ശിവശങ്കറിനെതിരെ അന്വേഷണത്തിന് അഴിമതി നിരോധന നിയമ ഭേദഗതി 17 (എ) പ്രകാരമുള്ള അനുമതി തേടി വിജിലന്‍സ്

അഴിമതി നിരോധന നിയമ ഭേദഗതി 17 (എ) പ്രകാരം മന്ത്രിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി ആവശ്യമാണെന്നതിനാല്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റു ചിലരും ഇക്കാര്യം ആവശ്യപ്പെട്ടു വിജിലന്‍സിനെ സമീപിച്ചിരുന്നു.
പരാതികള്‍ ഫയലാക്കി വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്ത് അനുമതി തേടി ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു കൈമാറി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെതാകും അന്തിമ തീരുമാനം. ബവ്ക്യൂ ആപ് നല്‍കിയതിലെ അഴിമതി ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവിന്റെ പരാതിയിലുള്ളത്. ഐടി വകുപ്പിനു കീഴിലുള്ള നിയമനങ്ങളില്‍ അഴിമതി, സ്വജന പക്ഷപാതം, സര്‍ക്കാരിനു സാമ്പത്തിക നഷ്ടം വരുത്തി തുടങ്ങിയ കാര്യങ്ങളിലും മറ്റു പരാതികള്‍ വിജിലന്‍സില്‍ എത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ വിജിലന്‍സിനെ സര്‍ക്കാര്‍ നിര്‍വീര്യമാക്കിയെന്നും ഒന്നും മറയ്ക്കാനില്ലെങ്കില്‍ അന്വേഷണാനുമതി വൈകുന്നത് എന്തുകൊണ്ടാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സ്‌പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണു ജോലിക്കു കയറിയത് എന്നു വെളിപ്പെട്ടതോടെ കേസെടുത്തെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ടുപോയില്ല.
അന്വേഷണം തുടങ്ങിയത് കന്റോണ്‍മെന്റ് അസി.കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ്. സംഘത്തിലെ ഒരാള്‍ക്കു കോവിഡ് വന്നതോടെ ബാക്കിയുള്ളവര്‍ നിരീക്ഷണത്തിലാണ്. ഐടി വകുപ്പിലെ നിയമനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം തുടങ്ങിയെങ്കിലും അതും മുന്നോട്ടുപോയില്ല.
ഐടി വകുപ്പില്‍ നിന്നുള്ള എല്ലാ ഫയലുകളും പൊലീസ് എടുത്ത കേസില്‍ പരിശോധനകള്‍ക്കായി പൊലീസ് കൊണ്ടുപോയിരുന്നു. അതിനാല്‍ ധനവകുപ്പ് പരിശോധനാ വിഭാഗത്തിനു ഫയലുകള്‍ കിട്ടിയില്ല. ഫലത്തില്‍ 2 അന്വേഷണവും തുടങ്ങിയിടത്ത് നില്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha