കെ.എസ്.ഇ.ബി വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തോ ഇല്ലയോ? പക്ഷേ മൂന്ന് ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്നു; സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ ജനങ്ങളുടെ വിവരം സുരക്ഷിതമാണോ? തങ്ങള്‍ ചോര്‍ത്തിയ വിവരങ്ങള്‍ക്ക് അഞ്ചു കോടി രൂപ മൂല്യമെന്ന് കെ ഹാക്കേഴ്‌സ്

കെ.എസ്.ഇ.ബി വെബ്‌സൈറ്റ് ഹാക്ക് ചെയ്തത് വലിയ വാര്‍ത്തയായി. കെ ഹാക്കേഴ്‌സ് എന്നപേരില്‍ അറിയപ്പെടുന്ന ഹാക്കര്‍മാരാണ് സൈറ്റില്‍ നുഴഞ്ഞു കയറ്റം നടത്തിയിരിക്കുന്നത്. എന്നാല്‍ ഹാക്കിങ്ങല്ല, ഉപയോക്താക്കള്‍ക്കുള്ള ഒരു സൗകര്യം ആരോ ദുരുപയോഗം ചെയ്തതാണെന്ന് കെ എസ് ഇ ബി ചെയര്‍മാന്‍ എന്‍ എസ് പിള്ള പറഞ്ഞു. കെ.എസ്.ഇ.ബി. സൈറ്റിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടുന്നതിന് വേണ്ടിയാണ് ഹാക്കര്‍മാര്‍ ഈ വിവരം പുറത്തുവിട്ടത്. മൂന്നുലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് കെ. ഹാക്കേഴ്‌സ് എന്ന സംഘം പറയുന്നത്. എത്തിക്കല്‍ ഹാക്കിംഗ് അയതുകൊണ്ടു തന്നെ ഭയക്കാന്‍ ഒന്നുമില്ല. എന്നാല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ ജനങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമാണോയെന്ന ചോദ്യം ഇവിടെ ഉയരുകയാണ്.
ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായി ബില്ലടയ്ക്കാനും പഴയ ബില്‍വിവരങ്ങള്‍ ലഭ്യമാക്കാനുമുള്ള ഓപ്ഷനിലാണ്് നുഴഞ്ഞുകയറ്റം നടത്തിയിരിക്കുന്നത്. വൈദ്യുതി ഉപയോക്താക്കളുടെ വിവരങ്ങള്‍, ഫോണ്‍ നമ്പരുകള്‍, വൈദ്യുതി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയാണ് ഈ ഓപ്ഷനില്‍നിന്ന് ലഭിക്കുക. ഇതു ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്ന് അധികൃതര്‍ ഈ സൗകര്യം ബ്ലോക്കുചെയ്തിട്ടുണ്ട്. ഉപയോക്താക്കള്‍ക്കുള്ള ഒരു സൗകര്യം നഷ്ടപ്പെടുത്തിയെന്നതല്ലാതെ ഇതില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന നിലപാടിലാണ് ബോര്‍ഡ് അധികൃതര്‍. ഇതുസംബന്ധിച്ച് പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. ഓണ്‍ലൈന്‍ ബില്ലടയ്ക്കുന്നതിനും പഴയ ബില്ല് ലഭ്യമാക്കുന്നതിനും സുരക്ഷിതമായ മറ്റു മാര്‍ഗ്ഗങ്ങളേപ്പറ്റി ബോര്‍ഡ് അലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ ഉള്ള മൂന്നു ലക്ഷം ആള്‍ക്കാരുടെ വിവരങ്ങള്‍ തങ്ങള്‍ എടുത്തുവെന്നും ഈ വിവരങ്ങളുടെ ഇന്നത്തെ മാര്‍ക്കറ്റ് വില അഞ്ച് കോടിക്ക് മുകളില്‍ ഉണ്ട് കെ ഹാക്കേഴ്‌സ് വ്യക്തമാക്കി.
