അട്ടപ്പാടി ഇരുട്ടില്‍, വനത്തില്‍ തകര്‍ന്നുവീണ 33 കെവി ടവര്‍ പുനഃസ്ഥാപിക്കാന്‍ കെഎസ്ഇബിയുടെ സാഹസിക യജ്ഞം

മൂന്നു ദിവസമായി ഇരുട്ടിലാണ് അട്ടപ്പാടി. കനത്ത മഴയും കാട്ടുചോലയിലെ കുത്തൊഴുക്കും അട്ടശല്യവും മറന്നുള്ള കെഎസ്ഇബി ജീവനക്കാരുടെ സാഹസിക യജ്ഞം ഇന്ന് അട്ടപ്പാടിക്ക് വെളിച്ചമേകും. ചുരത്തില്‍ വനത്തില്‍ തകര്‍ന്നുവീണ 33 കെവി ടവര്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അഗളി, കോട്ടത്തറ സെക്ഷനുകളിലെ ജീവനക്കാരും പത്തോളം കരാര്‍ തൊഴിലാളികളും.
3-ാം തീയതി രാത്രി ഒന്‍പതരയോടെയാണു ടവര്‍ കടപുഴകി വീണത്. പിറ്റേന്നു രാവിലെ ചുരത്തിലെത്തിയ ജീവനക്കാര്‍ റോഡരികിലെ താഴ്ചയിലേക്കു വടം കെട്ടിയാണിറങ്ങിയത്. അവര്‍ വനത്തില്‍ വഴിയുണ്ടാക്കി. കുത്തൊഴുക്കുള്ള മന്ദംപൊട്ടി തോട് വടത്തിന്റെ സഹായത്തോടെ കുറുകെ കടന്നാണു പുതിയ കാല് സ്ഥാപിക്കാനുള്ള സ്ഥലമൊരുക്കിയത്. ടവര്‍ സ്ഥാപിക്കല്‍ എളുപ്പമല്ല.
അടിത്തറ കോണ്‍ക്രീറ്റ് ചെയ്ത് ടവര്‍ ഉയര്‍ത്താന്‍ ദിവസങ്ങളെടുക്കുമെന്നതിനാല്‍ 'എ' പോള്‍ മതിയെന്ന് തീരുമാനിച്ചു. അലനല്ലൂരില്‍ നിന്ന് 'എ' പോള്‍ എത്തിച്ചു. 14 മീറ്റര്‍ നീളവും 950 കിലോഗ്രാം തൂക്കവുമുള്ള കാല് മറുകരയെത്തിക്കണം. കനത്ത മഴയും കാറ്റും തോട്ടിലെ കുത്തൊഴുക്കും വെല്ലുവിളിയായി.
ചുരം പാതയ്ക്കരികിലെ കോണ്‍ക്രീറ്റ് തൂണിലും മറുകരയിലെ മരത്തിലും ഉരുക്കുവടം ബന്ധിച്ചു റോപ് വേ ഒരുക്കിയാണു കൂറ്റന്‍ 'എ' പോള്‍ അക്കരെയെത്തിച്ചത്.ഇന്നലെ വൈകുന്നേരത്തോടെ 'എ' പോള്‍ ഉയര്‍ത്താനായി. ഇന്നു കമ്പികള്‍ വലിച്ചു പണി പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ.
എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.സതീഷ് കുമാര്‍, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്.രഘുനാഥ്, സബ് എന്‍ജിനീയര്‍മാരായ അബ്ദുല്‍ മുത്തലിബ്, വി.ജെ.ബിനോയ് എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം കരാര്‍ തൊഴിലാളികളാണു ജോലിചെയ്യുന്നത്.
അതിനിടെ കൂലംകുത്തിയൊഴുകുന്ന മന്ദംപൊട്ടി തോട് കടക്കാനാവാതെ 5 ജോലിക്കാര്‍ വനത്തില്‍ കുടുങ്ങി. അഗ്നി രക്ഷാ സേനയുടെ സഹായത്തിനായി ശ്രമിച്ചെങ്കിലും ബന്ധപ്പെടാനായില്ല. ഒടുവില്‍, റോഡില്‍ നിര്‍ത്തിയ വാഹനത്തിന്റെ വെളിച്ചത്തില്‍ ഉയരത്തില്‍ കെട്ടിയ റോപ് വേയില്‍ സേഫ്റ്റി ബെല്‍റ്റിലും വടത്തിലും തൂങ്ങിയാണ് ജീവനക്കാരും തൊഴിലാളികളും മറുകരപറ്റിയത്.
https://www.facebook.com/Malayalivartha

























