സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?

എന്നാലും ഇവർക്കിതെങ്ങിനെ സാധിച്ചു?! ഹിറയും നവാസും കാലങ്ങളായി ഞങ്ങളോടൊപ്പമുള്ള സുഹൃത്തുക്കളാണ്. നാട്ടുകാർ എന്നതിലുപരി നവാസും എന്റെ ഹസ്ബൻഡും ഒരുമിച്ചാണ് ആമസോണിൽ ജോലി ചെയുന്നത്, ഹിറയാവട്ടെ നാത്തൂൻ നഹ്‌ലയുടെ സഹപാഠിയും. പഠനത്തിലെന്നപോലെ പഠ്യേതര വിഷയങ്ങളിലും മിടുക്കിയാണ് ഹിറാ എന്ന് നാത്തൂൻ അന്ന് മുതലേ പറയാറുള്ള കാര്യമാണ്. നവാസാവട്ടെ കുറഞ്ഞ കാലം കൊണ്ട് ജോലിയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞ ഒരുപാട് കഴിവുകളുള്ള ഒരാളും. കോവിഡിനും മുമ്പ് ഹൈദരാബാദിൽ ആയിരുന്ന സമയത്തു തുടങ്ങിയ സൗഹൃദം (2019) കോവിഡിന് ശേഷം വർക്ക് ഫ്രം ഹോം ആയപ്പോൾ ഫോണിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും അത് നിലനിർത്തിപോന്നു.
അവരോടും കുഞ്ഞുമക്കളോടുമുള്ള ഇഷ്ടം കൊണ്ടുതന്നെ, അവരുടെ ചെറിയ, വലിയ അച്ചീവ്മെന്റുകളും കുട്ടികളുടെ കളിചിരികളും ഒരുപാട് സന്തോഷം നൽകാറുണ്ട്. പ്രകൃതിയോടിണങ്ങി മഴയത്തു സൈക്കളും ചവിട്ടി വെള്ളത്തിലും കളിച്ചു അവരുടെ കുട്ടികൾ നടക്കുന്നത് കാണുമ്പോൾ എന്റെ ബാല്യവും ഇങ്ങനെത്തന്നെ ആയിരുന്നല്ലോ എന്ന് വിചാരിക്കാറുണ്ട്.
നാട്ടിലെ അറിയപ്പെട്ട മരംകേറി ആയിരുന്ന ഞാൻ അങ്ങകലെ ഉത്തരേന്ത്യയിൽ അലിഗഡിലെ ഫ്ലാറ്റിൽ ഒതുങ്ങി കൂടേണ്ടി വന്നതോർത്തു സങ്കടപ്പെടാറുണ്ട്, എന്റെ മക്കൾക്ക് പ്രകൃതിയുമായി ഇഴുകിചേരാൻ, ഗ്രാമീണതയും പച്ചപ്പും ആസ്വദിക്കാൻ അവസരം കിട്ടാത്തതിനെ ഓർത്തു വിലപിക്കാറുണ്ട്. എപ്പോഴെങ്കിലും വീണുകിട്ടുന്ന മഴ ആസ്വദിക്കാൻ അവരെ ടെറസിലേക്ക് കൊണ്ടുപോകാറുമുണ്ട്. പക്ഷെ ഇതൊന്നും, അവർക്കൊരു അസുഖം വന്നാൽ പ്രോപ്പർ ആയി ചികില്സിക്കുന്നതിൽ നിന്ന് എന്നെ പിന്തിരിപ്പിച്ചിട്ടില്ല. അസുഖത്തിന്റെ സ്വഭാവം അനുസരിച്ചു അതിൽ ഏറ്റവും പ്രഗത്ഭരായ ഡോക്ടർമാർ ആരാണെന്നാണ് ഞാൻ ആദ്യം തിരയുക. ഹിറയോടും കുടുംബത്തോടുമുള്ള ഞങ്ങളുടെ ഏക വിയോജിപ്പും ഈ വിഷയത്തിൽ മാത്രമായിരുന്നു.
എന്റെ ഓർമയിൽ 2021 ലാണ് ഒരു ഫോൺകാളിനിടയിൽ ഹിറാ അക്യുപഞ്ചറിനെ കുറിച്ച് എന്നോട് പറയുന്നത്. അക്കാലത്തു ഞങ്ങളുടെ രണ്ടുപേരുടെയും പൊതു പ്രശ്നമായ ശരീര ഭാരം കൂടുന്നത് തന്നെയായിരുന്നു അന്നത്തേയും ചർച്ച. ആ അടുത്ത് കണ്ട ഏതോ ഒരു സ്റ്റാറ്റസിൽ അവൾ മെലിഞ്ഞതായി എനിക്ക് തോന്നി. എന്ത് ഡയറ്റ് പ്ലാൻ ആണ് ചെയ്യുന്നത് എന്ന എന്റെ ചോദ്യത്തിൽ നിന്നാണ് ആ സംഭാഷണം ആരംഭിക്കുന്നത്. ഉമ്മ അക്യുപഞ്ചർ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നും താൻ അത് പരീക്ഷിച്ചു വിജയിച്ചതാണെന്നും തുടങ്ങി അത് നടപ്പിലാക്കിയ രീതികളൊക്കെ പറയുകയുണ്ടായി.
