എല്ലാവരേം കൊണ്ടേ പോകൂ... സ്വപ്ന സുരേഷിനും കൂട്ടര്‍ക്കും ഭീകരരുമായോ തീവ്രവാദ സംഘടനകളുമായോ ബന്ധമുണ്ടെന്നതിന് ഇതുവരെ തെളിവില്ലെന്ന് കണ്ടെത്തിയതോടെ സ്വപ്നയ്ക്ക് ജാമ്യം കിട്ടുന്ന അവസ്ഥയിലായിരുന്നു; വില്ലാളി വീരയായി പുറത്തിറങ്ങുമെന്ന് സ്വപ്നം കണ്ടപ്പോള്‍ പൊളിച്ചടുക്കി എന്‍ഐഎയുടെ ശക്തമായ നീക്കം

നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന് ഇന്നലെ ജാമ്യം കിട്ടുമെന്ന് തന്നെയാണ് എല്ലാവരും കരുതിയത്. ആ തരത്തിലുള്ള നീക്കമാണ് സ്വപ്നയും കൂട്ടരും നടത്തിയത്. സ്വപ്നയ്ക്ക് ജാമ്യം കിട്ടിയെങ്കില്‍ അന്വേഷണ സംഘത്തിനും ഇതില്‍ പരം നാണക്കേട് ഇല്ലായിരുന്നു. മാത്രമല്ല ഇതുവരെ മുറവിളി കൂട്ടിയ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കുമുള്ള ശക്തമായ അടിയായിരുന്നു. അതേസമയം സര്‍ക്കാരിന് വലിയ ആശ്വാസവുമായേനെ. സ്വപ്നയ്ക്ക് ജാമ്യ കിട്ടിയാല്‍ ചാനല്‍ ചര്‍ച്ചകളും അതോടെ വൈന്റപ്പ് ചെയ്തേനെ. ചാനല്‍ ചര്‍ച്ചകളുടെ ഗതി തന്നെ മാറിയേനെ. ആ തരത്തിലുള്ള സൂചനകളാണ് രാവിലേ മുതല്‍ എന്‍ഐഎ കോടതിയില്‍ നിന്നും വന്നു കൊണ്ടിരുന്നത്. അത് ദേശീയ അന്വേഷണ ഏജന്‍സിക്കും നാണക്കേടായേനെ. എന്‍ഐഎ, കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് തുടങ്ങിയ നിരവധി ഏജന്‍സികളാണ് കേസ് അന്വേഷിക്കുന്നത്. അവര്‍ക്കെല്ലാവര്‍ക്കും ഇത് തിരിച്ചടിയായേനെ. ജാമ്യം കിട്ടിയെങ്കില്‍ സ്വപ്നയുടെ കേസ് വെറും സാമ്പത്തിക കുറ്റപത്രമായി മാറിയേനെ. മാത്രമല്ല ചാനലുകളായ ചാനലുകളില്‍ കയറിയിറങ്ങി സ്വപ്ന നല്ല പിള്ളയും ചമഞ്ഞേനെ. ഇതിനെല്ലാം അറുതി വരുത്തുന്ന ശക്തമായ തെളിവ് ഹാജരാക്കിയതോടെയാണ് സ്വപ്നയുടെ ജാമ്യം അവസാന നിമിഷം നടക്കാതെ പോയത്.
അങ്ങനേയാണ് സ്വപ്ന സുരേഷിനെതിരെ, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ക്കാന്‍ ശ്രമിച്ചതിന് യു.എ.പി.എ അഥവാ ഭീകര പ്രവര്‍ത്തന നിരോധനനിയമം പ്രകാരം ചുമത്തിയ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് എന്‍.ഐ.എ കോടതി വിലയിരുത്തിയത്. സ്വപ്ന സുരേഷ് നല്കിയ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഈ വിധിയുണ്ടായത്.
