ഇന്ന് ലോക ഗജദിനം, സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം കുറയുന്നു

ഇന്ന് ലോക ഗജദിനം. സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം കുറയുന്നതായി കണക്കുകള്‍. നിലവില്‍ 480 നാട്ടാനകളാണ് കേരളത്തിലുള്ളത്. ഇതില്‍ നൂറിലധികം ആനകളും പല അസുഖങ്ങള്‍ മൂലം എഴുന്നള്ളത്തിന് കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലാണ്. ജീവനെടുക്കുന്ന എരണ്ടക്കെട്ടിലും പാദരോഗത്തിലും വലയുന്ന ആനകള്‍ സംസ്ഥാനത്ത് നിരവധിയാണ്.
ആനകള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുമ്പോഴും പത്തില്‍ താഴെ വിദഗ്ധ ഡോക്ടര്‍മാര്‍ മാത്രമേ സംസ്ഥാനത്തുള്ളൂ എന്നത് പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. ചികിത്സാചെലവ് ഭാരിച്ചതാണെന്നതും തിരിച്ചടിയാണ്. വര്‍ഷം ചുരുങ്ങിയത് ഇരുപതിലധികം ആനകള്‍ ചരിയുന്നതായാണ് കണക്ക്. എരണ്ടക്കെട്ട്, പാദരോഗം എന്നിവമൂലം മാത്രം രണ്ടു വര്‍ഷത്തിനുള്ളില്‍ 35 ആനകളാണ് ചരിഞ്ഞത്.
നിലവിലുള്ള ആനകളെ നിലനിര്‍ത്താന്‍ വനം- വെറ്റിനറി വകുപ്പുകള്‍ ആധുനിക രീതിയിലുള്ള ആശുപത്രിയും ചികിത്സാ സംവിധാനങ്ങളും അടിയന്തരമായി ആരംഭിക്കണമെന്ന് ആനപ്രേമികള്‍ ആവശ്യപ്പെടുന്നു. നാട്ടാനകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ വനംവകുപ്പ് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന് രൂപം നല്‍കണമെന്നും കൃത്യമായ ചികിത്സാ മാര്‍ഗ നിര്‍ദേശങ്ങള്‍ വേണമെന്നും ആനപ്രേമി സംഘം പാലക്കാട് ജില്ലാ പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങല്‍ ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് ആനകളുടെ ഭക്ഷണത്തിനുതന്നെ നല്ലൊരു തുക വേണം. അതിനുപുറമെയാണ് ചികിത്സക്ക് ലക്ഷങ്ങള്‍ വേണ്ടിവരുന്നത്. സാധാരണക്കാരായ ആനഉടമകള്ക്ക് ഇതു വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു.
വനം-വന്യജീവി വകുപ്പ് സാമൂഹിക വനവല്‍ക്കരണ വിഭാഗം പാലക്കാട് ഡിവിഷന്, ആന പരിപാലനം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ ലോക ഗജദിനത്തോടനുബന്ധിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നുണ്ട്.
ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെ നടക്കുന്ന വെബിനാര്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജി. ഹരികൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്യും. മണ്ണുത്തി കെ.വി. ആന്‍ഡ് എ.എസ്. യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ എലിഫന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ: ടി.എസ്. രാജീവ് പ്രഭാഷണം നടത്തും.
https://www.facebook.com/Malayalivartha


























