്ന കരാറുകളിലേക്കും കസ്റ്റംസ് ശ്രദ്ധ തിരിച്ചു.
കോണ്‍സുലേറ്റ് വഴിയും അല്ലാതെയും നടന്ന മിക്ക ഇടപാടുകളിലും സ്വപ്നയുടെ സ്വാധീനം വ്യക്തമാണ്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും എത്തിയ സഹായനിധിയില്‍ നിന്നു പോലും ഒരു വിഹിതം അവരിലേക്ക് എത്തിയിരുന്നു എന്നാണ് കസ്റ്റംസ് കരുതുന്നത്.
ദുബായിലും മറ്റും മലയാളികള്‍ ഉള്‍പ്പെട്ട കേസുകള്‍ ഒതുക്കിത്തീര്‍ക്കാനും ഇവര്‍ തന്റെ സ്വാധീനം ഉപയോഗിച്ചിരുന്നു. ഇവരില്‍ പലരും ജൂലായ് അഞ്ചിന് സ്വപ്നയെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവരും ഈയവസരത്തില്‍ പെട്ടുപോയിരിക്കുകയാണ്.
സ്വപ്നയെക്കുറിച്ചുള്ള ആദ്യ സൂചനകളില്‍ പോലും പലതരത്തിലുള്ള ഡീലുകള്‍ ഒതുക്കിത്തീര്‍ക്കാനുള്ള സാമര്‍ഥ്യം അന്വേഷണ സംഘത്തിന് പിടികിട്ടി. കോടിക്കണക്കിനു രൂപയാണ് ഈ വഴിക്ക് നേടിയത്. എന്നിട്ടും എന്തിന് സ്വര്‍ണക്കടത്തിലേക്ക് ഇറങ്ങി എന്നതാണ് അന്വേഷണ സംഘത്തെ പോലും അത്ഭുതപ്പെടുത്തുന്നത്.
സ്വപ്ന ഉണ്ടാക്കിയ പണം എവിടെപ്പോയി എന്നതാണ് കസ്റ്റംസിനെ കുഴക്കുന്ന മറ്റൊരുകാര്യം. സ്വപ്ന പറഞ്ഞ കാര്യങ്ങള്‍ ശരിയെങ്കില്‍ നല്ലൊരു സമ്പാദ്യം ഉണ്ടാവുമെന്നാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്. പിടിച്ചെടുത്ത ഒരുകോടി വളരെ തുച്ഛമാണ്. എന്നാല്‍, നേടിയ പണം എന്തിന് ഉപയോഗിച്ചെന്ന് വ്യക്തമാക്കുന്നില്ല. സ്വപ്നയുടെ ഇടപാടുകള്‍ കൈവിട്ടു പോവുന്നു എന്നു കണ്ട് ശിവശങ്കര്‍ ഒരിക്കല്‍ അവരെ താക്കീത് ചെയ്തിരുന്നു. അത് പരിഗണിക്കാതിരുന്നതുകൊണ്ടാവും സ്വര്‍ണം പിടിയിലായ വിവരം പറഞ്ഞപ്പോള്‍ അദ്ദേഹം ഇടപെടാതെയിരുന്നത്. ശിവശങ്കറിന്റെ മൊഴിയിലും ഇതാവര്‍ത്തിക്കുന്നുണ്ട്.
ഇതോടെ സ്വപ്നയെ ഉപയോഗിച്ച് ആരോ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയിക്കുന്നുണ്ട്. സ്വപ്ന നേടിയ പണം ആ കേന്ദ്രങ്ങളിലേക്ക് ആവും ഒഴുകിയതെന്നാണ് കസ്റ്റംസിന്റെ നിഗമനം. സ്വര്‍ണം ഇടപാട് നടത്തിയവര്‍ പതിവ് രീതിയില്‍ത്തന്നെയാണ് പ്രവര്‍ത്തിച്ചത്. ഹവാല ഉപയോഗിച്ചുള്ള പണം എത്തിയത് ആര്‍ക്കൊക്കെ എന്ന് ഊഹവുമുണ്ട്. പക്ഷേ, സ്വപ്ന ഇടനില നിന്നുണ്ടാക്കിയ കോടികള്‍ എങ്ങോട്ടേക്കുപോയി എന്നതാണ് ചോദ്യം. ഈ പണം പോയ വഴിയെക്കുറിച്ച് ശിവശങ്കറിന് അറിവില്ലാതിരിക്കുമോ എന്നും അന്വേഷിക്കുന്നുണ്ട്.
സ്വപ്‌ന സുരേഷിന് മറ്റ് രാജ്യങ്ങളുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിന് പിന്നാലെയാണ് ഇടനിലക്കാരിയാണെന്ന വിവരവും പുറത്ത് വരുന്നത്. സ്വപ്‌നയുടെ മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെടുത്ത വിവരങ്ങളുടെ ചുവടുപിടിച്ച് എന്‍.ഐ.എയുടെ അന്വേഷണം രാജ്യസുരക്ഷാ വിഷയങ്ങളിലേക്കാണ് പോകുന്നത്. ഇതോടെ സഹായമഭ്യര്‍ത്ഥിച്ച് സ്വപ്നയെ വിളിച്ചവരും മറനീക്കി പുറത്ത് വരും.
https://www.facebook.com/Malayalivartha