ആന്‍ മേരിയെന്ന പെൺകുട്ടിയുടെ ദുരൂഹ മരണം വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ചതിന് പിന്നാലെ.... സഹോദരൻ അപകട നില തരണം ചെയ്തു; പിതാവ് ഗുരുതരാവസ്ഥയില്‍! ആന്‍മേരിയുടെ വീട് സീല്‍ ചെയ്ത് വെള്ളരിക്കുണ്ട് പൊലീസ്

വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ച് അവശ നിലയിലായ പെണ്‍കുട്ടി മരിച്ചത് വിഷം ഉള്ളില്‍ച്ചെന്നാണെന്ന് റിപ്പോര്‍ട്ട്.
കാസര്‍കോട് വെള്ളരിക്കുണ്ട് ബളാല്‍ അരീങ്കല്ലിലെ ആന്‍ മേരി (16) യുടെ മരണത്തിലാണ് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
എലി വിഷം ഉള്ളില്‍ച്ചെന്ന് മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും എന്ത് വിഷമാണെന്ന് സ്ഥിരീകരിക്കാന്‍ രാസ പരിശോധനാ ഫലം കൂടി പുറത്തുവരേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.
ആന്‍മേരിയുടെ പിതാവ് ബെന്നി, മാതാവ് ബെസി, സഹോദരന്‍ ആല്‍ബിന്‍ എന്നിവരെയും അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവ് ബെന്നിയുടെ ആരോഗ്യ നില ഇപ്പോഴും ഗുരുതരമാണ്.
അതേസമയം, മാതാവും സഹോദരനും അപകടനില തരണം ചെയ്തെന്നും ആശുപത്രി വിട്ടതായും പൊലീസ് വ്യക്തമാക്കി.
ഒരാഴ്ച മുന്‍പാണ് ആന്‍മേരിയും സഹോദരനും വെള്ളരിക്കുണ്ടിലെ വീട്ടില്‍ ഐസ്ക്രീം ഉണ്ടാക്കിയത്. ഇത് കഴിച്ച് തൊട്ടടുത്ത ദിവസമാണ് ആന്‍ മേരിക്ക് ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടത്.
ആദ്യം വെള്ളരിക്കുണ്ടിലെ ആശുപത്രിയില്‍ ചികിത്സ തേടി. മഞ്ഞപ്പിത്തബാധയുണ്ടെന്ന സംശയത്തില്‍ തൊട്ടടുത്ത ദിവസം ചെറുപുഴയിലെ ബന്ധുവിന്റെ വീട്ടിലെത്തി അവിടെ ചികിത്സ തേടുകയായിരുന്നു.
ബുധനാഴ്ച വൈകീട്ട് ആറോടെയാണ് പെണ്‍കുട്ടി ചെറുപുഴയിലെ ആശുപത്രിയില്‍ മരിച്ചത്. ഇതിന് മുമ്ബ് ഇവര്‍ ചെറുപുഴയില്‍ ഒറ്റമൂലി ചികിത്സ നടത്തിയതായും വിവരമുണ്ട്.
അച്ഛന്‍ ബെന്നിയെയും അമ്മ ബെസിയെയും സമാന ലക്ഷണങ്ങളുമായി ബുധനാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നത്.
ആന്‍ മേരിയും സഹോദരന്‍ ആല്‍ബിനും ചേര്‍ന്നാണ് ഐസ്ക്രീം ഉണ്ടാക്കിയത്. അതിന്റെ ചിത്രം സാമൂഹിക മാധ്യമം വഴി കൂട്ടുകാരിക്ക് കൈമാറിയിരുന്നു. ബെന്നിയും ആന്‍ മേരിയുമാണ് ഐസ്ക്രീം അധികവും കഴിച്ചതെന്നാണ് വിവരം.
പെണ്‍കുട്ടിയുടെ മരണ വിവരമറിഞ്ഞതോടെ ആന്‍മേരിയുടെ വീട് സീല്‍ ചെയ്തതായി വെള്ളരിക്കുണ്ട് പൊലീസ് വ്യക്തമാക്കി. ചെറുപുഴ പൊലീസില്‍ നിന്ന് കേസ് കൈമാറി കിട്ടിയാല്‍ വിശദമായ അന്വേഷണവും ചോദ്യം ചെയ്യലും ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