കെ.എസ്.ഇ.ബി വിശദീകരണം എന്തുതന്നെയാലും ഓണ്‍ലൈന്‍ സംവിധാനത്തിന്റെ സുരക്ഷാ പിഴവിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കെ ഹാക്കേഴ്‌സ് ചെയ്തതുപോലെ സാങ്കേതിക ജ്ഞാനം ളള്ളവര്‍ക്ക് ലളിതമായി ഉപഭോക്താവിന്റെ നമ്പര്‍ ലഭ്യമാകുന്നുവെന്നത് ഗുരുതരമായ വീഴ്ചയാണ്. മെബൈല്‍ ഫോണ്‍ നമ്പര്‍ എന്നത് ഒരാളുടെ സ്വകാര്യതയാണ്. അതുവഴി ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് ഈ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള വിവരങ്ങള്‍ നിഷ്പ്രയാസം കണ്ടെത്താനാകും. മിക്കവരുടെയും ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍, ബാങ്ക് അക്കൗണ്ട് എന്നിവ ഫോണ്‍ നമ്പരുകളുമായി ബന്ധിപ്പിച്ചിരിക്കെ അവ മറ്റൊരാള്‍ക്ക് വളരെ എളുപ്പത്തില്‍ ലഭ്യമാകുന്നത് ഗുരുതരമായ വീഴ്ചതന്നെയാണെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് കളമൊരുക്കും. ഇപ്പോള്‍ അവര്‍ മനഃപൂര്‍വം വിവരങ്ങള്‍ വെളിപ്പെടുത്തിയതുകൊണ്ടാണ് ആളുകള്‍ വിവരങ്ങള്‍ അറിഞ്ഞത്. അപ്പോള്‍ ആരും അറിയാതെ എത്രപേര്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടാകാമെന്നാണ് ചോദ്യങ്ങള്‍ ഉയരുന്നത്.
ഒരു ഉപഭോക്താവ് ബോര്‍ഡിന്റെ സൈറ്റ് വഴി ഓണ്‍ലൈനായി ബില്ല് അടയ്ക്കുമ്പോള്‍ അയാളുടെ വിവരങ്ങള്‍ സെര്‍വറില്‍ രേഖപ്പെടുത്തുന്നുണ്ട്. ഈ സെര്‍വറിന്റെ സുരക്ഷിതത്വമില്ലായ്മയാണ് പ്രശ്‌നം. ഇപ്പോള്‍ കെ ഹാക്കേഴ്‌സ് ചെയതത് ഈ ഡേറ്റാബേസ് കോപ്പിചെയ്യുകയായിരുന്നുവെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാരിന്റെ കീഴില്‍ ഇത്തരം സൈബര്‍ പ്രശ്‌നങ്ങള്‍ക്കായി ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയൊക്കെ നിലനില്‍ക്കെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഒരു പൊതുമേഖലാ സ്ഥാപനത്തെ വിശ്വസിച്ച് നല്‍കിയ വിവരങ്ങള്‍ ലളിതമായി മറ്റൊരാള്‍ക്ക് ഉപയോഗിക്കാനാകുമെന്ന പ്രശ്‌നം ആരാണ് പരിഹരിക്കുക. നഷ്ടപ്പെട്ട വിവരങ്ങള്‍ക്ക് സ്ഥാപനം നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും സൈബര്‍ സുരക്ഷാ രംഗത്തെ ആളുകള്‍ പറയുന്നു.
ഡാറ്റകളാണ് ഇന്നത്തെ ലോകത്തിന്റെ മൂലധനം. കെ ഹാക്കേഴ്‌സ് പറയുന്നത് പോലെ അഞ്ചുകോടി രൂപ മൂല്യം വരുന്ന വിവരങ്ങളാണ് അവര്‍ക്ക് ചോര്‍ത്താനായത്. ഇത്തരത്തില്‍ ചോര്‍ന്നുകിട്ടുന്ന ഡാറ്റകള്‍ സാധാരണ മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് വിറ്റ് പണമുണ്ടാക്കുന്നവര്‍ ലോകത്തിന്റെ പലഭാഗങ്ങളിലുമുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം കെ.എസ്.ഇ.ബിയുടെ വിവര ചോര്‍ച്ചയെ വീക്ഷിക്കേണ്ടത്. പല സര്‍ക്കാര്‍ സൈറ്റുകളും സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ വളരെ പിന്നിലാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha