കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്.... ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയായി

കേരളത്തില്‍ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട പുതിയ ന്യൂനമര്‍ദത്തിന്റെ സ്വാധീനം കാരണമാണ് കനത്തമഴ തുടരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. ഒഡിഷ-ആന്ധ്രാപ്രദേശ് തീരത്താണ് ന്യൂനമര്‍ദം രൂപംകൊണ്ടത്. ചൊവ്വാഴ്ചയോടെ മഴയുടെ ശക്തിയും കാറ്റിന്റെ വേഗവും കുറയും. മത്സ്യബന്ധനത്തിനുള്ള വിലക്ക് തിങ്കളാഴ്ചത്തേക്കുകൂടി നീട്ടി.
ഈ മാസം 1 മുതല്‍ ഇന്നലെ വരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഇടുക്കി, വയനാട് ജില്ലകളിലാണ്. ഇടുക്കിയില്‍ ഇക്കാലയളവില്‍ 722 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. വയനാട്ടില്‍ 716 മില്ലീമീറ്റര്‍ മഴയും ലഭിച്ചു. ഏറ്റവും കുറവ് മഴ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കൂടുകയാണ്. ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്.
അതേസമയം കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ കല്ലമ്പലത്ത് വ്യാപക നാശം ഉണ്ടായി. താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞു വീണും മതിലുകള്‍, കുളിമുറികള്‍ തുടങ്ങിയവും തകര്‍ന്നു. ഒറ്റൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു. ഒറ്റൂര്‍ ഞായലില്‍ കാട്ടില്‍ പുത്തന്‍ വീട്ടില്‍ ജയകുമാറിന്റെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. മണബൂര്‍ പഞ്ചായത്തില്‍ പെരുംകുളം, മാടപ്പള്ളിക്കോണം ആദി ആലയത്തില്‍ ഷിബു - ബിജി ദമ്ബതികളുടെ വീടിന്റെ കിണര്‍, ടൊയ്ലെറ്റ്, കുളിമുറി എന്നിവ മണ്ണും മരങ്ങളും ഇടിഞ്ഞ് വീണ് തകര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ സമീപത്ത് നിന്നിരുന്ന മരം കടപുഴകി വീഴുകയായിരുന്നു. മരച്ചില്ലകള്‍ തട്ടി വീടും ഭാഗികമായി തകര്‍ന്നു. അന്‍പത് അടിയോളം ആഴമുള്ള കിണര്‍ മണ്ണ് മൂടിയ അവസ്ഥയിലാണ്. നാവായിക്കുളം, കരവാരം പഞ്ചായത്തുകളിലും മഴക്കെടുതികള്‍ രൂക്ഷമാണ്. വിളവെടുക്കാറായ വാഴകള്‍ വ്യാപമായി കാറ്റില്‍ ഒടിഞ്ഞു വീണു. താഴ്ന്ന പ്രദേശങ്ങളിലെ കാര്‍ഷിക വിളകള്‍ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും മരച്ചില്ലകള്‍ വീണ് വൈദ്യുതബന്ധം തകരാറിലായി .
"
https://www.facebook.com/Malayalivartha


























