ഇലക്ട്രോണിക് വോട്ടിങ് യന്ത്രം വാങ്ങാന്‍ വിഹിതം തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ നിന്നും തിരഞ്ഞെടുപ്പ് നടത്താന്‍ പണം പിടിക്കുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം (ഇവിഎം) വാങ്ങാനുള്ള ഫണ്ടിന്റെ പകുതിയായ 17.86 കോടി രൂപ സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവയുടെ നോണ്‍ റോഡ് മെയിന്റനന്‍സ് ഫണ്ടില്‍ നിന്നു നല്‍കാനാണു നിര്‍ദേശം.
കോര്‍പറേഷനുകള്‍ 8.77%, നഗരസഭകള്‍ 12.36%, ജില്ലാ പഞ്ചായത്തുകള്‍ 15.66%, ബ്ലോക്ക് പഞ്ചായത്തുകള്‍ 10.77% എന്നീ അനുപാതത്തിലാണു തുക നല്‍കേണ്ടത്. ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് ഈയിനത്തില്‍ അനുവദിച്ച തുകയുടെ പകുതിയിലേറെ (52.44%) ഇങ്ങനെ തിരിച്ചെടുക്കും.
ഈ വര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനായി ഇവിഎം വാങ്ങാന്‍ 35.72 കോടി രൂപ അനുവദിക്കണമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ മാര്‍ച്ചിലും ജൂണിലും സര്‍ക്കാരിനു കത്തെഴുതിയിരുന്നു. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെ ഈ വര്‍ഷത്തെ നോണ്‍ റോഡ് മെയിന്റനന്‍സ് ഫണ്ടില്‍ നിന്നു തുക പൂര്‍ണമായി അനുവദിക്കാനാണു സര്‍ക്കാര്‍ ആദ്യം ആലോചിച്ചത്.
എന്നാല്‍ ഇത് പദ്ധതി പ്രവര്‍ത്തനത്തെ ബാധിക്കുമെന്നു വിലയിരുത്തിയതോടെയാണു പകുതി തുക സര്‍ക്കാര്‍ അനുവദിക്കാനും ബാക്കി നോണ്‍ റോഡ് ഫണ്ടില്‍ നിന്നു നല്‍കാനും തീരുമാനിച്ചത്.
റാഡ് ഇതര ഫണ്ടിന്റെ രണ്ടാം ഗഡുവായി ഈയിടെ 2േ94.38 കോടി രൂപ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്നു. ഇതു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശുപത്രികളുടെയും മറ്റും അറ്റകുറ്റപ്പണികള്‍ക്കു വിനിയോഗിക്കാമെന്നു വ്യക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണു ഇവിഎം വാങ്ങാന്‍ തുക പിടിക്കുന്നത്.
2015-ലെ തിരഞ്ഞെടുപ്പ് കാലത്തും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം വാങ്ങാന്‍ പഞ്ചായത്തുകളുടെ പദ്ധതി വിഹിതം ചെലവിട്ടിരുന്നു.
https://www.facebook.com/Malayalivartha


