കേട്ടപ്പോൾ എനിക്കും കുറച്ചു interesting ആയി തോന്നി എങ്കിലും അതിനെ കുറിച്ച് വിശദമായി ഒന്ന് പഠിക്കണം എന്ന് കരുതി. ആ അന്വേഷണം ചെന്നെത്തിയത് ഒരുപാട് മിത്തുകളോട് കൂടിയ പരമ്പരാഗത ചൈനീസ് ചികിത്സ രീതിയിലാണ്. അതിന്റെ ഗുണങ്ങളും പരിമിതികളും അന്ന് ശ്രദ്ധയിൽ പെട്ടിരുന്നു. Modern Medicine ൽ ബിരുദവും ബിരുധാനാന്തര ബിരുദവും എടുത്തവർ അത് കഴിഞ്ഞു additional course എന്ന രീതിയിൽ പല രാജ്യങ്ങളിലും ഇത് പഠിക്കാറുണ്ട് എന്ന് ഞാൻ മനസ്സിലാക്കി. എന്നാൽ, അപ്പൊ മുതൽ തോന്നിയ സംശയമാണ് മൂന്ന് മാസം കൊണ്ടോ ആറു മാസം കൊണ്ടോ ഒക്കെ ഇതെങ്ങിനെ പഠിച്ചെടുക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യുക എന്നതാണ്.
അതിനെ കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിലേക്ക് കടന്നപ്പോൾ എന്റെ മുന്നിലേക്ക് എത്തിയ കാര്യങ്ങളിൽ പലതും അക്യുപഞ്ചറിന്റെ പേരിൽ കേരളത്തിൽ നടക്കുന്ന, അതുമായി കാര്യമായി ബന്ധമൊന്നുമില്ലാത്ത അശാസ്ത്രീയ ചികിത്സ രീതികളെ കുറിച്ചുള്ള എഴുത്തുകളും പോസ്റ്റുകളും വീഡിയോകളുമൊക്കെയായിരുന്നു. അക്കാലത്തുതന്നെ ശുഐബ് റിയാലു എന്ന സ്വന്തം സർട്ടിഫിക്കറ്റിൽ സ്വന്തമായി ഒപ്പിട്ട കച്ചവടക്കാരനെ ഞാൻ മനസ്സിലാക്കിയിരുന്നു. പിന്നീടങ്ങോട്ട് പല സ്ഥലത്തും പല ഹിറാമാരെ ഞാൻ കണ്ടുമുട്ടി. നാട്ടിലെ പ്രധാന പാക്ക് പറിക്കാരനും, പാൽക്കാരനും, പണിയില്ലാത്തവരും പണമില്ലാത്തവരും ഒക്കെ രോഗികളെ ചികിത്സയ്ക്കുന്ന അതി ഭീകരമായ കാഴ്ച.
ആ കാലത്തൊക്കെ എന്റെ മുന്നിലെത്തുന്ന 'പഞ്ചറൊട്ടിക്കൽ' കാരോടൊക്കെ ശക്തമായി പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. അതിലേറ്റവും വലിയ കടമ്പയായിരുന്നു, ഇതിന് ഇസ്ലാമുമായി ഒരു ബന്ധവുമില്ല എന്ന് സ്ഥാപിച്ചെടുക്കൽ! ചിലരുടെ പ്രധാന വാദം അലോപ്പതിക്കാർ അനാവശ്യമായി ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുന്നു, പട്ടിണി കിടന്നാൽ ശരീരത്തിലെ എല്ലാ അസുഖങ്ങളും മാറും എന്നതാണ്. ഹദീസിന്റെ വെളിച്ചത്തിൽ എന്ന് പറഞ്ഞു ഈ വാദത്തെ സ്ഥാപിചെടുക്കുന്നത് ഇങ്ങനെയാണ്; 'രോഗികൾ ഭക്ഷണം കഴിക്കാതിരിക്കുക എന്നതാണ് പ്രവാചക വൈദ്യം.'
