ഉത്രയുടെ കൊലപാതകം പുനരാവിഷ്കരിച്ചു: സൂരജ് കുടുങ്ങും, പഴുതുകൾ പൂട്ടി ക്രൈംബ്രാഞ്ചിന്റെ മാസ്റ്റർ പ്ലാൻ

ഉത്ര കൊലപാതകക്കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഡമ്മി പരീക്ഷണം നടത്തി. കൊലപാതകത്തില്‍ ചെറിയ തെളിവുകള്‍ പോലും നഷ്ടമാകാതിരിക്കാനാണ് ക്രൈംബ്രാഞ്ച് വീണ്ടും കൊലപാതകം പുനരാവിഷ്‌കരിച്ചിരിക്കുന്നത്.
മൂർഖൻ പാമ്പിനെ കൊണ്ട് ഡമ്മിയിൽ കടിപ്പിച്ചാണ് പരീക്ഷണം നടത്തിയത്. അതേസമയം ഡമ്മി പരീക്ഷണത്തിന്റെ വീഡിയോ ചൊവ്വാഴ്ച്ച കോടതിയിൽ സമർപ്പിക്കും. കേസ് ശാസ്ത്രീയമായി തെളിയിക്കുന്നതിനുള്ള പ്രധാന രേഖയായി ഈ വീഡിയോ മാറുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
കൊല്ലം അരിപ്പയിലെ വനംവകുപ്പിന്റെ സംസ്ഥാന ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചായിരുന്നു പരീക്ഷണം. ഉത്രയെ കൊലപ്പെടുത്തിയ രീതി അന്വേഷണസംഘം ഡമ്മിയുപയോഗിച്ച് പുനരാവിഷ്‌കരിച്ചു. സൂരജിന്റെ മൊഴിയുടേയും അന്വേഷണസംഘത്തിന് ലഭിച്ച തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു ഡമ്മി പരീക്ഷണം. കൊലപാതകത്തില്‍ ചെറിയ തെളിവുകള്‍ പോലും നഷ്‌ടമാകാതിരിക്കാനും പ്രതി സൂരജിനു രക്ഷപ്പെടാൻ പഴുതുകൾ ഇല്ലാതാക്കാനുമാണ് ക്രൈംബ്രാഞ്ച് കൊലപാതകം പുനരാവിഷ്‌കരിച്ചത്. കേസിലെ ശാസ്‌ത്രീയ തെളിവുകൾക്ക് ഡമ്മി പരീക്ഷണം പ്രധാനപ്പെട്ടതാണ്.
അതേസമയം, ഉത്രയുടെ ശരീരത്തില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തിയിരുന്നു. രാസ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായതാണ്. ആന്തരികാവയവങ്ങളുടെ രാസപരിശോധനയിലാണ് ഉത്രയെ കടിച്ചത് മൂര്‍ഖന്‍ തന്നെയാണെന്ന് വ്യക്തമായത്. ഉത്രയുടെ ആന്തരികാവയവങ്ങളിൽ സിട്രസിൻ മരുന്നിന്റെ അംശവും കണ്ടെത്തിയിരുന്നു.
അടുത്തിടെ അടൂരിലെ വീട്ടിൽ വനം വകുപ്പ് തെളിവെടുപ്പിനെത്തിച്ചപ്പോൾ, ഉത്രയെ കൊന്നത് താൻ തന്നെയാണെന്ന് സൂരജ് പരസ്യമായി സമ്മതിച്ചിരുന്നു. എന്നാൽ സൂരജിന്റെ തുറന്നുപറച്ചിൽ കുടുംബത്തിലെ മറ്റ് അംഗങ്ങളെ രക്ഷിക്കാനാണെന്ന് ഉത്രയുടെ സഹോദരൻ ആരോപിച്ചു. കൊലപാതകത്തിൽ കുടുംബത്തിനും പങ്കുണ്ട്. വീട്ടിലെ മറ്റാരും കുടുങ്ങാതിരിക്കാനാണ് സൂരജിന്റെ ഇപ്പോഴത്തെ തുറന്നുപറച്ചിലെന്ന് സഹോദരൻ പറഞ്ഞിരുന്നു.
