'തൊഴിലുറപ്പ് പണിക്ക് പോയി കിട്ടിയ പണത്തിൽ ബാക്കിയായി ആകെ അവശേഷിച്ച നൂറുരൂപയാണ് സ്നേഹത്തിൽ നിന്നുമുള്ള കരുതലായി മേരിചേച്ചി പൊതിച്ചോറിൽ വെച്ച് നൽകിയതെന്നത് തന്നെയാണ് ഈ നൂറു രൂപയുടെ മഹത്വം...' ചെല്ലാനം പ്രദേശത്ത് ജനങ്ങളുടെ ദുരിത ജീവിതത്തിന് കരുതലായ് മേരി ചേച്ചിയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് ജോമോൾ ജോസഫ്

ആ പൊതിച്ചോറിന്റെ കെട്ടഴിക്കുമ്പോൾ രസക്കൂട്ടുകളുടെ ആവിപറക്കുന്ന മണമല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചിരുന്നില്ല, കറിക്കൂട്ടുകൾക്കിടയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ഒന്ന് ഭക്ഷണം അല്ലെന്നു മനസിലാക്കി എടുത്തു നോക്കിയവർ എടുത്തുനോക്കിയപ്പോൾ 100 രൂപ നോട്ട്. ഇത് മലയാളിയുടെ ഇനിയും വറ്റാത്ത കനിവിന്റെ കരുതലിന്റെ പ്രതീകമാണ്. ആ കരുതൽ നൽകിയ കരങ്ങൾ മേരിചേച്ചിയുടേതാണ്. ഇതേതുടർന്ന് മേരിചേച്ചിയെക്കുറിച്ച് പറയുകയാണ് ജോമോൾ ജോസഫ്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
ചില മനുഷ്യർ ഇങ്ങനെയൊക്കെയാണ് - ഇന്ന് എന്റെ നാട്ടുകാരി മേരിച്ചേച്ചിയുടെ കഥ പറയാം
ചെല്ലാനം പ്രദേശത്ത് കടൽ കയറുകയും വെള്ളം പൊങ്ങുകയും ചെയ്ത് വീടുകളും റോഡുകളും വെള്ളത്തിലാകുകയും ജനങ്ങളുടെ ദുരിത ജീവിതം തുടങ്ങുകയും ചെയ്തിട്ട് ആഴ്ചകളായി. സമീപ പ്രദേശങ്ങളിലെ വീടുകളിൽ നിന്ന് കൊണ്ടുവരുന്ന പൊതിച്ചോറുകളും, ഭക്ഷണസാധനങ്ങളും ഒക്കെ തന്നെയാണ് ചെല്ലാനം കാരുടെ ജീവിതങ്ങൾ പിടിച്ചുനിർത്തുന്നത്.
കഴിഞ്ഞ ദിവസം ചെല്ലാനത്ത് വിതരണം ചെയ്ത ഭക്ഷണ പൊതിയിൽ ഭക്ഷണം മാത്രമല്ല, ഒരു നൂറുരൂപയുടെ നോട്ട് കൂടെ ഉണ്ടായിരുന്നു. ഈ വിഷയം ശ്രദ്ധയിൽ പെട്ട കണ്ണമാലി സിഐ ഷിജു ഈ പൊതിച്ചോറ് ചെല്ലാനത്തേക്ക് കൊടുത്തുവിട്ട ആളെ തിരഞ്ഞിറങ്ങി. ആ തിരച്ചിൽ ചെന്നെത്തിയത് കുമ്പളങ്ങിക്കാരി മേരിച്ചേച്ചിയുടെ വീട്ടിലാണ്.
രണ്ടാഴ്ചയായി മേരിച്ചേച്ചിയുടെ വീട്ടിൽ വെള്ളം കേറിയിട്ട്. കൂലിപ്പണിക്കാരനായ മേരിച്ചേച്ചിയുടെ ഭർത്താവ് ജോലിക്ക് പോയിട്ട് രണ്ടാഴ്ചയായി. മേരിചേച്ചിയുടെ വീട്ടിലും കാര്യങ്ങൾ അത്ര സുഖകരമല്ല. അപ്പോഴാണ് ചെല്ലാനത്തേക്ക് പൊതിച്ചോറ് നൽകാനാകുമോ എന്ന ചിന്ത പലരിൽ നിന്നും ഉയർന്നുവരുന്നത്. മേരിച്ചേച്ചി ചോറ് പൊതിഞ്ഞ്, പൊതിയാക്കി നൽകിയ കൂടെ തന്റെ കയ്യിൽ ആകെയുണ്ടായിരുന്ന നൂറു രൂപ ആ പൊതിച്ചോറിനകത്ത് ഭദ്രമായി വെച്ചു.
താൻ കൊടുത്തുവിടുന്ന പൊതിച്ചോറ് കഴിക്കുന്ന ആൾക്ക്, ആ നൂറു രൂപ ഏതെങ്കിലും തരത്തിൽ ഉപകാരപ്പെടട്ടെ എന്ന ചിന്തയായിരുന്നു മേരിച്ചേച്ചിക്ക്. തൊഴിലുറപ്പ് പണിക്ക് പോയി കിട്ടിയ പണത്തിൽ ബാക്കിയായി ആകെ അവശേഷിച്ച നൂറുരൂപയാണ് സ്നേഹത്തിൽ നിന്നുമുള്ള കരുതലായി മേരിചേച്ചി പൊതിച്ചോറിൽ വെച്ച് നൽകിയതെന്നത് തന്നെയാണ് ഈ നൂറു രൂപയുടെ മഹത്വം. ലക്ഷങ്ങൾ കയ്യിലുള്ളവർ നൂറ് രൂപ നൽകുന്നത് പോലെയല്ല, മറിച്ച് തന്റെ കയ്യിലുള്ള പണം മുഴുവനായും, അജ്ഞാതനായ ഒരാൾക്കാൾക്കായി നൽകുക!! നമുക്ക് ചിന്തിക്കാനാകുമോ ഇങ്ങനൊരു കാര്യം?
ഈ സംഭവത്തെ കുറിച്ച് മേരിച്ചേച്ചി പറയുന്നത് "പറ്റുന്നപോലെ ഞാൻ സഹായിച്ചെന്നേയുള്ളൂ" എന്നാണ്. നമുക്കും സഹായിക്കാം, നമുക്ക് പറ്റുന്നതുപോലെ. ആ സഹായം ലഭിക്കുന്നവരേയും കൂടെ നിർത്തി സെൽഫിയെടുത്ത് പ്രദർശിപ്പിക്കാനാകരുത് എന്നു മാത്രം. അജ്ഞാതരായവരെയോ, നമ്മുടെ പരിസരങ്ങളിലുള്ളവരേയോ.. സഹായം ആവശ്യമുള്ള നിരവധി ജീവിതങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്.
എന്തായാലും സ്ഥലത്തെ പോലീസ് സ്റ്റേഷൻ മുഴുവനായും മേരിച്ചേച്ചിയുടെ വീട്ടിലെത്തി, മേരിച്ചേച്ചിക്ക് സ്നേഹസമ്മാനവും നൽകിയാണ് മടങ്ങിയത്. ഇങ്ങനെയുള്ള മേരിചേച്ചിമാർ ഉള്ളപ്പോൾ ഈ നാട് എങ്ങനെ അതിജീവിക്കാതിരിക്കും?
മേരിച്ചേച്ചിക്ക് അഭിവാദ്യങ്ങൾ, ഉമ്മകൾ
https://www.facebook.com/Malayalivartha


























