കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെയും അവരുടെ ബന്ധുക്കളെയും സ്വാധീനിക്കാൻ ശ്രമിച്ചത് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ അനന്തരവൻ! തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് അടുത്തടുത്ത ദിവസങ്ങളിൽ 5 സിം കാർഡ് വാങ്ങി... 5 സിമ്മുകളിൽ നിന്നും ഓരോ തവണ മാത്രമാണ് വിളിച്ചതും; തെളിവുകൾ രഹസ്യാന്വേഷണ വിഭാഗം ഡിജിപിക്കു കൈമാറി....

മലയാള സിനിമയിൽ കോളിളക്കമുണ്ടാക്കിയ നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടരുകയാണ്. നടന്‍ ദിലീപ് കേസിലെ പ്രതിയാണ്. ദിലീപിനെതിരെയുള്ള മൊഴിയാണ് ഭാമ, സിദ്ദീഖ്, ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ മാറ്റിപ്പറഞ്ഞത്. തൊട്ടുപിന്നാലെ സോഷ്യൽമീഡിയയിൽ പ്രതിഷേധം ആളിക്കത്തുകയായിരുന്നു. ഇപ്പോഴിതാ കേസിൽ മുതിർന്ന രാഷ്ട്രീയ നേതാവിന്റെ അനന്തരവൻ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനുള്ള തെളിവുകൾ രഹസ്യാന്വേഷണ വിഭാഗം ഡിജിപിക്കു കൈമാറി. കോടതിയിൽ മൊഴി മാറ്റിപ്പറയാൻ ഭീഷണിയുള്ളതായി കേസിലെ നിർണായക സാക്ഷി ബേക്കൽ പൊലീസിനു പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണത്തിലാണു കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
ബേക്കലിലെ സാക്ഷിയെ ഫോണിൽ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച സിം കാർഡിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. കൊല്ലം സ്വദേശിയായ ഇയാളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് അടുത്തടുത്ത ദിവസങ്ങളിൽ 5 സിം കാർഡ് വാങ്ങിയതായി തെളിഞ്ഞു. സിം കാർഡ് ഉടമയെ ചോദ്യം ചെയ്തപ്പോൾ രാഷ്ട്രീയ നേതാവിന്റെ ബന്ധു പറഞ്ഞിട്ടാണ് അതു വാങ്ങി നൽകിയതെന്നു മൊഴി നൽകി. തുടർന്ന്, 5 സിമ്മുകളിൽ നിന്നും ഓരോ തവണ മാത്രമാണു വിളിച്ചതെന്നു സൈബർസെൽ കണ്ടെത്തി. കേസിലെ സാക്ഷികളെയും അവരുടെ ബന്ധുക്കളെയുമാണു വിളിച്ചത്.
അതേസമയം കേസില്‍ വിചാരണക്കോടതിക്കെതിരെ ആരോപണവുമായി പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിചാരണയടക്കമുള്ള തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി ഫയല്‍ ചെയ്തു. കോടതിയില്‍നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അസാധാരണമായ നടപടിയാണ് കേസില്‍ ഉണ്ടായിരിക്കുന്നത്. വിചാരണ മാറ്റണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഹൈക്കോടതിയില്‍ ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ നല്‍കുമെന്നും അതുവരെ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. 182-ാമത്തെ സാക്ഷിയെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. ഈ ഘട്ടത്തില്‍ പ്രോസിക്യൂഷന് എതിരെയുള്ള ഒരു കത്ത് കോടതി വായിച്ചു.
മാത്രമല്ല, പ്രോസിക്യൂഷനെതിരെ ഒട്ടും അടിസ്ഥാനമില്ലാത്തതും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങള്‍ കോടതി ഉന്നയിച്ചെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സുതാര്യമായ വിചാരണ കോടതിയില്‍ നടക്കുമെന്ന് കരുതുന്നില്ല. ഇരയ്ക്ക് നീതി ലഭ്യമാകും എന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി ഇന്നുതന്നെ കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന. ഹര്‍ജിയില്‍ കോടതി എന്ത് നിലപാട് എടുക്കും എന്നതും സുപ്രധാനമാണ്. കോടതി നടപടികള്‍ മറ്റൊരു കോടതിയിലേയ്ക്ക് മാറ്റുക എന്നതാണ് ട്രാന്‍സ്ഫര്‍ പെറ്റീഷന്‍റെ ലക്ഷ്യം. കേസില്‍ വളരെ വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍ നീണ്ടുപോയിരുന്നു. അതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍.
https://www.facebook.com/Malayalivartha