ബില്‍ അടയ്ക്കാന്‍ ഉപയോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയ കെഎസ്ഇബി അധികൃതര്‍ക്ക് ആശയക്കുഴപ്പം

ഉപയോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കാനായി, പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫിസുകള്‍, കേന്ദ്രീകൃത സംവിധാനത്തിലൂടെ പണമടയ്ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മാത്രം കെഎസ്ഇബി അക്കൗണ്ടിലേക്ക് പണമടയ്ക്കാന്‍ അനുവാദമുള്ള എന്‍ഇഎഫ്ടി ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയ കെഎസ്ഇബി അധികൃതര്‍ പുലിവാല്‍ പിടിച്ചു. എന്‍ഇഎഫ്ടി (നാഷനല്‍ ഇലക്ട്രോണിക്സ് ഫണ്ട് ട്രാന്‍സ്ഫര്‍) ആയി അക്കൗണ്ടിലെത്തിയ പണം ആരുടേതെന്ന് അറിയാന്‍ കഴിയാത്തതാണ് ചില സെക്ഷന്‍ ഓഫിസുകളെ കുഴക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളാണ് പ്രധാനമായും എന്‍ഇഎഫ്ടി സൗകര്യം ഉപയോഗിക്കുന്നത്. സ്വകാര്യവ്യക്തികള്‍ ബില്‍ അടയ്ക്കാന്‍ ഈ മാര്‍ഗം സ്വീകരിക്കരുതെന്ന് വകുപ്പ് തന്നെ നിര്‍ദേശിക്കുന്നുമുണ്ട്. ഇങ്ങനെ ബില്‍ അടച്ചാല്‍ ഉപയോക്താവിന്റെ പേരോ കണ്‍സ്യൂമര്‍ നമ്പറോ ഓഫിസില്‍ അറിയാന്‍ കഴിയില്ല എന്നതാണ് പ്രധാന പ്രശ്‌നം.
എന്നാല്‍, കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിവിധ സെക്ഷന്‍ ഓഫിസുകള്‍ ബാങ്ക് വഴി തുക അടയ്ക്കാന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടത്. കോട്ടയ്ക്കല്‍ സെക്ഷനിലെ അക്കൗണ്ടില്‍ മാത്രം ഇങ്ങനെ പണമടച്ചതിന്റെ ഭാഗമായി 15 ലക്ഷം രൂപയോളം വന്നു ചേര്‍ന്നിട്ടുണ്ട്. ഉപയോക്താക്കള്‍ പണമടച്ചതിന്റെ രേഖ ഹാജരാക്കിയാല്‍ പുതിയ ബില്ലില്‍ ഈ തുക കുറച്ചുകൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