യു.എ.പി.എ നിയമത്തിലെ സെക്ഷന്‍ 16 ഭീകര പ്രവര്‍ത്തനത്തിനുള്ള ശിക്ഷ, 17 ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കല്‍, 18 ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സ്വപ്നയ്ക്കെതിരെ എന്‍.ഐ.എ ചുമത്തിയിട്ടുള്ളത്.
ഇതില്‍ സ്വര്‍ണക്കടത്തില്‍ നിന്നുള്ള പ്രതിഫലം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചതിനോ, ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടതിനോ ഇതുവരെ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ രാജ്യാന്തര ബന്ധങ്ങള്‍ കണക്കിലെടുത്ത് ഇക്കാര്യം എന്‍.ഐ.എ കൂടുതല്‍ ആഴത്തില്‍ അന്വേഷിക്കേണ്ടതുണ്ട്. സ്വപ്നയ്ക്കും മറ്റു പ്രതികള്‍ക്കും ഭീകരരുമായോ തീവ്രവാദ സംഘടനകളുമായോ ബന്ധമുണ്ടെന്നതിനും ഇതുവരെ തെളിവുമില്ല. ഇതോടെയാണ് സ്വപ്നയുടെ പ്രതീക്ഷകള്‍ ഉടയര്ന്നത്. എന്നാല്‍ തുടര്‍ന്ന നടന്ന എന്‍ഐഎയുടെ വാദത്തില്‍ സ്വപ്നയെ പൂട്ടുന്ന ശക്തമായ തെളിവായി സ്വര്‍ണക്കടത്ത് മാറുകയായിരുന്നു. സ്വര്‍ണക്കടത്ത് നാടിന്റെ സാമ്പത്തിക സ്ഥിരത തകര്‍ക്കുമെന്ന് സ്വപ്നയ്ക്ക് അറിയാമായിരുന്നുവെന്നാണ് എന്‍ഐഎ സമര്‍ത്ഥിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭീകരപ്രവര്‍ത്തന നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി കോടതി കണ്ടെത്തിയതോടെ സ്വപ്നയുടെ ജാമ്യം പ്രതിസന്ധിയിലായി.
എയര്‍പോര്‍ട്ടിലെ കാര്‍ഗോയില്‍ കസ്റ്റംസ് പിടികൂടിയ സ്വര്‍ണമടങ്ങിയ ബാഗ് വിട്ടുകിട്ടാന്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരില്‍ സ്വപ്ന ഇടപെട്ടതിന് തെളിവുകളുണ്ട്. കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസിനു നല്കിയ മൊഴിയിലും, സ്വര്‍ണക്കടത്തില്‍ സ്വപ്നയ്ക്കു പങ്കുണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നും കോടതി കണ്ടെത്തി. സ്വര്‍ണക്കടത്തു കേസ് രാഷ്ട്രീയപ്രേരിതമാണെന്ന സ്വപ്നയുടെ വാദം കോടതി തള്ളി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിനു നടുവിലേക്ക് തന്നെ വലിച്ചിഴച്ചതാണെന്നായിരുന്നു സ്വപ്നയുടെ വാദം. സ്വര്‍ണക്കടത്തു കേസില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി. ഈ സാഹചര്യത്തില്‍ സ്വര്‍ണക്കടത്ത് കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് പറയാന്‍ കഴിയില്ലെന്നും എന്‍.ഐ.എ കോടതി വ്യക്തമാക്കി. ഇതും കൂടിയായപ്പോള്‍ സ്വപ്നയ്ക്ക് ഇപ്പോള്‍ ജാമ്യം കിട്ടുമെന്ന് മനപായസം കുടിച്ചവര്‍ക്കെല്ലാം കയ്ച്ചു തുടങ്ങി. മാത്രമല്ല കേസ് ഇനി ഏത് രീതിയിലേക്ക് മാറുമെന്ന പേടിയുമായി. കാരണം എന്‍ഐഐയാണ് അന്വേഷിക്കുന്നത്. അത്ര പെട്ടൊന്നൊന്നും ആരേയും വിടില്ല.
"
https://www.facebook.com/Malayalivartha


