ഇതിനു യാഥാർഥ്യവുമായി ഒരു ബന്ധവുമില്ല എന്നതാണ് വാസ്തവം. രോഗികൾക്ക് നിർബന്ധിത ആരാധനാ കർമ്മമായ വൃതാനുഷ്ടാനം (നോമ്പ്) വരെ ഒഴിവാക്കാനുള്ള ഇളവ് നൽകിയ മതമാണ് ഇസ്‌ലാം. ഒരു അസുഖം വന്നാൽ ചികിത്സയുടെ ആദ്യപടി "എന്താണ് അസുഖം" എന്ന് കണ്ടുപിടിക്കലാണ്. പിരീഡ്‌സ് ആയപ്പോഴും, ectopic pregnancy (ട്യൂബ് പ്രഗ്നൻസി) ആയപ്പോഴും, appendicitis (അപ്പന്റിസൈറ്റിസ്) വന്നപ്പോഴും എനിക്കുണ്ടായ വയറുവേദന ഒരുപോലെയായിരുന്നു. കേരളത്തിലെ പ്രത്യേകതരം പഞ്ചറിസ്റ്റുകൾ പറയുന്ന പോലെ പട്ടിണി കിടന്നാലോ പഞ്ചഗുസ്‌തി നടത്തിയാലോ ഈ അസുഖങ്ങൾ തമ്മിലുള്ള മാറ്റങ്ങൾ കണ്ടുപിടിക്കാനോ ചികിൽസിച്ചു ഭേദമാക്കാനോ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നില്ല.
ഇനി ഹിറയിലേക്ക് തന്നെ തിരിച്ചു വരാം, അവരുടെ വീട്ടിലെ പ്രസവവും പിന്നെ വ്യാജ പഞ്ചറുകളുടെ ചുവടു പിടിച്ചുള്ള പോസ്റ്റുകളും സ്റ്റാറ്റസുകളും ഒക്കെ കാണുമ്പോൾ പലപ്പോഴും കൊമ്പു കോർക്കേണ്ടി വന്നിട്ടുണ്ട്. പോത്തിനോട് വേദമോതി എന്റെ സമയം കളയണ്ട എന്ന് കരുതി ignore ചെയ്തു വിട്ടിട്ടുമുണ്ട്. ഫോൺ മാറ്റിയതിനാൽ പഴയ ചാറ്റുകളൊന്നും കാണിക്കാൻ നിർവാഹമില്ല, അവസാനം ഞാൻ ഈ വിഷയവുമായി അവളോട് പ്രതികിച്ചത് കഴിഞ്ഞ ഡിസംബറിലാണ്, ആ സ്ക്രീൻഷോട്ട് ഞാൻ കമന്റ്ബോക്സിൽ പിൻ ചെയ്തു വെക്കാം.
Self healing അല്ലെങ്കിൽ എല്ലാം പ്രകൃതി തന്നെ ശരിയാക്കും എന്ന ഭ്രാന്തൻ ചിന്ത ഇത്തരക്കാരിൽ വല്ലാതെ വേരുറച്ചുപോയിട്ടുണ്ട്. ഈ പടുകുഴിലേക്ക് ഇവരെ നയിച്ച ഒരു ക്രിമിനൽ ഇതിനു പിന്നിലുണ്ട്, മോഹൻ വൈദ്യരുടെയും ജേക്കബ് വടക്കാഞ്ചേരിയുടെയും പിന്നിൽ നിഴൽ പോലെ നടന്ന് ഇപ്പൊ ഒറ്റകുത്തു പഞ്ചറൊട്ടിക്കലിന്റെ ഹോൾസെയിൽ വ്യാപാരി ശുഐബ് റിയാലു. ഉടൻ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ വലിയ അപകടമാണ് ഈ ഗജ ഫ്രോഡ്.
ഹിറയെയും നവാസിനെയും പോലെ അടുത്തറിയുന്നവർക്കൊക്കെ നല്ലതുമാത്രം പറയാനുള്ള, ഉയർന്ന വിദ്യാഭ്യാസവും സാമ്പത്തിക ഭദ്രതയുമുള്ള ആളുകൾ ഈ വലയിൽ എത്തിപ്പെടുകയും ഇത്തരം മണ്ടൻ ആശയങ്ങളെ അന്ധമായി വിശ്വസിക്കാനും അതിനെ പിൻപറ്റി പിന്നെ അത് പ്രചരിപ്പിക്കുന്ന വക്താക്കളായി മാറാനും തക്കവണ്ണം ബ്രൈൻ വാഷ് ചെയ്യപ്പെടുന്നുണ്ടെങ്കിൽ സാധാരണയിൽ സാധാരണക്കാരെ ഇവർ എത്ര പാട്ടിലാക്കിയിട്ടുണ്ടാകും! സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും?!
https://www.facebook.com/Malayalivartha