പാലത്തിന്റെ ബലക്ഷയം; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി-തുരങ്കപാതയുടെ സര്‍വേയ്‌ക്കെത്തിയ സംഘത്തിന് കുണ്ടന്‍തോട് തൂക്കുപാലം കടക്കാനായില്ല

മറിപ്പുഴയില്‍, ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി-തുരങ്കപാതയുടെ നിര്‍മാണത്തിന്റെ ഭാഗമായി സര്‍വേയ്ക്കു എത്തിയ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ സംഘത്തിലെ എന്‍ജിനീയര്‍മാര്‍ക്ക്് കുണ്ടന്‍തോട് തൂക്കുപാലം കടക്കാന്‍ കഴിഞ്ഞില്ല.
കാലപ്പഴക്കത്താല്‍ ബലക്ഷയം നേരിടുന്ന തൂക്കുപാലം കടക്കാനാവാത്തതിനാല്‍ കുണ്ടന്‍തോട്ടില്‍ എത്താനായില്ല. ഉദ്യോഗസ്ഥസംഘം തൂക്കുപാലത്തിലൂടെ നടന്ന് പാലത്തിന്റെ പകുതി ഭാഗത്ത് എത്തിയപ്പോളാണ് പഴക്കം ചെന്ന പാലത്തിന് ബലക്ഷയമുണ്ടെന്നു കണ്ട് പാലം കടക്കാതെ തിരിച്ചു പോന്നത്.
കമുകിന്റെ അലകാണ് ഇരുമ്പ് വടത്തില്‍ തൂങ്ങിക്കിടക്കുന്ന തൂക്കുപാലത്തിന് ചവിട്ടി നടക്കാന്‍ ഇട്ടിരുന്നത്. വീതികുറഞ്ഞ കമുകിന്റെ അലകിലൂടെ നടക്കുമ്പോള്‍ പാലം ആടി ഉലയുന്നതും പുഴയിലെ ശക്തമായ ഒഴുക്കും മുന്‍പരിചയമില്ലാത്തവര്‍ക്ക് ഭയപ്പാടുണ്ടാക്കും.
ഇന്നു തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണി ചെയ്തു പാലത്തിന്റെ ബലക്ഷയം മാറ്റി യാത്രായോഗ്യമാക്കുമെന്ന് തിരുവമ്പാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടോമി കൊന്നയ്ക്കല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























