സര്‍ക്കാര്‍ ഫയലിലെ കുറിപ്പുകളും ഉത്തരവുകളും ചോര്‍ന്നാല്‍ വകുപ്പു മേധാവി കുടുങ്ങും, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത വകുപ്പു മേധാവികള്‍ക്ക് മുന്നറിയിപ്പു കത്ത് നല്കി
സര്‍ക്കാര്‍ ഫയലിലെ കുറിപ്പുകളും ഉത്തരവുകളും മറ്റും മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്കുന്നുവെന്നു വകുപ്പു മേധാവികളുടെ യോഗത്തില്‍ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കുന്ന തീരുമാനങ്ങളും ഫയല്‍ വിവരങ്ങളും പുറത്തുപോയാല്‍ വകുപ്പു മേധാവികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. വകുപ്പു മേധാവികള്‍ക്ക് വിശ്വാസ് മേത്ത മുന്നറിയിപ്പു കത്ത് നല്കി. ഇതിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നു.
ഭരണകര്‍ത്താക്കള്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ രഹസ്യവിവരങ്ങള്‍ ചോരുന്നുവെന്ന പരാതി ഉന്നയിക്കാറുണ്ടെങ്കിലും വിവരങ്ങള്‍ കൈമാറിയാല്‍ നടപടിയെടുക്കുമെന്ന ഉത്തരവ് ഇതാദ്യമാണ്. ചട്ടവിരുദ്ധമായ ഈ ഉത്തരവ് വിവരാവകാശ നിയമത്തെപ്പോലും ചോദ്യം ചെയ്യുന്നതാണെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. വകുപ്പുകളില്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതു സെക്ഷന്‍ ഓഫിസര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരാണ്. പലതും ഇ-ഫയലുകളാണ്. ഉദ്യോഗസ്ഥര്‍ ആരെങ്കിലും ഫയലിന്റെ പകര്‍പ്പെടുത്തു പുറത്തുവിട്ടാല്‍ വകുപ്പു മേധാവികള്‍ ഉത്തരവാദികളാകുന്നത് എങ്ങനെയെന്ന ചോദ്യവും ഉയരുന്നുണ്ട്.
രഹസ്യസ്വഭാവമുള്ള ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ ധന, ആഭ്യന്തര വകുപ്പുകളിലും ചീഫ് സെക്രട്ടറി, ഡിജിപി ഓഫിസുകളിലും മാത്രമേ സീക്രട്ട് സെക്ഷനുകള്‍ ഉള്ളൂ. മറ്റു വകുപ്പുകളില്‍ സുതാര്യമായാണ് ഫയലുകള്‍ കൈകാര്യം ചെയ്യുന്നത്. വിവരാവകാശ നിയമം സെക്ഷന്‍ 4 പ്രകാരം ഈ വിവരങ്ങളെല്ലാം ജനങ്ങള്‍ക്കു ലഭ്യമാക്കേണ്ടവയാണ്.
കോവിഡ് 2 ആഴ്ചയ്ക്കകം നിയന്ത്രണ വിധേയമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ പൊലീസ് മേധാവിമാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് കലക്ടര്മാര്ക്കിടയില് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
https://www.facebook.com/Malayalivartha