ഉത്രയെ കൊലപ്പെടുത്തിയത് സ്വത്ത് സ്വന്തമാക്കാനെന്ന് സൂരജ് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. സ്വത്തിനും സ്വർണത്തിനും വേണ്ടി ഉത്രയെ മാനസികമായി പീഡിപ്പിച്ചുവെന്നും പീഡനം തുടർന്നാൽ മാതാപിതാക്കൾ ഉത്രയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമോയെന്ന് ഭയപ്പെട്ടിരുന്നതായും സൂരജ് മൊഴി നൽകിയിരുന്നു. ഉത്രയെ കൊണ്ടുപോയാൽ സ്വത്ത് നഷ്ടപ്പെടുമോയെന്ന് ഭയന്നിരുന്നുവെന്നും കൊല നടത്താൻ വേണ്ടി 17,000 രൂപ ചെലവാക്കി രണ്ടു തവണ വിഷപാമ്പുകളെ വിലയ്ക്ക് വാങ്ങിയെന്നും സൂരജ് മൊഴി നൽകിയതായാണ് പൊലീസ് പറയുന്നത്.
രാത്രി ഭർത്താവിനും മകനും ഒപ്പം കിടന്നുറങ്ങിയതാണ് ഉത്ര. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ ബോധരഹിതയായി കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചു. അപ്പോഴാണ് യുവതിക്ക് പാമ്പ് കടിയേറ്റതായി അറിയുന്നത്. പിന്നീട് ബെഡ് റൂമിൽ നടത്തിയ തിരച്ചിലിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുകയും ചെയ്‌തു. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നായിരുന്നു ഉത്രയുടെ വീട്ടുകാരുടെ സംശയം. വീട്ടുകാരുടെ സംശയത്തെ തുടർന്നാണ് പിന്നീട് പൊലീസിൽ പരാതിപ്പെട്ടത്.
സൂരജും മകനും അതേ മുറിയിൽ ഉണ്ടായിരുന്നിട്ടും പാമ്പ് കടിച്ചത് ഉത്രയെ മാത്രമാണ്. ഇരുവരുടെയും മകന് ഒരു വയസ് മാത്രമാണ് പ്രായം. ഉത്രയെ പാമ്പ് കടിച്ചതും മരിച്ചതും താൻ അറിഞ്ഞില്ലെന്നാണ് സൂരജ് ആദ്യം മൊഴി നൽകിയത്. ഇതിൽ വൈരുദ്ധ്യമുണ്ടെന്ന് ആരോപിച്ച് ഉത്രയുടെ മാതാപിതാക്കൾ രംഗത്തെത്തിയതോടെ അന്വേഷണം സൂരജിനെതിരായി.
മാർച്ച് രണ്ടിന് അടൂർ പറക്കോടുള്ള ഭർതൃവീട്ടിൽ വച്ചും ഉത്രയ്‌ക്ക് പാമ്പ് കടിയേറ്റിരുന്നു. അന്ന് പാമ്പ് കടിയേറ്റതിനെ തുടർന്ന് ഉത്തരയെ പുഷ്‌പഗിരി മെഡിക്കൽ കോളേജിൽ ചികിത്സിക്കുകയായിരുന്നു. ആശുപത്രിയിലെ ചികിത്സയ്‌ക്ക് ശേഷം വീട്ടിൽ ചികിത്സ തുടരുമ്പോഴാണ് ഉത്തരയ്ക്ക് വീണ്ടും പാമ്പ് കടിയേറ്റത്. അന്ന് അണലിയാണ് ഉത്തരയെ കടിച്ചത്. ചികിത്സയിലായതിനാൽ ഉത്ര തന്റെ കൊല്ലം അഞ്ചലിലുള്ള സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. രണ്ടാമത് പാമ്പ് കടിയേറ്റു മരിച്ച ദിവസം ഭർത്താവ് സൂരജ് ഉത്രയുടെ അഞ്ചലിലുള്ള വീട്ടിലേക്ക് എത്തുകയായിരുന്നു.
https://www.facebook.com/Malayalivartha