ഡി.ജി.സി.എയും എയര്‍ക്രാഫ്റ്റ് ആക്സിഡന്റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും കരിപ്പുര്‍ റണ്‍വേയ്ക്ക് തകരാറില്ലെന്നും എയര്‍പോര്‍ട്ട് അതോറിറ്റി

കരിപ്പുരില്‍ അപകടം നടന്നയുടന്‍ വിമാനത്താവളം അധികൃതര്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും കരിപ്പുര്‍ വിമാനത്താവളത്തിലെ റണ്‍വേയ്ക്കു തകരാറുകളില്ലെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സതേണ്‍ റീജണല്‍ ഡയറക്ടര്‍ ആര്‍. മാധവന്‍.
ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങളുടെ ചുമതലയുള്ള ആര്‍. മാധവന്‍ ചെന്നൈയില്‍ നിന്നാണ് ഇന്നലെ കരിപ്പൂരിലെത്തിയത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തി. ഡി.ജി.സി.എയും എയര്‍ക്രാഫ്റ്റ് ആക്സിഡന്റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിമാനാപകടത്തെക്കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ്സ് ബ്യൂറോയുടെ തെളിവെടുപ്പ് ഇന്നലെയും തുടര്‍ന്നു. വിമാനഭാഗങ്ങളുടെ പരിശോധന നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഈയാഴ്ച സമര്‍പ്പിച്ചേക്കും.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണനോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചതായി ഡി.എം.ഒ: ഡോ. കെ. സക്കീന അറിയിച്ചു. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍നിന്നു രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പോലീസ്, ഫയര്‍ഫോഴ്സ്, എന്‍.ഡി.ആര്‍.എഫ്. ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്.
രക്ഷാപ്രവര്‍ത്തകരില്‍ മുന്നൂറിലധികം പേരാണു ക്വാറന്റൈനില്‍ പോയത്. വീട്ടില്‍ സൗകര്യമില്ലാത്തതിനാല്‍ എണ്‍പതോളം പേര്‍ കൊണ്ടോട്ടി ഇ.എം.ഇ.എ. കോളജ്, കൊട്ടൂക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായാണു കഴിയുന്നത്.
https://www.facebook.com/Malayalivartha


























