ആ 100 കോടിയെവിടെ? എന്‍ഐഎയ്ക്ക് പിന്നാലെ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; പ്രതികളുടെ ഉന്നത ബന്ധങ്ങള്‍ വഴി കള്ളപ്പണം വെളുപ്പിച്ചു; ഒരു വര്‍ഷത്തിനിടെ പ്രതികള്‍ 100 കോടി രൂപയുടെ ഇടപാട് നടത്തിയെന്ന് ഇഡി; സ്വര്‍ണക്കടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റെന്ന് കസ്റ്റംസ്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഒന്നിന് പുറകെ ഒന്നായി സ്വപ്ന സുരേഷിനും കൂട്ടര്‍ക്കും കുരുക്ക് മുറുകുകയാണ്. കസ്റ്റംസിന് പിന്നാലെ എന്‍ഐഎയും തുടര്‍ന്ന് എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റും അഥവാ ഇഡിയും എത്തിയതോടെ സ്വപ്നയ്ക്കും കൂട്ടര്‍ക്കും വലിയ കുരുക്കാണ് ഉണ്ടായിരിക്കുന്നത്. ഇഡിയുടെ അന്വേഷണത്തിലാണ് സ്വപ്നയുടേയും കൂട്ടരുടേയും സ്വത്ത് കണ്ട്‌കെട്ടിയത്. ഇപ്പോഴിതാ കൂടുതല്‍ അന്വേഷണത്തിലേക്ക് ഇഡി കടന്നിരിക്കുകയാണ്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ പി.എസ്. സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ ഉന്നത ബന്ധങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുകള്‍ക്കു വഴിയൊരുക്കിയിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന കേസില്‍ ആഴത്തിലുള്ള അന്വേഷണം നടത്താന്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ഇഡി അറിയിച്ചു. അതേ കോടതി അംഗീകരിക്കുകയായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അഥവാ പിഎംഎല്‍എ റജിസ്റ്റര്‍ ചെയ്ത കേസിലാണു പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുന്നത്.
അങ്ങനെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായര്‍ എന്നിവരെ നാലു ദിവസത്തേയ്ക്കു കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ 14 വരെ കസ്റ്റഡിയില്‍ നല്‍കിയത്. 5 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡി അന്വേഷണ സംഘത്തിന്റെ ആവശ്യം. എന്നാല്‍ ശനിയാഴ്ച പൊതുഅവധി ആയതിനാല്‍ തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ നല്‍കാമെന്നു കോടതി അറിയിച്ചു.
വെള്ളിയാഴ്ച വരെ മതിയെന്ന് ഇഡി അറിയിക്കുകയായിരുന്നു. പ്രതികള്‍ക്ക് ഉന്നത വ്യക്തികളുമായി ബന്ധമുണ്ടെന്ന മൊഴി വിശദമായി പരിശോധിക്കുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് വിശദ അന്വേഷണം ആവശ്യമുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അതുകൊണ്ടു തന്നെ അഞ്ചു ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ നല്‍കണമെന്നാണ് ഇഡി ആവശ്യപ്പെട്ടത്.
ഒരു വര്‍ഷത്തിനിടെ പ്രതികള്‍ 100 കോടി രൂപയുടെ ഇടപാട് നടത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതിനിടെ, സ്വര്‍ണക്കടത്തിനു പിന്നില്‍ രാജ്യാന്തര റാക്കറ്റാണെന്നു കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ മൂന്നു പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്. ഹര്‍ജികള്‍ ഹൈക്കോടതി വിധി പറയാനായി മാറ്റി.
സ്വപ്നയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം എന്‍ഐഎ തള്ളിയതിന് പിന്നാലെയാണ് ഇഡിയുടെ ഇടപെടല്‍. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകര്‍ വാദിച്ചത്. കേസ് നികുതിവെട്ടിപ്പാണെന്നും യുഎപിഎ ചുമത്താനാവില്ലെന്നും വാദിച്ചിരുന്നു. എന്നാല്‍ കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ എന്‍ഐഎ അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ കേസില്‍ യുഎപിഎ നിലനില്‍ക്കും. സ്വപ്ന സ്വര്‍ണക്കടത്തില്‍ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ട്.
കേസില്‍ യുഎഇ കോണ്‍സുല്‍ ജനറലിനെതിരെ സ്വപ്ന മൊഴി നല്‍കിയിരുന്നു. സ്വ!ര്‍ണക്കടത്ത് അടക്കം എല്ലാ ഇടപാടിലും കോണ്‍സല്‍ ജനറല്‍ കമ്മീഷന്‍ കൈപ്പറ്റിയെന്നാണ് സ്വപ്ന സുരേഷ് അന്വേഷണോദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന മൊഴി. ലോക്ക് ഡൗണിന് മുന്‍പ് നടത്തിയ 20 കളളക്കടത്തിലും കോണ്‍സുല്‍ ജനറലിന് കമ്മീഷന്‍ നല്‍കിയെന്നാണ് സ്വപ്നയുടെ മൊഴി. ഇതെല്ലാം വിശദമായി ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.
https://www.facebook.com/Malayalivartha


























